|    Jun 23 Fri, 2017 12:28 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സര്‍ക്കാരിന്റെ പുതിയ മദ്യനയം ഫെബ്രുവരിയില്‍

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: മദ്യവ്യവസായം നിയമാനുസൃതമാക്കിയുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമഗ്ര മദ്യനയം ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. മദ്യനിരോധനമല്ല, മദ്യവര്‍ജനമാവും പുതിയ നയത്തിന്റെ കാതലെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.
എല്‍ഡിഎഫിനെ ജനങ്ങള്‍ ജയിപ്പിച്ചത് യുഡിഎഫിന്റെ മദ്യനയം നടപ്പാക്കാനല്ല. യുഡിഎഫ് മദ്യനയം കാരണം ടൂറിസം മേഖല പിന്നോട്ടുപോയി. വലിയ കമ്പനികളുടെ കോണ്‍ഫറന്‍സുകളും സമ്മേളനങ്ങളുമെല്ലാം കേരളത്തിനു പുറത്തേക്ക് മാറ്റപ്പെടുകയാണ്. ഇതുസംബന്ധിച്ചെല്ലാം സൂക്ഷ്മതലത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറി.
ലൈസന്‍സുള്ള സ്ഥാപനങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കള്ളുഷാപ്പുകളില്‍ ശുദ്ധമായ കള്ള് ഉറപ്പാക്കും. മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ഥങ്ങള്‍ക്കുമെതിരേ ബോധവല്‍ക്കരണം നടത്തും. ‘വിമുക്തി’ എന്ന പേരില്‍ ഈ മാസം ആരംഭിക്കുന്ന ലഹരിമുക്ത പ്രചാരണ പരിപാടിക്ക് എല്ലാവരില്‍ നിന്നും സഹകരണം ഉണ്ടാവണം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ലഹരിവിരുദ്ധ പരാതിപ്പെട്ടി വ്യാപിപ്പിക്കും. എല്ലാ ആദിവാസി കേന്ദ്രങ്ങളിലും ജനമൈത്രി എക്‌സൈസ് ഓഫിസുകള്‍ ആരംഭിക്കും. ഇതിന് ആവശ്യമായ അംഗബലം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കു വീട് നല്‍കാനുള്ള പദ്ധതി ഉടനെ നടപ്പാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിവിധ ജില്ലകളില്‍ പാര്‍പ്പിട സൗകര്യമൊരുക്കും. തോട്ടം മേഖലയിലെ പ്രതിസന്ധി പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ കമ്മീഷന്റെ റിപോര്‍ട്ട് പരിശോധിച്ച് പരിഹാരം കാണാന്‍ തൊഴില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇഎസ്‌ഐ ആശുപത്രികള്‍ നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക