|    Oct 21 Sat, 2017 7:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സര്‍ക്കാരിനെതിരേ ഭൂസമരത്തിന് നേതൃത്വം നല്‍കും: ജിഗ്‌നേഷ് മേവാനി

Published : 15th October 2016 | Posted By: SMR

തൃശൂര്‍: കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരേ ദലിത് ഭൂസമരത്തിന് നേതൃത്വം നല്‍കുമെന്ന് ഗുജറാത്തിലെ ദലിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി. ദലിതുകള്‍ ഐക്യപ്പെടുക, ദലിതുകളോട് ഐക്യപ്പെടുക എന്ന മുദ്രാവാക്യമുയര്‍ത്തി തൃശൂരില്‍ സംഘടിപ്പിച്ച ജനാധിപത്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അനധികൃതമായി അഞ്ചു ലക്ഷം ഏക്കര്‍ ഭൂമി കുത്തകകള്‍ കൈയേറിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും അത് പിടിച്ചെടുത്ത് ഭൂരഹിതരായ ദലിതുകള്‍ക്ക് നല്‍കാന്‍ ഇവിടത്തെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഭൂപരിഷ്‌കരണത്തിന്റെ ഗുണഭോക്താക്കളാവാന്‍ കേരളത്തിലെ ദലിതുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഗുജറാത്തില്‍ ദലിത് ഭൂസമരത്തില്‍ നമ്മോടൊപ്പം നിന്ന ഇടതുപക്ഷം കേരളത്തിലെ ഭൂപ്രശ്‌നത്തില്‍ ദലിതുകളോട് മുഖംതിരിഞ്ഞുനില്‍ക്കുകയാണ്. ഇതിനെതിരേ ദലിതുകളെ ഐക്യപ്പെടുത്തുമെന്നും കേരളത്തിലെ സമരങ്ങള്‍ മുന്നില്‍നിന്ന് നയിക്കാന്‍ തയ്യാറാണെന്നും ജിഗ്‌നേഷ് പ്രഖ്യാപിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഹിന്ദുത്വകലാപങ്ങള്‍ക്കെതിരേ ദലിത്-മുസ്‌ലിം ഐക്യം ശക്തിപ്പെടേണ്ടതുണ്ട്. അഹ്മദാബാദില്‍ ദലിതുകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മുസ്‌ലിംകളോടും നാം ഐക്യപ്പെടേണ്ടതുണ്ട്. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ മുസ്‌ലിംകള്‍ക്കൊപ്പം നിന്ന് പോരാടാന്‍ ദലിതുകളുണ്ടാവുമെന്നും ജിഗ്‌നേഷ് പറഞ്ഞു.
രാജ്യത്ത് അടിസ്ഥാന ജനവിഭാഗങ്ങളുടെ യോജിച്ചുള്ള പോരാട്ടം ശക്തിപ്പെടേണ്ടതുണ്ട്. ഉനയില്‍ ദലിതുകള്‍ ഉയര്‍ത്തിവിട്ട തീജ്വാല രാജ്യം മുഴുവന്‍ വ്യാപിക്കും. നാഗ്പൂരിലിരുന്ന് ഭരണം നിയന്ത്രിക്കുന്ന ആര്‍എസ്എസ് മേധാവിയും ഡല്‍ഹിയില്‍ ഭരണം നടത്തുന്ന മോദിയും അമിത് ഷായും ഇത് ഓര്‍ക്കുന്നത് നല്ലതാണ്. അദാനിക്കും അംബാനിക്കും ഏക്കര്‍കണക്കിന് ഭൂമി പതിച്ചുനല്‍കുന്ന സര്‍ക്കാരുകള്‍ ദലിതുകളെ പുറന്തള്ളുകയാണ്. ഗുജറാത്തില്‍ ആയിരക്കണക്കിന് ദലിതുകളെയാണ് കുത്തകക്കമ്പനികള്‍ക്കുവേണ്ടി കുടിയിറക്കിയത്. വൈബ്രന്റ് ഗുജറാത്തില്‍ ആയിരക്കണക്കിന് പാവപ്പെട്ട തൊഴിലാളികളുടെ ദിവസക്കൂലി 110 രൂപയാണെന്ന് പുറംലോകം അറിയേണ്ടതുണ്ട്.
ദലിത് സമരങ്ങള്‍ ബ്രാഹ്മണ ഫാഷിസത്തിലും സംഘപരിവാര വിരുദ്ധതയിലും ഒതുങ്ങിപ്പോവരുതെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. അവകാശങ്ങള്‍ പിടിച്ചെടുക്കുന്നതിനും സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ദലിത് പോരാട്ടങ്ങള്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വിദ്യാഭ്യാസത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും ദലിതുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ജിഗ്‌നേഷ് കൂട്ടിച്ചേര്‍ത്തു.
ദലിത് ജനാധിപത്യ വേദി സംഘടിപ്പിച്ച സംഗമത്തില്‍ ടി കെ വാസു അധ്യക്ഷത വഹിച്ചു. ദലിത് നേതാക്കളായ മൂലനിവാസി മാല, സലിംകുമാര്‍, പി സി ഉണ്ണിച്ചെക്കന്‍, സലീന പ്രക്കാനം, എം എ ലക്ഷ്മണ്‍, കെ എസ് സോമന്‍, സതി അങ്കമാലി, പി ജെ മോന്‍സി, സി എസ് മുരളി, പി ടി ഹരിദാസ്, പൂനം റഹീം, പ്രകാശന്‍ അയനിക്കല്‍, കെ വി സനല്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക