|    Nov 15 Thu, 2018 12:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാരിനെതിരേ യുഡിഎഫ് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാരിനെതിരെയുള്ള സമരത്തിനു തുടക്കംകുറിച്ചുകൊണ്ട് യുഡിഎഫ് എംഎല്‍എമാരും ജനപ്രതിനിധികളും സെക്രട്ടേറിയറ്റിനു മുമ്പില്‍ പ്രതിഷേധധര്‍ണ നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, കഴിഞ്ഞ ബജറ്റിലൂടെ ഭാഗപത്ര ഉടമ്പടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ് കൂട്ടിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധര്‍ണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിന്‍കീഴില്‍ കേരളം കള്ളന്‍മാരുടെ പറുദീസയായെന്നു ചെന്നിത്തല കുറ്റപ്പെടുത്തി. വിദേശികള്‍ക്കു പോലും മോഷ്ടിക്കാന്‍ കഴിയുന്ന സ്ഥലമായി കേരളം മാറി. കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനം ഉണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പോലിസുകാരനെതിരേ നടപടിയെടുക്കുന്നതിനുപോലും 24 മണിക്കൂര്‍ വേണ്ടിവന്നു. കൊല്ലത്ത് വയര്‍ലസ് സെറ്റുകൊണ്ട് പോലിസുകാരന്‍ യാത്രക്കാരന്റെ തല തല്ലിപ്പൊളിച്ചു. ഭാഗപത്ര ഒഴിമുറിക്കു മൂന്നു ശതമാനം നികുതി ഏര്‍പ്പെടുത്തിയെന്നു മാത്രമല്ല, 1000 രൂപ എന്ന പരിധിയും എടുത്തുകളഞ്ഞു. ധനനിശ്ചയത്തിനുള്ള നികുതി രണ്ടു ശതമാനത്തില്‍ നിന്നു മൂന്നു ശതമാനമായി വര്‍ധിച്ചു. മനുഷ്യത്വരഹിതമായ ഈ നടപടി പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തെറ്റായ കണക്കുകള്‍ കാട്ടി സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണു ധനമന്ത്രി ശ്രമിക്കുന്നതെന്നു തുടര്‍ന്നു സംസാരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലാഭകരമല്ലെന്ന കാരണം പറഞ്ഞ് നന്‍മ സ്‌റ്റോറുകള്‍ പൂട്ടാനുള്ള നീക്കത്തിനെതിരേ ശക്തമായ സമരങ്ങളുണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ കൊലപാതകരാഷ്ട്രീയത്തിന്റെ വക്താക്കളായി മാറുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കുറ്റപ്പെടുത്തി.
യുഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നു പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെട്ടുറപ്പോടെയാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ യാത്ര ആശങ്കയുടെ പാതയിലൂടെയാണ്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലാണ് ഭാഗപത്രത്തിനും ഒഴിമുറിക്കും നികുതി വര്‍ധിപ്പിച്ചത്.കണ്ണൂര്‍ ഉള്‍പ്പെടെ സംഘര്‍ഷഭരിതമായ സ്ഥലത്തു പോലും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും സമാധാനം പുലര്‍ന്നിരുന്നു. ജനങ്ങളുടെ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് ശക്തമായി മുന്നോട്ടുപോവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss