|    Oct 17 Wed, 2018 5:21 pm
FLASH NEWS
Home   >  Editpage  >  Article  >  

സര്‍ക്കാരിനെ വിശ്വസിക്കാന്‍ കൊള്ളാതായാല്‍

Published : 14th August 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

സര്‍ക്കാര്‍ കാര്യം മുറപോലെ എന്നാണ് നാട്ടുമൊഴി. എത്ര നടന്നിട്ടും കാര്യം നടക്കാതാവുമ്പോള്‍ നാട്ടുകാരും തന്റെ കാര്യം വേഗം നടക്കണമെന്ന് ആരെങ്കിലും വാശിപിടിച്ചാല്‍ ഉദ്യോഗസ്ഥരും പരസ്പരം പറയുന്ന പഴമൊഴിയും ഇതുതന്നെ. പറഞ്ഞ മാത്രയില്‍ കേട്ടവന്‍ സമ്മതിക്കുകയും ചെയ്യും. അത്ര ശക്തിയുണ്ട് ഇതിന്. ശക്തി ചരിത്രപരം കൂടിയാണ്.
ഗുണകരമായ മറ്റൊരു വശം കൂടി ഇതിനുണ്ട്. സര്‍ക്കാര്‍ കാര്യങ്ങള്‍ പതുക്കെയാണെങ്കിലും മുറപ്രകാരം നടക്കുമെന്നുകൂടിയാണ് ഇതിന്റെ അര്‍ഥം. അതൊരു ഉറപ്പാണ്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം. നടപടിക്രമങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും കൊളോണിയല്‍ സര്‍ക്കാരാണ് ഇത്തരമൊരു രീതി കൊണ്ടുവന്നത്. വര്‍ഷങ്ങളുടെ അനുഭവംകൊണ്ട് നാം അത് പ്രകൃതിനിയമംപോലെ വിശ്വസിക്കാനും തുടങ്ങിയിട്ടുണ്ട്. വ്യവസ്ഥിതിയെ കുറ്റപ്പെടുത്തുന്നവര്‍ വരെ ജനവിരുദ്ധമെങ്കിലും ഒരു വ്യവസ്ഥ നാട്ടിലുണ്ടെന്ന് സമ്മതിക്കുന്നവരാണ്.
ഒരാവശ്യമുണ്ടെങ്കില്‍ നാട്ടുകാര്‍ ആദ്യം എന്താണു ചെയ്യുക? ബന്ധപ്പെട്ടവരോട് അപേക്ഷിച്ചുനോക്കും. എന്നിട്ടും നടന്നില്ലെങ്കില്‍ സമരം ചെയ്യും. സമരം വികസിക്കുമ്പോള്‍ പോലിസും കോടതിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികള്‍ വരെയും രംഗത്തെത്തും. ജനങ്ങളും ആഞ്ഞു ശ്രമിക്കും. വിജയം ജനങ്ങള്‍ക്കാണെങ്കില്‍ സര്‍ക്കാര്‍ കരാറിനു തയ്യാറാവും. കരാര്‍ ഒരു ഉറപ്പാണ്. അത് നടപ്പാക്കപ്പെടുമെന്ന് എല്ലാവരും വിശ്വസിക്കുന്നു.
ഇതൊക്കെ പഴയ കഥ. പുതിയ കഥയില്‍ സര്‍ക്കാരും ജനങ്ങളും രണ്ടിടങ്ങളില്‍ നിന്ന് മല്‍സരിക്കുകയാണ്. കരാറുകളൊന്നും അവര്‍ക്ക് ബാധകമല്ല. ഉദാഹരണത്തിന് വായ്പാ തട്ടിപ്പിന് ഇരയായി സര്‍ഫാസി നിയമപ്രകാരം വീടും കിടപ്പാടവും നഷ്ടപ്പെട്ടവരുടെ കാര്യമെടുക്കുക. ഏതാനും മാസം മുമ്പ് വായ്പാ തട്ടിപ്പിന് ഇരയായവര്‍ കാക്കനാട്ട് കലക്ടറേറ്റ് പടിക്കല്‍ കണ്ണുകെട്ടിസമരം നടത്തിയിരുന്നു. വായ്പാ തട്ടിപ്പെന്നാല്‍ വിഷയം ഇതാണ്: പണം ആവശ്യമുള്ള ഏതെങ്കിലും പാവപ്പെട്ടവനെ ഏജന്റ് സമീപിക്കുന്നു. നഗരപ്രദേശങ്ങളിലെ അഞ്ച് സെന്റിന് താഴെയുള്ള ഭൂമിയിലാണ് ഇത്തരക്കാര്‍ക്ക് നോട്ടം. വസ്തു ഈടില്‍ ബാങ്കില്‍നിന്ന് വായ്പ വാങ്ങിത്തരാമെന്നാണ് വാഗ്ദാനം. ഏജന്റ് തന്നെ ബാങ്ക് മാനേജരെയും ആധാരമെഴുത്തുകാരനെയും വക്കീലിനെയും പരിചയപ്പെടുത്തും. താമസിയാതെ ലോണ്‍ ലഭിക്കുന്നു. അതോടെ ഭൂവുടമയുടെ റോള്‍ അവസാനിച്ചു. ഏജന്റും ബാങ്ക് മാനേജരും ആധാരമെഴുത്തുകാരനും വക്കീലന്മാരും ഉള്‍പ്പെട്ട ലോണ്‍മാഫിയ സജീവമാകുന്നത് അപ്പോഴാണ്. ഭൂവുടമയ്ക്കു ലഭിച്ചതിനേക്കാള്‍ കൂടുതലായിരിക്കും ലോണ്‍ തുക. കൂടുതല്‍ വരുന്ന പണം ഏജന്റും കൂട്ടാളികളും പങ്കുവയ്ക്കുന്നു.
ലോണ്‍ എടുക്കുമെങ്കിലും ആരും തിരിച്ചടയ്ക്കാനുണ്ടാവില്ല. ജപ്തിയുടെ വക്കിലെത്തുമ്പോഴാണ് ഉടമ കാര്യം അറിയുന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിട്ടുണ്ടാവും. ചിലര്‍ വായ്പാ കുടിശ്ശിക അടയ്ക്കാന്‍ ശ്രമിക്കും. ആ ശ്രമം അതിനേക്കാള്‍ വലിയ പ്രതിസന്ധിയിലാണു കലാശിക്കുക. 2002ലെ സര്‍ഫാസി നിയമത്തോടെ കുടിയൊഴിപ്പിക്കല്‍ എളുപ്പമാണ്. കോടതിയുടെ കാര്യമായ ഇടപെടലുണ്ടാവില്ല.
ഈ സാഹചര്യത്തിലായിരുന്നു സര്‍ഫാസി ഇരകളുടെ സമരസഹായസമിതിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. സമരം 183 ദിവസം നീണ്ടുനിന്നു. ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്ക്കു തയ്യാറായി. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനും തട്ടിച്ചെടുത്ത ആധാരങ്ങള്‍ അസാധുവാക്കി ഭൂമി തിരിച്ചുനല്‍കാനും വായ്പാ തട്ടിപ്പ് സംഘത്തിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാനും ചീഫ് സെക്രട്ടറി ഉത്തരവിട്ടു. വായ്പാ തട്ടിപ്പിന് ഇരയായവരില്‍ പുതിയ പ്രതീക്ഷകള്‍ വളര്‍ന്നു. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് ഓര്‍ഡര്‍ ആക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പനമ്പുകാട്ടെ രവിയുടെ കിടപ്പാടം ഈയൊരൊറ്റ വഞ്ചനയുടെ മാത്രം പിന്‍ബലത്തിലാണ് ബാങ്കുകാര്‍ പിടിച്ചെടുത്തത്. ഹൈക്കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ തട്ടിപ്പുസംഘത്തോടൊപ്പം ചേര്‍ന്നതും ആ മനുഷ്യന് കാണേണ്ടിവന്നു.
183 ദിവസത്തെ സമരത്തിനുശേഷം ഉണ്ടാക്കിയ കരാറിന് പുല്ലുവിലപോലും സര്‍ക്കാര്‍ നല്‍കിയില്ല. ജനങ്ങളോട് യാതൊരു ബാധ്യതയുമില്ലാത്ത സംവിധാനമായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. മൂലമ്പിള്ളിയിലെ വിഖ്യാത കരാര്‍ മറക്കാറായിട്ടില്ലല്ലോ. പണ്ടൊക്കെ വല്ലപ്പോഴുമാണ് ഇതെങ്കില്‍ ഇപ്പോള്‍ നിത്യസംഭവമാണ്. സര്‍ക്കാരിനെ പോലും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെയാരെ എന്നാണ് തട്ടിപ്പിനിരയായവരുടെ ചോദ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss