|    Dec 11 Tue, 2018 12:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സര്‍ക്കാര്‍ കണക്ക് തെറ്റ്; നിപാ മരണം 21 ആണെന്ന് റിപോര്‍ട്ട്

Published : 25th November 2018 | Posted By: kasim kzm

കോഴിക്കോട്: കേരളത്തെ പിടിച്ചുകുലുക്കിയ നിപാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആണെന്നും 23 പേര്‍ക്ക് രോഗം ബാധിച്ചിരുന്നതായും അന്താരാഷ്ട്ര പഠന റിപോര്‍ട്ട്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി മരിക്കുന്നതിനു മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റ് സുധ നിപാ ബാധിച്ച് മരിച്ചിരുന്നെന്നും റിപോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടിഷ് മെഡിക്കല്‍ ജേണല്‍, ദി ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്നിവയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണത്തെ തള്ളുന്ന രണ്ടു ഗവേഷണ പഠന റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 19 പേര്‍ക്കു നിപാ വൈറസ് ബാധിച്ചുവെന്നും ഇതില്‍ 17 പേര്‍ മരിച്ചെന്നും രണ്ടു പേര്‍ രക്ഷപ്പെട്ടെന്നുമായിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. നിപാ തിരിച്ചറിയപ്പെടുന്നതിനു മുമ്പുതന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ്, പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിപാ ബാധിതര്‍ മരിച്ചിരുന്നുവെന്നാണ് ഒക്ടോബര്‍ 26, നവംബര്‍ 9 തിയ്യതികളില്‍ പ്രസിദ്ധീകരിച്ച പഠന റിപോര്‍ട്ടുകള്‍ പറയുന്നത്.
ആറാമത്തെ രോഗിയായ സാലിഹില്‍ എത്തിയപ്പോള്‍ മാത്രമേ രോഗം തിരിച്ചറിയപ്പെട്ടുള്ളൂ. എന്നാല്‍, ആരോഗ്യ വകുപ്പിന്റെ റിപോര്‍ട്ട് അനുസരിച്ച് മെയ് 5ന് മരിച്ച മുഹമ്മദ് സാബിത് ആണ് കേരളത്തിലെ ആദ്യ നിപാ രോഗി. സാബിത് നിപാ ബാധിച്ചാണ് മരിച്ചതെങ്കിലും ഇദ്ദേഹത്തിന്റെ സാംപിളുകള്‍ പരിശോധിക്കാന്‍ സാധിക്കാതിരുന്നതിനാലാണ് എണ്ണം 17 ആയത്. രണ്ടാമത്തെ രോഗിയില്‍ തന്നെ നിപാ തിരിച്ചറിഞ്ഞുവെന്ന ആരോഗ്യ വകുപ്പിന്റെ അവകാശവാദം തെറ്റാണെന്ന് റിപോര്‍ട്ട് സൂചിപ്പിക്കുന്നു.
രോഗം ബാധിച്ച് ആദ്യമായി മരിച്ച ആരോഗ്യ പ്രവര്‍ത്തകയെന്ന് ആരോഗ്യ വകുപ്പ് പറയുന്ന നഴ്‌സ് ലിനിക്കു മുമ്പേ കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റ് മരിച്ചിരുന്നതായും റിപോര്‍ട്ടിലുണ്ട്. ഇവരാണ് രോഗം ബാധിച്ച് മരിച്ച ആദ്യ ആരോഗ്യ പ്രവര്‍ത്തക. മെയ് 20നാണ് ലിനി മരിച്ചത്. എന്നാല്‍, 19നായിരുന്നു റേഡിയോളജി അസിസ്റ്റന്റ് സുധയുടെ മരണം. ലോകാരോഗ്യ സംഘടന വരെ നഴ്‌സ് ലിനിയുടെ സേവനത്തെ വാഴ്ത്തുകയും അവരുടെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സുധയുടെ കാര്യം സര്‍ക്കാര്‍ കണക്കില്‍ എവിടെയുമില്ല.
കേരള സര്‍ക്കാരിലെ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനുമായ രാജീവ് സദാനന്ദന്‍, വൈറോളജി ശാസ്ത്രജ്ഞനായ അരുണ്‍ കുമാര്‍, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ കൈല ലാസേഴ്‌സണ്‍, കാതറിന്‍ എന്നിവരും കേന്ദ്ര ആരോഗ്യ വകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപിഡമോളജി, നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങി 15ഓളം പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരും ചേര്‍ന്നു തയ്യാറാക്കിയതാണ് റിപോര്‍ട്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss