|    Jul 21 Fri, 2017 6:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സര്‍ക്കസില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബാലികയെ വിട്ടയച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 1st July 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: സര്‍ക്കസ് തമ്പില്‍ നിന്ന് ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് കസ്റ്റഡിയിലെടുത്ത വിദേശി ബാലികയെ നിരുപാധികം വിട്ടയച്ച ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിനെതിരേ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ ചാര്‍ജ് ചെയ്ത കേസില്‍ ബന്ധപ്പെട്ടവരോട് ജൂലൈ 14ന് ഹിയറിങിന് ഹാജരാവാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.
തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍, ജില്ലാ ലേബര്‍ ഓഫിസര്‍, സാമൂഹികനീതി ജില്ലാ ഓഫിസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് അയച്ചതായി ബാലാവകാശ കമ്മീഷന്‍ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
മംഗോളിയന്‍ സ്വദേശിനിയായ 14കാരിയെയാണ് ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് ബാലവേല നിയമപ്രകാരം വെങ്ങല്ലൂരില്‍ ഗ്ലോബല്‍ സര്‍ക്കസ് ക്യാംപില്‍ നിന്നു ഫെബ്രുവരി ഒന്നിന് കസറ്റഡിയിലെടുത്തത്. എന്നാല്‍, ഫെബ്രുവരി അഞ്ചിന് സര്‍ക്കസ് അധികൃതര്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കിയെന്നു ചൂണ്ടിക്കാട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ വിട്ടയക്കുകയായിരുന്നു. ഔദ്യോഗിക രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് 14 വയസ്സ് കഴിഞ്ഞ് മാസങ്ങളായതിനാല്‍ ബാലവേല നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ വിട്ടുനല്‍കിയത്.
മംഗോളിയയില്‍ ഒമ്പതാംക്ലാസ് വരെ പഠിച്ച പെണ്‍കുട്ടിയെ മാതാപിതാക്കളാണ് അയച്ചതെന്നായിരുന്നു സര്‍ക്കസ് കമ്പനിയുടെ വിശദീകരണം. 2015 സപ്തംബര്‍ 24നാണ് പെണ്‍കുട്ടി നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ എംബസി നല്‍കിയ വിസയില്‍ സര്‍ക്കസ് ആര്‍ട്ടിസ്റ്റ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് ഇടപാടിലൂടെയാണ് പെണ്‍കുട്ടിയെ സര്‍ക്കസിനു ലഭിച്ചതെന്ന് സര്‍ക്കസ് മാനേജര്‍ അറിയിച്ചിരുന്നു. വേതനം കുട്ടിക്ക് നേരിട്ടു നല്‍കാതെ ഏജന്റിനാണ് നല്‍കിയിരുന്നത്. എന്നാല്‍ 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമം സെക്ഷന്‍ 79 പ്രകാരം അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സാമ്പത്തിക ലാഭത്തിനായി വിനോദപരിപാടികള്‍ക്കും മറ്റും 18 വയസ്സില്‍ താഴെയുളളവരെ ഉപയോഗിക്കുന്നത് വിലക്കുന്നതാണ് സെക്ഷന്‍ 79. ഈ നിയമം നിലനില്‍ക്കെ 14വയസ്സുകാരിക്ക് സര്‍ക്കസ് ആര്‍ട്ടിസ്റ്റ് എന്ന തൊഴില്‍ വിസ ഇന്ത്യന്‍ എംബസിയില്‍ നിന്നു ലഭിച്ചത് ദുരൂഹമാണെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക