|    Oct 22 Sun, 2017 2:45 am

സര്‍ക്കാര്‍ ഉത്തരവ് റോഡ് നിര്‍മാണത്തിന് എതിരാണെന്ന് ആക്ഷേപം

Published : 6th March 2016 | Posted By: SMR

ചെറുതോണി: ഇടുക്കി ഉടുമ്പന്നൂര്‍ റോഡിന് ഭരണാനുമതി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള ഉത്തരവ് റോഡ് നിര്‍മാണത്തിന് അനുകൂലമല്ലെന്നു ആക്ഷേപമുയര്‍ന്നു. കൂടുതല്‍ സങ്കീര്‍ണതകളിലേയ്ക്ക് വലിച്ചിഴച്ച് റോഡ് നിര്‍മാണം എന്നന്നേയ്ക്കുമായി തടസ്സപ്പെടുത്തുന്ന രീതിയിലുള്ളതാണെന്നു ചൂണ്ടിക്കാട്ടി അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിയാണ് രംഗത്തു വന്നിരിക്കുന്നത്.
മാര്‍ച്ച് മൂന്നിന് പുറത്തിറങ്ങിയ ജിഒ (ആര്‍ടി) നമ്പര്‍ 98/ 2016/എഫ് ആന്റ് ഡബ്ല്യൂഎല്‍ഡി ഉത്തരവ് ഇടുക്കി-ഉടുമ്പന്നൂര്‍ റോഡിന് ഉണ്ടായിരുന്ന സാധ്യതകള്‍ തകര്‍ക്കുന്നതാണ്.  ഉത്തരവ് പിന്‍വലിച്ച് റോഡ് നിര്‍മാണം സുഗമമാക്കുന്ന നിലയിലുള്ള പുതിയ ഉത്തരവ് പുറത്തിറക്കണമെന്നും എംപി ആവശ്യപ്പെട്ടു.
1980 ഒക്‌ടോബര്‍ 25ലെ കേന്ദ്ര വന സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന റോഡാണിതെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ റോഡ് നിര്‍മാണം നടത്താന്‍ കഴിയുകയുള്ളുവെന്നും ഉത്തരവില്‍ അനുശാസിക്കുന്നു. മാത്രമല്ല ഫോറസ്റ്റ് റോഡാണ് ഇതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പ്രത്യേക പരാമര്‍ശമുണ്ട്. സര്‍ക്കാര്‍ ഉത്തരവിലെ ഈ രണ്ട് ഭാഗങ്ങളും റോഡ് നിര്‍മാണത്തിന് എതിരാണ്. 2015 ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നു.
ഇടുക്കി-ഉടുമ്പന്നൂര്‍ റോഡിന് കേന്ദ്രാനുമതി ആവശ്യമില്ലെന്നും ടാര്‍ ചെയ്യുന്നതില്‍ തടസ്സമില്ലെന്നും തീരുമാനിച്ച് മിനിട്‌സ് പുറത്തിറക്കിയിരുന്നു. ഈ തീരുമാനത്തെ തള്ളിയാണ് ഇപ്പോള്‍ റോഡ് നിര്‍മാണം തടസ്സപ്പെടുത്തുന്ന പുതിയ ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്.
പുതിയ ഉത്തരവ് പഠിക്കാന്‍ തയ്യാറാകാതെ പ്രചരണായുധമാക്കുന്നവര്‍ സത്യാവസ്ഥ മനസ്സിലാക്കി ജനങ്ങളോട് തുറന്ന് പറയാന്‍ തയ്യാറാകണമെന്നും എംപി ആവശ്യപ്പെട്ടു. എന്നാല്‍, എംപിയുടെ ഈ വിമര്‍ശനത്തിനെതിരെ യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി രംഗത്തുവന്നു.
ഇടുക്കി – ഉടുമ്പന്നൂര്‍ റോഡ് നിര്‍മാണത്തിന് എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചു നിര്‍മാണം നടത്തുന്നതിന് വനം-വന്യജീവി വകുപ്പ് ഭരണാനുമതി നല്‍കിയതാണ്. വസ്തുത ഇതായിരിക്കെ  നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന എംപിയുടെ പ്രസ്താവന ഈ റോഡ് നടപ്പാക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ തല്‍പര്യമാണ് വ്യക്തമാക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ നിര്‍മാണം നടത്തുന്നതിനാണ് അനുമതി ലഭിച്ചിട്ടുള്ളത്.
എംഎല്‍എ ഫണ്ടില്‍ നിന്ന് നീക്കി വച്ചിട്ടുള്ള ഒരു കോടി രൂപ വനം വികസന ഏജന്‍സിക്ക് കൈമാറുന്നതിനും വനം വകുപ്പ് മുഖേനയാണ് നിര്‍മാണം നടപ്പാക്കുന്നത്. ഉത്തരവില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി എന്നു മാത്രമാണ് ചേര്‍ത്തിട്ടുള്ളത്.
ഇതൊരു സാധാരണ നടപടിക്രമം മാത്രമാണ്. നിര്‍മാണത്തിന് അനുമതി ലഭിക്കും എന്നുള്ളതുകൊണ്ടാണ് ഫോറസ്റ്റ് മാനേജ്‌മെന്റിന്റെയും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് ഒരു കോടി രൂപ എംഎല്‍എ ഫണ്ട് സ്വീകരിച്ചിട്ടുള്ളത്. ഈ ആദ്യ കാല റോഡിന്റെ നിര്‍മാണത്തിന് കൂട്ടായ ശ്രമം നടത്തേണ്ടതിനു പകരം വില കുറഞ്ഞ ആക്ഷേപങ്ങള്‍ നടത്തുന്നത് അപലപനീയമാണെന്നും കമ്മിറ്റി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക