|    Dec 12 Wed, 2018 7:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാരിനെയും പോലിസിനെയും വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

Published : 22nd November 2018 | Posted By: kasim kzm

ശബരിമല: ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെയും പോലിസ് നടപടിയെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട തന്നോട് ഉത്തരവാദിത്തം ഏല്‍ക്കുമോയെന്ന എസ്പി യതീശ് ചന്ദ്രയുടെ ചോദ്യം ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്നോട് ഉച്ചത്തില്‍ സംസാരിച്ചെന്നും സംസ്ഥാനത്തെ മന്ത്രിമാരോട് ഈ ചോദ്യം ചോദിക്കുമോയെന്നും സര്‍ക്കാര്‍ സ്വയം തിരുത്താന്‍ തയ്യാറാവണമെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എസ്പിക്കെതിരേ പരാതി നല്‍കുന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കേരളത്തിന്റേത് മാത്രമല്ല. രാജ്യത്തെ മുഴുവന്‍ ഭക്തര്‍ക്കും ശബരിമലയില്‍ എത്താനുള്ള അവസരം ഉണ്ടാക്കണം. തീര്‍ത്ഥാടകര്‍ക്ക് തടസ്സമില്ലാതെ വരാനാവണം. നിരോധനാജ്ഞ ഭക്തരെ തടയാന്‍ മാത്രമാണ് ഉപകരിക്കുന്നത്. സന്നിധാനത്ത് ശരണം വിളിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്ക് വരുന്ന ബസ്സില്‍ 50 തീര്‍ത്ഥാടകരുണ്ട്. അവര്‍ ഒരുമിച്ചെത്തുമ്പേള്‍ നിരോധനാജ്ഞയ്ക്ക് അര്‍ഥമുണ്ടോ? ശബരിമലയില്‍ നിന്നു ഭക്തരെ അകറ്റുന്ന മാസ്റ്റര്‍പ്ലാനാണ് നടപ്പാക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഇപ്പോള്‍ നാമം ജപിക്കാന്‍ പോലും തീര്‍ത്ഥാടകര്‍ക്ക് ഭയമാണ്. നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ശബരിമല ദര്‍ശനത്തിനു ശേഷം അദ്ദേഹം പറഞ്ഞു. അതേസമയം, സുപ്രിംകോടതി വിധിയോട് പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss