|    Mar 27 Mon, 2017 12:26 am
FLASH NEWS

സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മുന്‍ ഗവ. പ്ലീഡര്‍

Published : 17th July 2016 | Posted By: SMR

തിരുവനന്തപുരം: ടാറ്റ അടക്കമുള്ള വമ്പന്‍മാരുടെ കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ റവന്യൂ പ്ലീഡര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റിയതിനെതിരേ സുശീല ആര്‍ ഭട്ട് രംഗത്ത്. ഭൂമാഫിയകളെ സഹായിക്കാനാണോ ഈ നീക്കമെന്നു സംശയിക്കുന്നതായി അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ടാറ്റയുടെ ബംഗ്ലാവ് ടൂറിസത്തിന് ഉപയോഗിക്കുന്നതിനെതിരെയുള്ള കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണു സ്ഥാനമാറ്റം. ഇതു സര്‍ക്കാരിനു ദോഷംചെയ്യുമെന്നാണ് ആശങ്ക. 2011 മുതല്‍ താന്‍ മുഴുവന്‍സമയവും റവന്യൂ കേസുകള്‍ക്കായി ചെലവഴിച്ചിരുന്നു. കേസുകള്‍ സംബന്ധിച്ച് ആഴത്തില്‍ പഠനവും നടത്തിയിട്ടുണ്ട്. ഹാരിസണ്‍, ചെറുവള്ളി, റിയ എസ്‌റ്റേറ്റുകളുടെ 40,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി ശരിവച്ചതടക്കം നിരവധി കേസുകള്‍ സര്‍ക്കാരിന് അനുകൂലമായിരുന്നു ഇതുവരെ. ഭൂമി കൈയേറ്റം തടയാന്‍ എറണാകുളം കലക്ടറെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ചത് ഹൈക്കോടതി ശരിവച്ചതും തന്റെ ഇടപെടലിനെത്തുടര്‍ന്നാണ്.
ഹാരിസണ്‍, ചെറുവള്ളി എസ്റ്റേറ്റുകളില്‍നിന്നു മരംമുറി നിരോധിച്ച ഉത്തരവടക്കം നിരവധി അനുകൂല വിധികള്‍ നേടിയിട്ടും മുന്നറിയിപ്പില്ലാതെ മാറ്റിയതു കൈയേറ്റക്കാരെ സഹായിക്കാനാണോ എന്നാണു സംശയം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും വഴങ്ങിയില്ല. അന്നുമുതല്‍ മാറ്റാന്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വന്നതോടെ ആ ഫയല്‍ നീങ്ങിയില്ല. രണ്ട് സ്റ്റാഫുകളുടെ ശമ്പളം തടഞ്ഞുവച്ചു. താന്‍ പണം കൊടുത്താണ് സ്റ്റാഫിനെ നിലനിര്‍ത്തിയതെന്നും സുശീല ഭട്ട് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക