|    Jan 23 Mon, 2017 6:32 pm
FLASH NEWS

സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ചപറ്റി: ഡോ. ഷേര്‍ളി വാസു

Published : 16th September 2016 | Posted By: SMR

കൊച്ചി: സൗമ്യയുടെ ശരീരത്തിലെ മുറിവുകള്‍ എങ്ങനെയുണ്ടായെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ താന്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം കോടതിയെ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ച പറ്റിയെന്നും കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് തയ്യാറാക്കിയ തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷേര്‍ളി വാസു. സൗമ്യ തീവണ്ടിയില്‍നിന്ന് എടുത്തുചാടിയതല്ല.
സൗമ്യയുടെ ശരീരത്തിലുണ്ടായ ഒരോ പരിക്കും എങ്ങനെ സംഭവിച്ചുവെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ മുന്നോട്ടുവച്ച തെളിവുകള്‍ ഹൈക്കോടതിയില്‍ അംഗീകരിക്കപ്പെട്ടെങ്കിലും സുപ്രിംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച പറ്റി. കേസിന്റെ ഒരുഘട്ടത്തിലും സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നോടോ കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും കേസ് വാദിച്ച അഭിഭാഷകനോടോ കേസിന്റെ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപേര്‍ട്ടിലെ കണ്ടെത്തലുകള്‍ തെളിവായി സ്വീകരിക്കേണ്ടതാണ്. സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടാവാം. അവരുടെ കാഴ്ചയ്ക്ക് തെറ്റുകളും പറ്റാം. രാത്രി എട്ടരയോടെ ഉണ്ടായ ഒരു സംഭവത്തിന് സിനിമ കാണുന്ന മാനസികാവസ്ഥയോടെ  കണ്ട് അക്കാര്യം അതേപോലെ പറയാന്‍ കഴിയുന്ന വിധത്തിലുളള സാക്ഷികള്‍ ഇത്തരത്തിലുളള സംഭവത്തിന് ഉണ്ടാവില്ല. ഓടിക്കൊണ്ടിരുന്ന ട്രെയ്‌നില്‍നിന്ന് ഒരാള്‍ ചാടിയതായിട്ടോ വീണതായിട്ടോ ആവാം സാക്ഷികള്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടാവുന്നത് സ്വാഭാവികമാണ്. അതിനാലാണ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നത്. താന്‍ മുന്നോട്ടു വച്ച തെളിവുകള്‍ പരിശോധനയില്‍ വ്യക്തമായതാണ്. ഫോണ്‍ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ തീവണ്ടിയില്‍ നിന്നു താഴെ വീണതാണോ സൗമ്യയെ തള്ളിയിട്ടതാണോ അതോ ഗോവിന്ദച്ചാമിയെ കണ്ട് പേടിച്ച് ചാടിയതാണോ എന്നിങ്ങനെയുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ മുന്നു തരത്തിലും ആയിരുന്നില്ല സൗമ്യയക്ക് അപായം സംഭവിച്ചതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. അബദ്ധത്തില്‍ വീണപ്പോഴോ എടുത്ത് ചാടിയപ്പോഴോ ഉണ്ടാവുന്ന പരിക്കുകള്‍ സൗമ്യക്ക് ഉണ്ടായിരുന്നില്ല. സുബോധത്തില്‍ നില്‍ക്കുമ്പോള്‍ തള്ളിയിടുമ്പോഴും ഉണ്ടാവുന്ന പരിക്കുകളും സൗമ്യക്ക് ഉണ്ടായിരുന്നില്ല.
അതേസമയം തീവണ്ടിക്കുള്ളില്‍ വച്ച്തന്നെ സൗമ്യ ആക്രമിക്കപ്പെട്ടിരുന്നു. സൗമ്യയുടെ കഴുത്ത് ഭാഗത്ത് അഞ്ചു വിരലുകളടെ പാടുണ്ട്. തലമുടിക്ക് കുത്തിപ്പിടിച്ച് ആറു പ്രാവശ്യം സൗമിയുടെ നെറ്റി തീവണ്ടിയിലെ കട്ടിയുള്ള പ്രതലത്തില്‍  ഇടിച്ചിട്ടുണ്ട്. നെറ്റിയുടെ ഇടതു ഭാഗത്തേറ്റ ക്ഷതത്താല്‍ അര്‍ധ അബോധാവസ്ഥയിലായ സൗമ്യയെ തീവണ്ടിയില്‍നിന്നു താഴെയിടുകയായിരുന്നു. തീവണ്ടി പാളം മാറിക്കയറുമ്പോള്‍ വേഗത കുറയ്ക്കുമെന്ന് മനസ്സിലാക്കിയാണ് പ്രതി ഇങ്ങനെ ചെയ്തത്. ഒരു വ്യക്തിയെ കാണുന്നത് വച്ചിട്ട് അദ്ദേഹത്തെ അളക്കുന്നത് ശരിയല്ല. ഗോവിന്ദച്ചാമി ഒറ്റക്കൈയനാണ്; പക്ഷേ, ബുദ്ധിമാനാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക