|    Jan 22 Sun, 2017 11:16 am
FLASH NEWS

സര്‍ക്കാര്‍ ചെലവിലൊരു സൂഫി സമ്മേളനം

Published : 21st March 2016 | Posted By: SMR

ദൈവത്തിനും അവന്റെ ദാസനായ മനുഷ്യനുമിടയിലെ അനന്തമായ ആത്മീയാന്വേഷണമാണ് സൂഫിസം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ ചിന്താധാരകളെ മാത്രമല്ല, ലോകത്തിലെ എല്ലാ സര്‍ഗാത്മകമണ്ഡലങ്ങളെയും സൗന്ദര്യസങ്കല്‍പങ്ങളെയും സൂഫി ചിന്തകള്‍ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. റൂമി, ഹാഫിസ്, ഖുസ്രു, ഗാലിബ് തുടങ്ങി ആത്മീയ ഭാവസൗന്ദര്യത്തിന്റെ കൊടുമുടിയേറിയ കവിശ്രേഷ്ഠന്‍മാര്‍ എത്രയെങ്കിലുമുണ്ട്. ഇത്തരമൊരു ആത്മീയസരണിയുടെ മഹാ പൈതൃകങ്ങളെയും പാരമ്പര്യത്തെയും ആഘോഷിക്കാനും വളര്‍ത്താനും ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അതു സ്വാഗതാര്‍ഹമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അത് സൂഫി പാരമ്പര്യം എക്കാലവും ഉയര്‍ത്തിപ്പിടിച്ച ആധ്യാത്മികവിശുദ്ധിയും സത്യസന്ധതയും നീതിബോധവും പ്രതിഫലിക്കുന്നതാവണം.
മേല്‍പ്പറഞ്ഞ അര്‍ഥത്തില്‍ വിലയിരുത്തുമ്പോഴാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ അരങ്ങേറിയ ലോക ആധ്യാത്മികസമ്മേളനം ചര്‍ച്ചാവിഷയമാവുന്നത്. പ്രത്യക്ഷത്തില്‍ ഓള്‍ ഇന്ത്യ ഉലമാ ആന്റ് മശായിഖ് ബോര്‍ഡും ലോക സൂഫി ഫോറവും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. ലോകസമാധാനം ശക്തിപ്പെടുത്തുക, അക്രമവും തീവ്രവാദവും നിരാകരിക്കുക, ബഹുസ്വരതയില്‍ ഐക്യപ്പെടുക, ഇസ്‌ലാമിന്റെ ആധ്യാത്മിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ ലക്ഷ്യമായി സംഘാടകര്‍ പ്രഖ്യാപിക്കുന്നത്. നേരത്തേ ഇന്ത്യയിലെ വഹാബികളെ ഭരണകൂടം അടിച്ചമര്‍ത്തണമെന്ന് മശായിഖ് ബോര്‍ഡിന്റെ മൗലാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.
സമ്മേളനത്തിന്റെ സംഘാടനത്തിനു പിന്നിലെ വ്യക്തികളെയും പങ്കെടുത്ത പ്രതിനിധികളെയും ശ്രദ്ധിച്ചാല്‍ അതിന്റെ ആന്തരാര്‍ഥങ്ങള്‍ എളുപ്പം വായിച്ചെടുക്കാനാവും. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, അദ്ദേഹത്തിന്റെ അനൗദ്യോഗിക രാഷ്ട്രീയ ഉപദേഷ്ടാവ് സുബ്രഹ്മണ്യന്‍ സ്വാമി എന്നിവരാണത്രെ സൂഫി വര്യന്‍മാര്‍. നേരം പുലര്‍ന്നാല്‍ മുസ്‌ലിംകളെ രണ്ടു തെറിപറഞ്ഞില്ലെങ്കില്‍ ദിനചര്യ തെറ്റിപ്പോവുന്ന സ്വാമി ഒരു ഇസ്‌ലാമിക സമ്മേളനത്തിനു കാര്‍മികത്വം വഹിക്കണമെങ്കില്‍ അത് എത്രമാത്രം ഇസ്‌ലാമികവിരുദ്ധവും മുസ്‌ലിംവിരുദ്ധവുമാകണം. അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആള്‍രൂപങ്ങള്‍ ഒത്തുകൂടിയ ഒരു മാമാങ്കത്തിന് സൂഫി സമ്മേളനം എന്നു പേരിടുമ്പോഴാണ് ആ കാപട്യത്തിന് പരിപൂര്‍ത്തിയാവുന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രിയടക്കമുള്ളവര്‍ സൂഫി പാരമ്പര്യത്തിലുള്ള ഇസ്‌ലാമിനെ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ ആരെയൊക്കെ ഭരണകൂടം എതിര്‍ക്കുന്നുവെന്ന് തെളിയുന്നുണ്ട്. അവിടെയെത്തിയ സര്‍വസംഗപരിത്യാഗികളായ സൂഫിവര്യന്മാരും രാഷ്ട്രീയ-സാമുദായിക മഹത്തുക്കളും പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു തങ്ങളുടെ ആധ്യാത്മികദിനങ്ങള്‍ കഴിച്ചുകൂട്ടിയിരുന്നതെന്നാണു പറയുന്നത്. ചെയ്ത പാപങ്ങള്‍ കഴുകിക്കളയാന്‍ അവര്‍ക്ക് അറേബ്യയിലെ ഏതൊക്കെ ലേപനങ്ങളാണ് ഇനിയും വേണ്ടിവരുകയെന്ന് ആരുകണ്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 454 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക