|    Aug 19 Sat, 2017 12:43 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി : ജോയിന്റ് സെക്രട്ടറിക്കെതിരേ അന്വേഷണത്തിന് നിര്‍ദേശം

Published : 12th August 2017 | Posted By: fsq

 

കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ആരോഗ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ബി എസ് പ്രകാശിന് എതിരേ സര്‍ക്കാര്‍ അന്വേഷണം നടത്തി വിവരം അറിയിക്കണമെന്ന് ഹൈക്കോടതി. ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ സംവരണ സീറ്റുകളിലെ മൈനോരിറ്റി-കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം മൂന്നിന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് നിലവിലില്ലെന്നാണ് ഈ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കാന്‍ പറഞ്ഞ കോടതി വാദം മാറ്റി. രേഖ ഹാജരാക്കേണ്ട ദിവസം സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.വിദ്യാര്‍ഥികളുടെ ജീവിതവും ഭാവിയും വച്ചു കളിക്കുന്ന തരത്തില്‍ ഫോണിലൂടെ ഇത്തരമൊരു നിര്‍ദേശം നല്‍കിയത് അന്വേഷിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. മറ്റൊരു ഹരജിയുടെ വാദം കേള്‍ക്കല്‍ സമയത്ത് ഒരു പുതിയ ഓര്‍ഡിനന്‍സിന്റെ കാര്യം ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയൊരു ഓര്‍ഡിനന്‍സ് ഇല്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കോടതിയിലുണ്ടായിരുന്ന ജോയിന്റ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമായിരുന്ന അങ്ങനെ പറഞ്ഞത്. ഈ സംഭവത്തിലെ വസ്തുത എന്താണെന്ന് കോടതി പരിശോധിക്കുന്നില്ല.  പക്ഷേ, നിയമനടപടികളെ മലീമസമാക്കണമെന്ന ലക്ഷ്യത്തോടെ യാതൊരു ഉത്തരവാദിത്തവുമില്ലാതെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. ഉണ്ടെങ്കില്‍ മതിയായ നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ അന്വേഷണം നടത്തി വിവരം അറിയിക്കണമെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക