|    Nov 16 Fri, 2018 1:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തുന്നവര്‍ ഒറ്റപ്പെടും: മന്ത്രി

Published : 3rd November 2018 | Posted By: kasim kzm

കോഴിക്കോട്/തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരേ എന്ത് ഗൂഢാലോചന നടത്തിയാലും അവര്‍ ഒറ്റപ്പെടുകയേയുള്ളൂവെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ ചോര വീഴ്ത്താന്‍ ആഹ്വാനം ചെയ്യുന്ന ആളുകളാണ് ഇപ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കേരളം വിദ്യാഭ്യാസ സമ്പന്നരുടെ നാടാണ്. അതു മറക്കേണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. കോഴിക്കോട്ട് കേരള സോപ്‌സ് ഫാക്ടറി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം അനുഭവിച്ച മഹാപ്രളയത്തിനുശേഷം നവകേരള നിര്‍മിതിക്കായാണ് സാലറി ചലഞ്ച് പ്രഖ്യാപിച്ചിട്ടുള്ളത്. അത് സന്‍മനസ്സുള്ളവരുടെ സഹായമാണ്. പക്ഷേ, അതിനെ തകര്‍ക്കാനാണ് പലരും ശ്രമിച്ചത്. ഇതിന്റെ ഭാഗമായുള്ളതാണ് ഹൈക്കോടതിയിലെ കേസുകളെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. സാലറി ചലഞ്ച് ബലപ്രയോഗത്തിലൂടെ സര്‍ക്കാര്‍ നടത്തിയിട്ടില്ല. അത് സര്‍ക്കാര്‍ നയമല്ല. നല്ല മനസ്സുള്ള എല്ലാവരും സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിലുടനീളം കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.
പന്തളത്തെ ശിവദാസന്റെ മരണം പോലിസ് ലാത്തിച്ചാര്‍ജിന്റെ ഫലമായി ഉണ്ടായതാണെന്ന പ്രചാരണമാണ് ഇപ്പോള്‍ സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും ശ്രമം നടത്തി. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ തന്നെയാണ് ഈ നുണപ്രചാരവേലയ്ക്കു നേതൃത്വം നല്‍കുന്നത്. ഗുജറാത്ത് വംശഹത്യക്കു മുമ്പ് സമാനമായ പ്രചാരവേലകള്‍ അവിടെ നടത്തിയതായി കമ്മീഷന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാനരീതിയാണ് ഇപ്പോള്‍ കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
ശബരിമല കലാപഭൂമിയാക്കാനും രക്തം വീഴ്ത്തി അശുദ്ധമാക്കി നടയടപ്പിക്കാനും പദ്ധതിയിട്ട സംഘപരിവാരത്തിന്റെ അജണ്ടയുടെ ഭാഗമായി സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. ശബരിമലയുടെ പേരില്‍ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനും നാട്ടിലാകമാനം കലാപം അഴിച്ചുവിടാനും സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss