|    Nov 20 Tue, 2018 11:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

Published : 2nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റിനുള്ളിലെ ഫാമിലി പ്ലാസ്റ്റിക് നിര്‍മാണ യൂനിറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. വന്‍ സുരക്ഷാവീഴ്ചയുണ്ടായതായാണു വിലയിരുത്തല്‍. തീപ്പിടിത്തം പ്രത്യേക പോലിസ് സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
അട്ടിമറി സംശയത്തെ തുടര്‍ന്ന് അഗ്നിസുരക്ഷാസേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസിപിആര്‍ ആദിത്യയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമ്മീഷണറാവും അന്വേഷണ ഉദ്യോഗസ്ഥന്‍. ഫോറന്‍സിക് വിദഗ്ധരും പ്രത്യേക അന്വേഷണസംഘത്തിലുണ്ടാവുമെന്ന് ഡിജിപി അറിയിച്ചു. ഇത്തരം തീപ്പിടിത്ത അന്വേഷണത്തില്‍ വിദഗ്ധരായ കേരളത്തിനു പുറത്തുള്ള ഏജന്‍സികളുടെ സഹായത്തോടുകൂടി വിശദമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ അറിയിച്ചു. അഗ്നിശമനസേനയുടെ ടെക്‌നിക്കല്‍ വിഭാഗം ഡയറക്ടര്‍ പ്രസാദിനാണ് അന്വേഷണച്ചുമതല. തീയണഞ്ഞശേഷം ഫാക്ടറിയില്‍ ഫോറന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം, അടുത്തടുത്ത ദിവസങ്ങളില്‍ ഫാക്ടറിയില്‍ തീപ്പിടിത്തമുണ്ടായത് ദുരൂഹമാണെന്നാണ് കമ്പനി പ്രതിനിധികള്‍ പറയുന്നത്. സാധാരണഗതിയില്‍ തൊഴിലാളികളുടെ സാന്നിധ്യം ഉണ്ടാവാത്ത ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. തീപ്പിടിത്തത്തില്‍ 500 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണു കണക്കാക്കുന്നത്.
കമ്പനി പ്രവര്‍ത്തിച്ചിരുന്ന അഞ്ചുനില കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിന്റെ ഗുരുതര വീഴ്ചയാണ് അഗ്നിബാധയ്ക്കു കാരണമെന്നാണു വിലയിരുത്തല്‍. ഫാക്ടറിയിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളില്‍ വീഴ്ചയുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തി. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള അഗ്നിശമനസംവിധാനങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് രണ്ടുവര്‍ഷം മുമ്പ് ഫാക്ടറിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതു പാലിച്ചിട്ടില്ലെന്നാണു കണ്ടെത്തല്‍. തുടര്‍പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ക്കും വീഴ്ചയുണ്ടായെന്നും വിലയിരുത്തലുണ്ട്. തീപ്പിടിത്തമുണ്ടായപ്പോള്‍ തൊട്ടടുത്തുള്ള കഴക്കൂട്ടം ഫയര്‍ യൂനിറ്റില്‍ വിവരം അറിയിച്ചത് വൈകിയാണ്.
അതേസമയം, വ്യവസായകേന്ദ്രങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണു ചെയ്യേണ്ടതെന്നു പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അപകടസ്ഥലം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss