|    May 29 Mon, 2017 2:10 am
FLASH NEWS

സര്‍ക്കാര്‍ ഗ്രാന്റും ജീവനക്കാരുടെ ശമ്പളവും മുടങ്ങി; നിര്‍ഭയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Published : 29th February 2016 | Posted By: SMR

എ എം ഷമീര്‍ അഹ്മദ്

തൃശൂര്‍: ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്ന പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നിര്‍ഭയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഡല്‍ഹിയിലെ നിര്‍ഭയ സംഭവവുമായി ബന്ധപ്പെട്ടാണ് 2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ഭയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. കേരള മഹിളാ സമഖ്യാ സൊസൈറ്റിയുടെ കീഴിലായി സംസ്ഥാനത്ത് നിലവില്‍ എട്ടു നിര്‍ഭയ കേന്ദ്രങ്ങളാണു പ്രവര്‍ത്തിക്കുന്നത്. ഈ എട്ടു കേന്ദ്രങ്ങളിലായി 250 അന്തേവാസികള്‍ നിലവിലുണ്ട്.
കഴിഞ്ഞ മൂന്നു മാസമായി ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്ന ഗ്രാന്റ് ലഭിക്കുന്നില്ല. കേന്ദ്രത്തിലെ ജീവനക്കാര്‍ക്കാവട്ടെ ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. കേന്ദ്രം നടത്തിപ്പിനായുള്ള ചെലവുകളില്‍ തുടങ്ങി അന്തേവാസികളുടെ ആശുപത്രി ചെലവുകള്‍പോലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വന്തം പോക്കറ്റില്‍നിന്നാണ് ഇപ്പോള്‍ നല്‍കുന്നത്.
അന്തേവാസികളില്‍ ഏറെയും കൗമാരക്കാരായ പെണ്‍കുട്ടികളാണ്. ഇവരുടെ സ്വകാര്യാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍പോലും വാങ്ങിനല്‍കാന്‍ കഴിയുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഇതിനെല്ലാം പുറമേ അന്തേവാസികളെ ആശുപത്രികളിലും കോടതിയിലും സ്‌കൂളുകളിലേക്കും അയക്കുന്നതിനുള്ള യാത്രാച്ചെലവുകള്‍ വേറെ. 2000 രൂപയാണ് ഒരു പെണ്‍കുട്ടിയുടെ പ്രതിമാസച്ചെലവ് കണക്കാക്കി സര്‍ക്കാര്‍ നല്‍കിവന്നിരുന്നത്. പെണ്‍കുട്ടികളുടെ ആശുപത്രി ചെലവുകള്‍ക്കുപോലും ഈ പണം തികയാറില്ലെന്ന് നിര്‍ഭയാ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ ഈ പണംപോലും ലഭിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം മാത്രം അന്തേവാസികളില്‍ 19 പേര്‍ പ്രസവിച്ചു. എട്ടുപേരാണ് ഗര്‍ഭച്ഛിദ്രത്തിന് വിധേയരായത്.
അന്തേവാസികളില്‍ ഒരാള്‍ കാന്‍സര്‍ രോഗിയാണ്. ഈ കുട്ടിക്ക് മാത്രം ഒരുതവണ കീമോതെറാപ്പി ചെയ്യുന്നതിനായി 25000 രൂപയോളം ചെലവ് വരുന്നുണ്ട്. ഇതിനുപുറമേ ഏഴുപേര്‍ മാനസികാരോഗ്യം തകരാറിലായതിനെ തുടര്‍ന്ന് ചികില്‍സയിലാണ്. അന്തേവാസികളില്‍ എഴുപതു ശതമാനം പേരും കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. മാത്രമല്ല, മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് ഇവരെല്ലാവരും. ഇവര്‍ക്ക് വിദഗ്ധരായ മനശ്ശാസ്ത്രജ്ഞരുടെ സേവനം ആവശ്യമാണെന്ന് നേരേത്തതന്നെ അധികൃതര്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തിലും ഒരു നടപടിയും ഉണ്ടായില്ല.
നിലവില്‍ പേരിന് പാര്‍ടൈം ആയി ഒരു ലീഗല്‍ കൗണ്‍സിലറുടെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെയും സേവനം കേന്ദ്രത്തില്‍ നല്‍കുന്നുണ്ട്. ഒരു കേന്ദ്രത്തില്‍ രണ്ടു സുരക്ഷാജീവനക്കാരും ഒരു പാചകക്കാരിയും ഒരു ശുചീകരണ തൊഴിലാളിയുമടക്കം ഒമ്പത് ജീവനക്കാരാണുള്ളത്. സുരക്ഷാ ജീവനക്കാര്‍ക്ക് 5000 രൂപയാണ് നല്‍കുന്നത്. അന്തേവാസികളുടെ അവസ്ഥ പരിഗണിച്ചാണ് ഈ ശമ്പളത്തിലും ഇവര്‍ ജോലിയില്‍ തുടരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day