|    Jan 19 Thu, 2017 12:12 pm
FLASH NEWS

സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി എഐവൈഎഫ്

Published : 10th October 2016 | Posted By: SMR

തിരുവനന്തപുരം: എഐവൈഎഫ് 20ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന പ്രതിനിധിസമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ കുറ്റപ്പെടുത്തല്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ വിവാദത്തില്‍പ്പെട്ടത് ദൗര്‍ഭാഗ്യകരമെന്നു പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുണ്ടായിട്ടുള്ള വിവാദങ്ങള്‍ എല്‍ഡിഎഫിനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. 1957 മുതല്‍ അധികാരത്തില്‍ വന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളും അതിനു നേതൃത്വം കൊടുത്തവരും വ്യക്തിജീവിതത്തിലും ഭരണകാര്യങ്ങളിലും സ്വീകരിച്ചിരുന്ന മൂല്യങ്ങളും ലാളിത്യവുമാവണം ഇടതുഭരണാധികാരികളെ നയിക്കേണ്ടത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും രാഷ്ട്രീയ അധാര്‍മികതയ്ക്കുമെതിരായി കേരളത്തില്‍ നടത്തിയ പോരാട്ടങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ തികച്ചും ക്രൂരമായാണു നേരിട്ടത്. യുവജനപോരാളികള്‍ ഏറ്റുവാങ്ങിയ മര്‍ദനങ്ങളും പീഡനങ്ങളും വഴി രൂപപ്പെട്ട പൊതുജനാഭിപ്രായമാണ് എല്‍ഡിഎഫിന് 91 സീറ്റിന്റെ ഭൂരിപക്ഷം സമ്മാനിച്ചതെന്നും പ്രമേയം ഓര്‍മപ്പെടുത്തുന്നു.
ഉന്നതവിദ്യാഭ്യാസരംഗത്തു കടുത്ത വിദ്യാര്‍ഥി ചൂഷണത്തിന് കളമൊരുക്കുന്ന സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ പഴുതുകളില്ലാത്ത നിയമനിര്‍മാണം നടത്തണം. സര്‍ക്കാര്‍ മെഡിക്കല്‍, എന്‍ജിനീയറിങ് കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളും സീറ്റുകളും വര്‍ധിപ്പിച്ച് വിദ്യാഭ്യാസ കച്ചവടക്കാരെ കേരളീയ വിദ്യാഭ്യാസ മണ്ഡലത്തില്‍നിന്നു മാറ്റിനിര്‍ത്തണം.
സര്‍ക്കാര്‍ മേഖലയിലെ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാത്ത വകുപ്പുതലവന്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാതെ കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്. പലപ്പോഴും സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള അവസരമായും ഇതുപയോഗിക്കുന്നു. അതിനാല്‍, ഒഴിവുകള്‍ അടിയന്തരമായി റിപോര്‍ട്ട് ചെയ്ത് നിയമനം ത്വരിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡിവൈഎഫ്‌ഐയുടെ തന്‍പ്രമാണിത്വം ഇടത് ഐക്യം തകര്‍ക്കുന്നുവെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ട്ട്  വിമര്‍ശിച്ചു. ഇടതുയുവജനസംഘടനകളെ ഒരുമിച്ചുകൊണ്ടുപോവേണ്ട ഉത്തരവാദിത്തം മുഖ്യയുവജനസംഘടനയെന്ന നിലയില്‍ ഡിവൈഎഫ്‌ഐക്കായിരുന്നെങ്കിലും ഇതു പലപ്പോഴും നിര്‍വഹിക്കാന്‍ അവര്‍ തയ്യാറായില്ല. പ്രതിപക്ഷത്തുള്ള സമയത്ത് ഇടത് യുവജനസംഘടനകളുടെ ഐക്യവേദി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉത്തരവാദപ്പെട്ട ഡിവൈഎഫ്‌ഐ പരാജയപ്പെട്ടെന്നും സംസ്ഥാന സെക്രട്ടറി കെ രാജന്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
സര്‍ക്കാര്‍ ജോലി ഷോര്‍ട്ട് സര്‍വീസായി പരിമിതപ്പെടുത്തി യോഗ്യരായ എല്ലാവര്‍ക്കും സര്‍ക്കാരിനെ സേവിക്കാനവസരം നല്‍കണമെന്ന് റിപോര്‍ട്ട് നിര്‍ദേശിക്കുന്നു. ജോലിക്ക് കയറാനുള്ള പ്രായം 45 വരെയാക്കാം. അപ്പോള്‍ 65വരെ പെന്‍ഷന്‍പ്രായം ഉയര്‍ത്താം. 20 വയസ്സില്‍ ജോലി ലഭിക്കുന്നയാള്‍ 40ലോ 45ലോ വിരമിക്കട്ടെയെന്നാണ് നിലപാട്. പ്രായപരിധിയില്‍ മാറ്റംവരുത്താത്തിടത്തോളം കാലം പെന്‍ഷന്‍പ്രായം നിലവിലുള്ളതില്‍ നിന്ന് ഒരുദിവസംപോലും വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സംഘടനയാണ് എഐവൈഎഫ് എന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക