|    Oct 15 Mon, 2018 10:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാരിനെ പിന്തുണച്ചും മലക്കംമറിഞ്ഞും കണ്ണന്താനം

Published : 4th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തി മലക്കംമറിഞ്ഞു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം ശരിവച്ചാണ് കണ്ണന്താനം ആദ്യം രംഗത്തെത്തിയത്.30ന് പകല്‍ 12ന് മാത്രമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചതെന്നു കേന്ദ്രമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഓഖി ദുരന്തവും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്താനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. മുന്നറിയിപ്പ് ലഭിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ തന്നെ നിരവധി കപ്പലുകള്‍ മല്‍സ്യബന്ധനത്തിനു കടലിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗികമായി നല്‍കിയ മുന്നറിയിപ്പുകളുടെ വിവരങ്ങള്‍ പരിശോധിച്ചിരുന്നു. വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് കാറ്റ് പോവുമെന്നായിരുന്നു മുന്നറിയിപ്പുകള്‍. എന്നാല്‍, ചുഴലിക്കാറ്റിന്റെ ഗതിമാറ്റം കൃത്യമായി പ്രവചിക്കാന്‍ സാധിച്ചില്ല. മുന്നറിയിപ്പ് ലഭിച്ചശേഷം എല്ലാവരുടെയും സഹകരണത്തോടെ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും നടന്നിട്ടുണ്ട്. ഇപ്പോഴും തിരച്ചില്‍ തുടരുന്നുവെന്നുമായിരുന്നു കണ്ണന്താനത്തിന്റെ ആദ്യ പ്രതികരണം. നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സംസ്ഥാനം അത് അവഗണിക്കുകയായിരുന്നുവെന്നുമുള്ള കേന്ദ്രമന്ത്രിമാരുടേതുള്‍പ്പെടെയുള്ള വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന തരത്തിലായിരുന്നു കണ്ണന്താനത്തിന്റെ ഈ പ്രതികരണം. കേന്ദ്ര സമുദ്രസ്ഥിതി പ്രവചന വിഭാഗത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചുവെന്നും സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും  കുമ്മനം രാജശേഖരന്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, യോഗത്തിനു ശേഷം ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കണ്ണന്താനം ആദ്യനിലപാടില്‍ നിന്നു മലക്കംമറിഞ്ഞു വിമര്‍ശനവും ഉന്നയിച്ചു. ചുഴലിക്കാറ്റിന്റെ വിവരങ്ങളാണ് 30ന് കൈമാറിയതെന്നും 28നും 29നും ന്യൂനമര്‍ദമുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നുമാണ് കണ്ണന്താനം തിരുത്തിപ്പറഞ്ഞത്. കേന്ദ്ര ഏജന്‍സികള്‍ വിലക്കിയിട്ടും ഇത്രയേറെ ബോട്ടുകള്‍ കടലില്‍ പോയതെങ്ങനെയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന നിവേദനം ലഭിച്ചിട്ടുണ്ടെങ്കിലും പ്രഖ്യാപനം നടത്താനാവില്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. കണ്ണന്താനം നിലപാട് തിരുത്തിയത് ബിജെപി നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാവാമെന്ന ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss