|    Feb 23 Fri, 2018 5:58 am
FLASH NEWS
Home   >  Editpage  >  Editorial  >  

സര്‍ക്കാര്‍ ഓഫിസുകളിലെ വിജിലന്‍സ് സംവിധാനം

Published : 22nd January 2017 | Posted By: fsq

 

സംസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം നടപ്പാക്കണമെന്ന സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലര്‍ പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ആശാവഹം തന്നെയാണ്. കേരളം ഏതു മുന്നണി ഭരിച്ചാലും സര്‍ക്കാര്‍ ഓഫിസുകളിലെ കൈക്കൂലി സമ്പ്രദായം ഏറ്റക്കുറച്ചിലോടെ ഇന്നും തുടര്‍ന്നുകൊേണ്ടയിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ കൈക്കൂലി ലഭിക്കുന്നതിനു വേണ്ടി കണ്ടെത്തിയിട്ടുള്ള ലളിതമായ മാര്‍ഗങ്ങളിലൊന്നാണ് തങ്ങള്‍ക്കു മുമ്പാകെ ലഭിക്കുന്ന അപേക്ഷകള്‍ ദിവസങ്ങളോളം യാതൊരുവിധ നടപടികളും സ്വീകരിക്കാതെ സൂക്ഷിക്കുക എന്നുള്ളത്. അത്തരം അപേക്ഷകളില്‍ അധികവും അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുമാകയാല്‍ അപേക്ഷകന്‍ തങ്ങള്‍ ആവശ്യപ്പെടുന്ന കൈക്കൂലി നല്‍കാന്‍ തയ്യാറാവുമെന്നുതന്നെയാണ് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ വിശ്വാസം. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഈയൊരു അവസ്ഥയ്ക്ക് അല്‍പം മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അത്ര മോശമല്ല. ജീവനക്കാര്‍ ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടി കൈക്കൂലി വാങ്ങുന്നത് നിത്യനിദാനചെലവുകള്‍ക്കുപോലും ആവശ്യമായ പണം കിട്ടാത്തതിനാല്‍ കടക്കെണിയിലായ സാധാരണക്കാരോടുമാണ്. സര്‍ക്കാര്‍ ഓഫിസുകളിലെ അഴിമതികള്‍ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഓരോ ഓഫിസിലും ജീവനക്കാര്‍ പണമായോ ഉപഹാരമായോ കൈക്കൂലി ആവശ്യപ്പെട്ടാല്‍ വിജിലന്‍സ് ഓഫിസര്‍മാരെ ബന്ധപ്പെടുന്നതിന് ടെലിഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ച മഞ്ഞ ബോര്‍ഡുകള്‍ കാണാം. എന്നാല്‍, അത്തരം ബോര്‍ഡുകളില്‍ നോക്കി ഏതെങ്കിലും ഉദ്യോഗസ്ഥനെതിരായി ആരെങ്കിലും പരാതി വിളിച്ചുപറഞ്ഞതായി കേട്ടിട്ടില്ല. വിജിലന്‍സില്‍ പരാതി പറഞ്ഞാല്‍ നടപടി ഉണ്ടാവാനുള്ള കാലതാമസവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പ്രതികാര നടപടികള്‍ നേരിടേണ്ടിവരുമെന്ന ഭയവുമാണ് പരാതി പറയുന്നതില്‍നിന്നു ജനങ്ങള്‍ പിന്തിരിയാനുള്ള പ്രധാന കാരണം. രാവിലെ ഒരു മണിക്കൂര്‍ വൈകിയെത്തുകയും വൈകുന്നേരം അരമണിക്കൂര്‍ നേരത്തേ പോവുകയും ചെയ്യുന്നവരാണ് സെക്രേട്ടറിയറ്റില്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍ അധികവും എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് സെക്രേട്ടറിയറ്റില്‍ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ ഇ കെ നായനാര്‍  തീരുമാനിച്ചിരുന്നത്. എന്നാല്‍, രാഷ്ട്രീയമായി ചേരിതിരിഞ്ഞ് അധരയുദ്ധം ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം തന്നെ സെക്രേട്ടറിയറ്റിലെ പഞ്ചിങ് സംവിധാനം ഒറ്റക്കെട്ടായി നിന്ന് ചെറുത്തുതോല്‍പിച്ചു. തങ്ങളെ ഏല്‍പ്പിച്ച ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുന്നതിനും തൊഴില്‍സ്ഥാപനങ്ങളില്‍ സമയക്രമം പാലിക്കുന്നതിനും തയ്യാറാവാത്തവരായി കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലെ മറ്റാരും ഉണ്ടാവാനിടയില്ല. ഇത്തരം ഉദ്യോഗസ്ഥര്‍ മേലധികാരികളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം എത്രത്തോളം സത്യസന്ധമായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനെ വിളിച്ചുവരുത്തി അവരുടെ കൃത്യനിര്‍വഹണത്തെ സംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാന്‍ തയ്യാറായ മുഖ്യമന്ത്രി സംസ്ഥാനത്തെ സെക്രേട്ടറിയറ്റ് മുതല്‍ താഴെ തലം വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളിലും സേവനാവകാശനിയമം നടപ്പാക്കാന്‍ തയ്യാറാവേണ്ടതുണ്ട്. വീഴ്ചവരുത്തുന്നവര്‍െക്കതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറായാല്‍ കൈക്കൂലി സമ്പ്രദായം ഒരു പരിധിവരെ നിയന്ത്രിക്കാം. പഞ്ചിങ് സംവിധാനം മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാവണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss