|    Aug 19 Sat, 2017 9:16 am
FLASH NEWS

സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില; പട്ടാമ്പി നഗരസഭ അമിത നികുതി വസൂലാക്കുന്നു

Published : 9th August 2017 | Posted By: fsq

 

എം വി വീരാവുണ്ണി

പട്ടാമ്പി: സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി പട്ടാമ്പി നഗരസഭ അമിത നികുതി ഈടാക്കുന്നതായി പരാതി. സംസ്ഥാനത്ത് മറ്റൊരു നഗരസഭകളിലും ഇല്ലാത്ത നികുതി വര്‍ധനവാണ് പട്ടാമ്പിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ചില നികുതി പരിഷ്‌കരണങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ അതിനെപ്പറ്റി ഭരണ കക്ഷികളും പ്രതിപക്ഷവും ഒരുപോലെ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ 2015 ഏപ്രില്‍ 27ന് എംഎസ് നമ്പര്‍:144/15 ഉത്തരവ് പ്കാരം ചില കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് പ്രകാരം 2000 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് നികുതി വര്‍ധന ബാധകമല്ലെന്നും അവയ്ക്ക് നിലവിലുള്ള നികുതി മാത്രം നല്‍കിയാല്‍  മതിയെന്നും 660 അടിവരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക്  നികുതി തീരെ ഈടാക്കാന്‍ പാടില്ലെന്നും 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് 25 ശതമാനത്തിലധികം നികുതി വര്‍ധന പാടില്ലെന്നും കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍, പട്ടാമ്പി നഗരസഭയില്‍ നികുതി അടയ്ക്കാന്‍ മുന്‍ വര്‍ഷങ്ങളിലെ രശീതുമായി എത്തുന്നവരോട് തോന്നിയ പോലെ തുകയെഴുതി  പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്നതായി ആരോപണം. അതേസമയം, ഇതുവരെ 660 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് നികുതി അടയ്ക്കാന്‍ നഗരസഭ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായി പരാതിയുണ്ട്.  2000 ചതുരശ്ര അടിയില്‍ കുറവുള്ള വീടുകള്‍ക്ക് നികുതി വര്‍ധന ബാധകമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് സാക്ഷ്യപ്പെടുത്തുമ്പോഴും അവ കണ്ടില്ലെന്ന് നടിച്ചു അമിത നികുതി ഈടാക്കുന്നു. 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് അടിസ്ഥാന നികുതികളിലെ ഭീമമായ വര്‍ധനവിന് പുറമെ ഉപസേവന നികുതി എന്ന പേരില്‍ 18 ശതമാനം അധിക നികുതി ഈവര്‍ഷം മുതല്‍ കൂടുതലായി അടിച്ചേല്‍പ്പിക്കുന്നതായി വ്യാപകമായി പരാതിയുണ്ട്. നേരത്തെ ഇത് 15 ശതമാനം ആയിരുന്നു.  നികുതി അടക്കേണ്ട കാര്യത്തില്‍ നട്ടംതിരിയുകയാണ് നാട്ടുകാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക