|    Sep 25 Mon, 2017 8:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാരിന്റെ 100ാംദിനം; ഭവനരഹിതര്‍ക്ക് വീട് പദ്ധതി പ്രഖ്യാപിക്കും

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി എല്‍ഡിഎഫ്. നൂറാംദിനത്തില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന പദ്ധതി പ്രഖ്യാപിക്കാന്‍ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. ഓണത്തിന് എല്ലാവര്‍ക്കും മതിയായ ഭക്ഷണം പൊതുവിതരണ സംവിധാനം വഴി ഉറപ്പാക്കും. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പൂര്‍ത്തിയാക്കാനും തിരുവനന്തപുരത്തുചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ നൂറാം ദിനാഘോഷവും പദ്ധതി പ്രഖ്യാപനങ്ങളുമായിരുന്നു യോഗത്തില്‍ പ്രധാനമായി ചര്‍ച്ചാവിഷയമായത്. സര്‍ക്കാരിന്റെ നൂറാംദിവസം പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വിശദീകരിച്ചു.
പ്രധാനമായും മൂന്നു പദ്ധതികളാണ് സര്‍ക്കാരിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് എല്‍ഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. വാര്‍ഷികം ആഘോഷിക്കുന്ന വ്യാഴാഴ്ച പദ്ധതികള്‍ക്ക് ഔദ്യോഗിക തുടക്കമാവും. സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് വീട് ഉറപ്പാക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
നാല് വിഭാഗങ്ങളിലായി നാലു ലക്ഷത്തോളം ഭവനരഹിതര്‍ സംസ്ഥാനത്തുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വീടും സ്ഥലവുമില്ലാത്തവരും, ഭൂമി മാത്രമുള്ളവരും, വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും, ലയങ്ങളില്‍ പാര്‍ക്കുന്നവരുമാണ് ഈ നാലുവിഭാഗങ്ങള്‍. ഇവര്‍ക്ക് എല്ലാവര്‍ക്കും വീട് പദ്ധതി പ്രകാരം സമയബന്ധിതമായി വീടുകള്‍ നിര്‍മിച്ച് നല്‍കും. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് വീടുവയ്ക്കാന്‍ ഭൂമിയും പദ്ധതിയുടെ ഭാഗമായി നല്‍കും. ഭൂമി ലഭ്യത കുറവായ പ്രദേശങ്ങളില്‍ ഫഌറ്റുകള്‍ നിര്‍മിച്ചുനല്‍കാനും മല്‍സ്യബന്ധന, തോട്ടം മേഖലയിലുള്ളവര്‍ക്ക് അവരുടെ തൊഴിലിടങ്ങള്‍ക്ക് അടുത്ത് വീടുവച്ചു നല്‍കാനാണ് ധാരണ.
മാലിന്യ സംസ്‌കരണം, ജലാശയങ്ങളുടെ സംരക്ഷണം, ജൈവപച്ചക്കറി കൃഷി എന്നിവ സംയോജിപ്പിച്ചുള്ള ഹരിതകേരളമാണ് മറ്റൊരുപദ്ധതി. മതിയായ ശുചീകരണം, വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഇതിലൂടെ ഉറപ്പാക്കും. പൊതുവിതരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ അടിയന്തര ഇടപെടലാണ് മറ്റൊരു പദ്ധതി. പൊതുവിതരണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി ഓണത്തിന് എല്ലാവര്‍ക്കും മതിയായ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും ഉറപ്പുവരുത്തും. കൂടുതല്‍ പദ്ധതികള്‍ തീരുമാനിക്കാന്‍ മന്ത്രിസഭയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തിലും പുതിയ ബൃഹദ് പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക