|    Apr 26 Thu, 2018 3:59 am
FLASH NEWS

സര്‍ക്കാര്‍ ഓഫിസിന് ഭൂമി സൗജന്യമായി നല്‍കി പ്രവാസി യുവാവ്

Published : 29th August 2016 | Posted By: SMR

മാനന്തവാടി: പൊന്നുംവില നല്‍കിയാല്‍ പോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഭൂമി വിട്ടുനല്‍കാനൊരുക്കമില്ലാത്ത കാലത്ത് സൗജന്യമായി 10 സെന്റ് സ്ഥലം സര്‍ക്കാര്‍ ഓഫിസിന് നല്‍കി മാതൃകയാവുകയാണ് തൊണ്ടര്‍നാട് കോറോം സ്വദേശിയായ പ്രവാസി യുവാവ്.
ലക്ഷക്കണക്കിന് രൂപ വിലവരുന്ന കോറോം ടൗണിലെ പാലേരി പാതയോരത്തെ ഭൂമിയാണ് തൊണ്ടര്‍നാടിന് അനുവദിച്ച കെഎസ്ഇബി സെക്ഷന്‍ ഓഫിസിനായി സൗജന്യമായി വിട്ടുനല്‍കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി സൗദിയിലെ ജിദ്ദയില്‍ ജോലി ചെയ്തുവരുന്ന കോരന്‍കുന്നന്‍ ജാഫറാണ് പ്രദേശത്തിന്റെ വികസനം മോഹിച്ച് ഭൂമി സര്‍ക്കാരിന് നല്‍കുന്നത്. തൊണ്ടര്‍നാടിന് പുതുതായി കെഎസ്ഇബി സെക്ഷന്‍ ഓഫിസെന്നത് ദീര്‍ഘകാലമായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു.
ഇത് അംഗീകരിച്ചു കിട്ടിയപ്പോള്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയെന്നതു നാട്ടുകാരുടെ കൂടി ഉത്തരവാദിത്തമായി. ഈ സാഹചര്യത്തിലാണ് പൊതു ആവശ്യത്തിന് പിതാവ് അമ്മദ് ഹാജിയുടെ സ്മരണാര്‍ഥം സൗജന്യമായി സ്ഥലം നല്‍കാന്‍ ജാഫര്‍ മുന്നോട്ടുവന്നത്.
പൊതുവിപണിയില്‍ 10 ലക്ഷത്തോളം വിലവരുന്ന ഭൂമിയാണ് ജാഫര്‍ സര്‍ക്കാരിന് കൈമാറുന്നത്.
കോറോം ടൗണിലെത്തുന്നവര്‍ക്ക് എളുപ്പത്തിലെത്തിച്ചേരാന്‍ കഴിയുന്ന ഈ ഭൂമിയുടെ രേഖ സെക്ഷന്‍ ഓഫിസ് ഉദ്ഘാടനത്തിനെത്തുന്ന വൈദ്യുതി മന്ത്രിക്ക് ഇന്നു നടക്കുന്ന ചടങ്ങില്‍ ജാഫര്‍ കൈമാറും.
പുതിയ കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാവുന്നതു വരെ വാടകയൊന്നുമില്ലാതെ ഓഫിസ് പ്രവര്‍ത്തിക്കാന്‍ ടൗണില്‍ കെട്ടിടം നല്‍കിയിരിക്കുന്നത് അത്തിലന്‍ സുബൈര്‍ ആണ്.
ഇന്നു വൈകീട്ട് അഞ്ചിനാണ് സെക്ഷന്‍ ഓഫിസ് ഉദ്ഘാടനം.’ആശിക്കും  ഭൂമി  ആദിവാസിക്ക്’  പദ്ധതി സമഗ്രാന്വേഷണം നടത്തണമെന്ന് എംഎല്‍എ
കല്‍പ്പറ്റ: ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനായി നടപ്പാക്കിയ ‘ആശിക്കും ഭൂമി ആദിവാസിക്ക്’ പദ്ധതിയില്‍ നടന്ന തട്ടിപ്പ് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നു സി കെ ശശീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. അരിവാള്‍ രോഗികള്‍ക്കുള്ള ഭൂമിയെടുപ്പ് സംബന്ധിച്ചും അന്വേഷണം നടത്തണം.
യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികളില്‍ കോടികളുടെ അഴിമതിയാണ് നടത്തിയത്. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക, ജില്ലാ നേതാക്കളും ഉദ്യോഗസ്ഥ ലോബിയും ഇതില്‍ പങ്കാളികളാണ്.
കോടികള്‍ ഇതിലൂടെ സംഘം കൈക്കലാക്കിയപ്പോള്‍ വഞ്ചിക്കപ്പെട്ടത് ജില്ലയിലെ ആദിവാസികളാണ്. തുച്ഛമായ വിലയ്ക്ക് വാസയോഗ്യമല്ലാത്ത ഭൂമി വാങ്ങിക്കൂട്ടി വന്‍ തുകക്ക് സര്‍ക്കാരിലേക്ക് നല്‍കുകയാണ് പലയിടത്തും ചെയ്തത്. ഇതിനു പുറമെ സ്ഥലമുടമകളോട് കുറഞ്ഞ വില പറഞ്ഞുറപ്പിച്ച് ഇരട്ടിയിലേറെ തുക സര്‍ക്കാരില്‍ നിന്നു തട്ടിയെടുക്കുകയും ചെയ്തു.  വന്യമൃഗശല്യം രൂക്ഷമായ ഭൂമിയടക്കം ആദിവാസികളുടെ തലയില്‍ കെട്ടിവച്ചു. പദ്ധതിയുടെ തുടക്കം മുതല്‍ ഇടപാടുകള്‍ സുതാര്യമാക്കണമെന്നും അഴിമതിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചില ട്രൈബല്‍-റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പദ്ധതി അട്ടിമറിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത്.
ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ ഈ കൊള്ള സമഗ്രമായ അന്വേഷണത്തിലൂടെയേ പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ. ആശിക്കും ഭൂമി പദ്ധതിയും അരിവാള്‍ രോഗികള്‍ക്ക് ഭൂമി വാങ്ങിയ പദ്ധതിയും പൂര്‍ണമായി പുനപ്പരിശോധനയ്ക്ക് വിധേയമാക്കണം- സി കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss