|    Oct 18 Thu, 2018 3:57 am
FLASH NEWS
Home   >  Editpage  >  Lead Article  >  

സര്‍ക്കാരിന്റെ വ്യാജ അവകാശവാദങ്ങള്‍

Published : 7th October 2018 | Posted By: kasim kzm

അഴിമതി വാതില്‍ തുറന്ന് മദ്യം-2, രമേശ് ചെന്നിത്തല  (പ്രതിപക്ഷ നേതാവ്)

ശ്രീചക്ര ഡിസ്റ്റിലറീസിന് തൃശൂര്‍ ജില്ലയില്‍ വിദേശമദ്യ നിര്‍മാണത്തിന് കോംപൗണ്ട്, ബ്ലെന്റിങ് ആന്റ് ബോട്ട്‌ലിങ് യൂനിറ്റ് സ്ഥാപിക്കുന്നതിന്, മന്ത്രിസഭയെയോ മുന്നണിയെയോ അറിയിക്കാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മാത്രമായി ഉദ്യോഗസ്ഥരുടെ ശുപാര്‍ശകളെല്ലാം മറികടന്നു തീരുമാനമെടുത്തു. ഇത് ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു? എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് 1999ലെ ഉത്തരവ് പരിഷ്‌കരിച്ച ശേഷം മാത്രമേ ശ്രീചക്രയ്ക്ക് ഡിസ്റ്റിലറി അനുവദിക്കാവൂ എന്നു കുറിച്ചിരുന്നു.
ഇത്തവണ അനുവദിച്ച മദ്യനിര്‍മാണശാലകള്‍ക്കുള്ള അപേക്ഷകളില്‍ പ്രകടമായ ക്രമക്കേടാണ് നിലനില്‍ക്കുന്നത്. അനുവദിച്ച നാല് അപേക്ഷകളില്‍ രണ്ടിലും സ്ഥലത്തെക്കുറിച്ച് അവ്യക്തതയാണ്. 1975ലെ കേരള ഫോറിന്‍ ലിക്വര്‍ റൂള്‍സിലും 1967ലെ ബ്രൂവറി റൂള്‍സിലും അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട രേഖകള്‍ എന്തൊക്കെയാണെന്ന് നിശ്ചയിച്ചിട്ടുണ്ട്. പ്രൊജക്റ്റ് നിര്‍മിക്കുന്ന സ്ഥലത്തിന്റെ പ്ലാന്‍, സ്‌കെച്ച്, കരം അടച്ച രസീത്, കെട്ടിടത്തിന്റെ രൂപരേഖ, മെഷീനുകളുടെ വിശദാംശം തുടങ്ങിയവയെല്ലാം വയ്ക്കണം. പക്ഷേ, തൃശൂരിലെ ശ്രീചക്രയുടെ കാര്യത്തില്‍ സ്ഥലത്തിന്റെ വിശദാംശം ഒന്നുമില്ല. സര്‍വേ നമ്പര്‍ പോലും കാണുന്നില്ല.
എറണാകുളത്തെ കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കാന്‍ അനുമതി കൊടുത്ത പവര്‍ ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ കാര്യത്തിലാകട്ടെ, അഴിമതിയുടെ വൈപുല്യം വെളിപ്പെടുത്തുന്ന ക്രമക്കേടുകളാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്. പവര്‍ ഇന്‍ഫ്രാടെകിന് ഇവിടെ സ്വന്തമായോ പാട്ടവ്യവസ്ഥയിലെ ഭൂമിയില്ല. സിപിഎമ്മിന്റെ ഒരു ഉന്നത നേതാവിന്റെ മകനായ കിന്‍ഫ്ര ജനറല്‍ മാനേജര്‍ (പ്രോജക്റ്റ്) ചട്ടങ്ങള്‍ ലംഘിച്ച് നല്‍കിയ ഒരു അനുമതിപത്രത്തിന്റെ ബലത്തില്‍ മാത്രമാണ് ലൈസന്‍സിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. സിപിഎമ്മിന്റെ ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
മദ്യത്തിന്റെ ലഭ്യത സംബന്ധിച്ച് ആവശ്യമായ പഠനങ്ങള്‍ നടത്താതെയാണ് പുതിയ മദ്യനിര്‍മാണശാലകള്‍ക്ക് അനുമതി നല്‍കിയത്. ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മദ്യനിര്‍മാണശാലകള്‍ പോലും അവയുടെ ശേഷിയുടെ പകുതിയേ ഉപയോഗിക്കുന്നുള്ളൂ. ഒരു മാസം 20 ലക്ഷം കെയ്‌സ് വിദേശമദ്യമാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. പക്ഷേ, മാസം 40 ലക്ഷം കെയ്‌സ് മദ്യം ഉല്‍പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തെ ഡിസ്റ്റിലറികള്‍ക്കുണ്ട്. അതായത്, ഇപ്പോള്‍ പുറത്തുനിന്നു വരുന്ന എട്ടു ശതമാനം മദ്യം കൂടി ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് അര്‍ഥം.
പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും എന്തുമാത്രം ജലചൂഷണം നടത്തുന്നു എന്നതിനെക്കുറിച്ച് പഠനമൊന്നും നടത്താതെയാണ് ഇഷ്ടക്കാര്‍ക്ക് അവ വാരിക്കോരി അനുവദിച്ചത്. പാലക്കാട്ടെ എലപ്പുള്ളിയില്‍ അപ്പോളോ ബ്രൂവറിയുടെ കാര്യം മാത്രം എടുക്കുക. അഞ്ചു ലക്ഷം ഹെക്ട്രാ ലിറ്റര്‍ ബിയര്‍ ആണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ഇതിന് 10 കോടി ലിറ്റര്‍ വെള്ളം വേണം. പക്ഷേ, മഴനിഴല്‍പ്രദേശമായ എലപ്പുള്ളിയില്‍ കൃഷിക്കോ കുടിക്കാനോ പോലും വെള്ളമില്ല. ജലചൂഷണത്തിനെതിരേ വന്‍ പ്രക്ഷോഭം നടന്ന പ്ലാച്ചിമടക്ക് 12 കിലോമീറ്റര്‍ ഉള്ളിലാണ് ഈ പ്രദേശം. പ്ലാച്ചിമട സമരത്തോടൊപ്പം നിന്നു ജനങ്ങളെ ഇളക്കിവിട്ട ഇടതു മുന്നണി തന്നെ ഇവിടെ മറ്റൊരു ജലചൂഷണത്തിനു വേദിയൊരുക്കി എന്നതാണ് വിരോധാഭാസം. ഇടതു മുന്നണിക്ക് എന്ത് ധാര്‍മികതയാണ് ഇതില്‍ പറയാനുള്ളത്?
ലൈസന്‍സ് നല്‍കിയിട്ടില്ല, തത്ത്വത്തിലുള്ള അനുമതി മാത്രമേ നല്‍കിയിട്ടുള്ളൂവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇത് കണ്ണില്‍പൊടിയിടുന്നതിനുള്ള അടവു മാത്രമാണ്. ബ്രൂവറി റൂള്‍സിലോ ഫോറിന്‍ ലിക്വര്‍ റൂള്‍സിലോ പ്രാഥമിക അനുമതി എന്നൊരു വകുപ്പില്ല. ‘ലൈസന്‍സ് നല്‍കുന്നതിനുള്ള അനുമതി’ എന്നാണ് ഉത്തരവുകളില്‍ കാണുന്നത്. സര്‍ക്കാരില്‍ നിന്നുള്ള ഈ ഉത്തരവാണ് മദ്യനിര്‍മാണശാലകള്‍ ആരംഭിക്കുന്നതിനുള്ള പരമപ്രധാനമായ ഘടകമെന്നും എല്ലാവര്‍ക്കും അറിയാം. ഈ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെങ്കില്‍ ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ ബാധ്യസ്ഥനാണ്. അത് പിന്നീട് സര്‍ക്കാരില്‍ പോകേണ്ട കാര്യം പോലുമില്ല. അഴിമതി ആരോപണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഈ യാഥാര്‍ഥ്യം പിണറായി സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണ്.
99നു ശേഷം ബ്രൂവറികള്‍ക്കോ ഡിസ്റ്റിലറികള്‍ക്കോ അനുമതി നല്‍കിയിട്ടില്ലെന്ന യുഡിഎഫിന്റെ വാദം തകര്‍ക്കാന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ എ കെ ആന്റണിയെ പോലും അവഹേളിക്കാന്‍ സിപിഎം ശ്രമിച്ചുവെന്നതാണ് ഖേദകരം. ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് നാടകീയമായി ഒരു ഉത്തരവ് ഉയര്‍ത്തിക്കാട്ടി, ആന്റണി സര്‍ക്കാരിന്റെ കാലത്തും ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത്. പിറ്റേന്നാണ് അതിന്റെ യാഥാര്‍ഥ്യം പുറത്തുവന്നത്. നായനാര്‍ സര്‍ക്കാര്‍ തന്നെയാണ് അനുമതി കൊടുത്തത്. ഇടതു മുന്നണി ചെയ്തുവച്ച പാതകം യുഡിഎഫിന്റെ തലയില്‍ കെട്ടിവച്ച് ഇപ്പോഴത്തെ അഴിമതിയെ ന്യായീകരിക്കാനാണ് വിജയരാഘവന്‍ ശ്രമിച്ചത്. ഇതിനു വിജയരാഘവന്‍ മാപ്പു പറയണം.
എത്ര മൂടിവച്ചാലും സത്യം പുറത്തുവരുക തന്നെ ചെയ്യുമെന്ന യാഥാര്‍ഥ്യം സിപിഎം മനസ്സിലാക്കണം. വന്‍തുക കോഴയായി കൈമറിഞ്ഞ അഴിമതിയാണിത്. അതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി എക്‌സൈസ് മന്ത്രിയുമാണ്. മുന്നണിയെയോ സഹമന്ത്രിമാരെയോ പോലും അറിയിക്കാതെ പ്രളയത്തിന്റെ മറവില്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്നു നടത്തിയ ഇടപാടാണിത്. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍, എല്ലാം ചട്ടപ്രകാരം ആണെങ്കില്‍ എന്തിനാണ് ഒരു അന്വേഷണത്തെ ഇവര്‍ ഭയപ്പെടുന്നത്?
കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് മദ്യരാജാക്കന്‍മാരുമായി സിപിഎം ഉണ്ടാക്കിയ അവിശുദ്ധ കരാര്‍ അനുസരിച്ചാണ് സംസ്ഥാനത്തെ എല്ലാ ബാറുകളും തുറന്നുകൊടുത്തത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നത്. അബ്കാരി രംഗം ഇടതു മുന്നണി സര്‍ക്കാരുകളെ എന്നും ഹരം പിടിപ്പിക്കുന്ന ഒന്നാണ്.
80കളുടെ തുടക്കത്തില്‍ അന്നത്തെ ഇടതു മുന്നണി മന്ത്രിസഭയിലെ എക്‌സൈസ് മന്ത്രിയെ കുരുക്കിയത് സ്പിരിറ്റ് കള്ളക്കടത്തായിരുന്നു. പിന്നീടുള്ള ഇടതു മന്ത്രിസഭയുടെ കാലത്താണ് കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായത്. മണിച്ചനില്‍ നിന്നു മാസപ്പടി പറ്റിയ സിപിഎം നേതാക്കളുടെ പേരുകള്‍ അയാളുടെ ഡയറിയില്‍ ഉണ്ടായിരുന്നു. മണിച്ചനില്‍ നിന്നു പണം പറ്റിയതിന് അവരുടെ ജില്ലാ സെക്രട്ടറിയെ സിപിഎമ്മില്‍ നിന്നു പുറത്താക്കേണ്ടിവന്നു. ഇപ്പോഴിതാ ബ്രൂവറി അഴിമതിയും. ി

(അവസാനിച്ചു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss