|    Apr 27 Fri, 2018 2:25 am
FLASH NEWS

സര്‍ക്കാരിന്റെ പച്ചക്കറിതോട്ടം മേധാവിയെ സ്ഥലംമാറ്റുന്നതിനെതിരേ തൊഴിലാളികളും നാട്ടുകാരും

Published : 24th September 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: സര്‍ക്കാരിന്റെ പച്ചക്കറി തോട്ടം മേധാവിയെ മാറ്റുന്നതിനെതിരേ തൊഴിലാളികളും നാട്ടുകാരും രംഗത്ത്. വണ്ടിപ്പെരിയാര്‍ 62ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വെജിറ്റബിള്‍ ഫാം സൂപ്രണ്ടന്റ് എന്‍ വി ജോഷിനെയാണ് സ്ഥലം മാറ്റാന്‍ നീക്കം നടത്തുന്നത്. പച്ചക്കറിതോട്ടത്തിന്റെ  സ്വപ്‌ന പദ്ധതിയായ ഫാം ടൂറിസത്തിനു വേണ്ടി തുക അനുവദിച്ച് പണികള്‍ ആരംഭിക്കാ ന്‍ ഇരിക്കെയാണ് ഇത്.
2012ലാണ് എന്‍ വി ജോഷ് ഫാമിന്റെ സൂപ്രണ്ടായി ചുമതലയേറ്റത്. നൂറ് ഏക്കര്‍ സ്ഥലമാണ് പച്ചക്കറി തോട്ടത്തിനുള്ളത്. പെരിയാര്‍ കടുവ സങ്കേതത്തിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ വന്യമൃഗ ശല്യവും തൊഴിലാളികളുടെ കുറവ്, ഫാമിന്റെ വളര്‍ച്ചയ്ക്ക് വെല്ലുവിളിയായി നിന്ന സമയത്താണ് ഇദ്ദേഹം ചുമതല ഏറ്റെടുത്തത്. മൂന്നു കോടി രൂപ സര്‍ക്കാരില്‍ നിന്നും അനുവദിപ്പിച്ച് വന്യമൃഗശല്യം ഉള്ള സ്ഥലത്ത് വൈദ്യുതി വേലി പണിതു.
26 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്ന ഫാമില്‍ ശാസ്ത്രീയ രീതിയിലുള്ള കൃഷി ചെയ്ത് 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ 79 ലക്ഷം രൂപയുടെ  നേട്ടത്തില്‍ എത്തിച്ചു. ഏലം, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്ക് പുറമെ കര്‍ഷകര്‍ക്ക് ആവശ്യമായ കുരുമുളക് വള്ളികള്‍, മുന്തിയ ഇനം വാഴതൈകള്‍, കറിവേപ്പ്, പലതരം മുളക്, അലങ്കാര ചെടികള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനവും വിപണനവുമാണ് ഇവിടെ നടക്കുന്നത്.
വിവിധ തരത്തിലുള്ള ചീരകള്‍, പപ്പായകള്‍, മുളകുകള്‍, കറിവേപ്പുകള്‍ തുടങ്ങിയവ ശാസ്ത്രീയമായി എടുത്തു വില്‍പന നടത്തി ദിവസേന വരുമാനം 3,000 രൂപ വരെ എത്തിച്ചു. തൊഴിലാളികളുടെയും ജീവനക്കാരുടെയും പിന്തുണയോടെ പ്രതിമാസ യോഗവും കര്‍മ പദ്ധതിയും തയ്യാറാക്കി.
പച്ചക്കറി ഉല്‍പാദനം, ഏലം, കുരുമുളക്, അലങ്കാര ചെടിയുടെ നടീലും പരിചരണവും തുടങ്ങിയവയെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് തൊഴിലാളികള്‍ക്കു ചുമതല നല്‍കി. പച്ചക്കറി കൃഷി, അലങ്കാര ചെടികള്‍ തുടങ്ങിയവയെ പറ്റി അറിവു നല്‍കാന്‍ സംവിധാനമൊരുക്കി. വിത്തും തൈകളുടെ വില്‍പനയ്ക്കു വേണ്ടി പ്രവേശന കവാടത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി.
ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്നതാണ് പച്ചക്കറിത്തോട്ടം. വിനോദ സഞ്ചാരികളുടെ ശ്രദ്ധ നേടാന്‍ ഇതിനു കഴിഞ്ഞു. പത്തില്‍ പരം ഓര്‍ക്കിഡ് ചെടികള്‍ ശാസ്ത്രീയമായി ഇവിടെ വളര്‍ത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പെപ്പിനോ, തണ്ണിമത്തന്‍ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ വളര്‍ത്തിയെടുത്തു. പ്ലാസ്റ്റിക്ക് കുപ്പികള്‍, ടയര്‍, തുടങ്ങിയവ ഉപയോഗിച്ച് അലങ്കാര ചെടികള്‍ ശാസ്ത്രീയമായി വളര്‍ത്തിയെടുത്തു. സീറോ വേസ്റ്റ് പദ്ധതിക്കും ഇദ്ദേഹം നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി ശുചിത്വമിഷന്‍ സര്‍ട്ടിഫിക്കറ്റും ഇദ്ദേഹത്തെ തേടിയെത്തി.
ഈ വര്‍ഷത്തില്‍ 4ലക്ഷം കുരുമുളക് തൈകള്‍ കൃഷിഭവനിലൂടെ വിതരണം നടത്തുന്നതിന് ഫാമിന് കഴിഞ്ഞു. എംഎല്‍എയും നാട്ടുകാരും സഹജീവനക്കാരും സ്ഥലംമാറ്റ നീക്കത്തെ എതിര്‍ക്കുകയാണ്. ഫാമില്‍ തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സൂപ്രണ്ടിനെ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss