|    Jan 22 Sun, 2017 3:37 pm
FLASH NEWS

സര്‍ക്കാരിന്റേത് കഴിയുന്നത്ര ധാര്‍മികമായ നിലപാടെന്ന് ആരോഗ്യമന്ത്രി

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മാനേജ്‌മെന്റുകളുമായുണ്ടാക്കിയ സ്വാശ്രയ കരാറില്‍ മാറ്റംവരുത്താനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, കരാര്‍ മാറ്റണമെന്ന നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ്സും ഉറച്ചുനിന്നതോടെ ചര്‍ച്ച വഴിമുട്ടി. എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരും കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം തുടരുമെന്ന് യൂത്ത് കോ ണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
സ്വാശ്രയ പ്രശ്‌നത്തില്‍ ആവുന്നത്ര ധാര്‍മികവും ശരിയുമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ചര്‍ച്ചയ്ക്കു ശേഷം വിശദീകരിച്ചു. 20 കോളജുകളുമായി കരാര്‍ ഒപ്പിട്ടതിലൂടെ മുമ്പെങ്ങുമില്ലാത്തവിധത്തി ല്‍ മെറിറ്റ് സീറ്റുകള്‍ വര്‍ധിപ്പിക്കാനായി. എന്നാല്‍, ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറാവുന്നില്ല. അമിതമായി ഫീസ് വര്‍ധിപ്പിച്ചെന്ന സ്ഥിരം പല്ലവി പ്രതിപക്ഷം ആവര്‍ത്തിക്കുകയാണ്.
സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താമെന്ന ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ രണ്ടു സാധ്യതകളായിരുന്നു സ ര്‍ക്കാരിനു മുന്നിലുണ്ടായിരുന്നത്. വിധിക്കെതിരേ അപ്പീല്‍ പോവുകയോ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തി 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാ ര്‍ ഫീസില്‍ പ്രവേശനം ഉറപ്പാക്കുകയോ മാത്രമാണ് സര്‍ക്കാരിന് സാധിക്കുമായിരുന്നത്. നവംബ ര്‍ 30നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശമുണ്ടായിരുന്നതിനാല്‍ അപ്പീല്‍ പോവാനുള്ള സമയമുണ്ടായിരുന്നില്ല. അതിനാലാണ് മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തി കരാറിലെത്തിയത്. ചര്‍ച്ചയില്‍ മെറിറ്റ് സീറ്റുകളിലെ ഫീസില്‍ ഉയര്‍ന്ന വര്‍ധന മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.
ധാരണപ്രകാരം കഴിഞ്ഞ വര്‍ഷം വിട്ടുനിന്ന ആറെണ്ണമുള്‍പ്പെടെ 20 മാനേജ്‌മെന്റുകള്‍ കരാറില്‍ ഒപ്പുവച്ചു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനിയൊന്നും ചെയ്യാനില്ല. ഇന്നത്തെ കോടതി വിധിയനുസരിച്ച് ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും കോളജുകള്‍ കാപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നതായി പരാതി ലഭിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക