|    Dec 16 Sat, 2017 7:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സരിതയ്ക്ക് ഐജി എസ്എംഎസ് അയച്ചിരുന്നോഎന്നതില്‍ ആശയക്കുഴപ്പം

Published : 6th September 2016 | Posted By: SMR

കൊച്ചി: സോളാര്‍ കേസില്‍ സരിത നായര്‍ അറസ്റ്റിലാവുന്നതിന് രണ്ടു ദിവസം മുമ്പ് ഐജി പത്മകുമാറിന്റെ നമ്പറില്‍ നിന്ന് സരിതയുടെ നമ്പറിലേക്ക് ഒരു എസ്എംഎസ് അയച്ചിരുന്നോ എന്ന വിഷയത്തില്‍ കമ്മീഷനില്‍ ആശയക്കുഴപ്പം തുടരുന്നു. കമ്മീഷന്റെ കൈവശമുള്ള ഫോണ്‍കോള്‍ ഡീറ്റെയില്‍സില്‍ ഐജിയുടെ നമ്പറില്‍ നിന്ന് സരിതയ്ക്ക് ഒരു എസ്എംഎസ് അയച്ചിരുന്നതായി വ്യക്തമായിരുന്നു.
എന്നാല്‍, പത്മകുമാറിനെ വിസ്തരിക്കുന്നതിനിടെ കമ്മീഷന്‍ അഭിഭാഷകന്‍ കാണിച്ച ഒറിജിനല്‍ സിഡിആര്‍ ലിസ്റ്റില്‍ നിന്ന് അനലൈസ് ചെയ്‌തെടുത്ത പുതിയ ലിസ്റ്റില്‍ തിയ്യതി രേഖപ്പെടുത്തിയതില്‍ ചില അവ്യക്തതകള്‍ ഉള്ളതായി പത്മകുമാര്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
2013 ജൂണ്‍ ഒന്നിന് രാത്രി 11.03നാണ് എസ്എംഎസ് അയച്ചിരിക്കുന്നതെന്നാണ് കമ്മീഷന്‍ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, 2013 ജനുവരി ആറിന് എസ്എംഎസ് അയച്ചിരിക്കുന്നതായാണ് കാണുന്നതെന്ന് പത്മകുമാറും വാദിച്ചു. ഇക്കാര്യത്തില്‍ യഥാര്‍ഥ തിയ്യതി ഉറപ്പിക്കുന്നതിനായി ബന്ധപ്പെട്ട മൊബൈല്‍ഫോണ്‍ സര്‍വീസ് ദാതാക്കളുടെ സഹായം തേടിയിരിക്കുകയാണിപ്പോള്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍.
ഐജി പത്മകുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സരിതയെ 2013 ജൂണ്‍ നാലിന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഐഡിയയുടെ കേരള സര്‍ക്കിള്‍ ഓഫിസര്‍ അഗസ്റ്റിന്‍ ആണ് കമ്മീഷനില്‍ മൊഴി നല്‍കാനെത്തിയത്. സാധാരണയായി സിഡിആര്‍ ലിസ്റ്റില്‍ ദിവസം, മാസം, വര്‍ഷം എന്നീ ക്രമത്തിലാണ് വിവരങ്ങള്‍ രേഖപ്പെടുത്താറുള്ളതെന്ന് അഗസ്റ്റിന്‍ മൊഴി നല്‍കി. പഴയ സിഡിആറുകളില്‍ മാസം, ദിവസം, വര്‍ഷം എന്ന ഫോര്‍മാറ്റിലും കാണാം. എന്നാല്‍, രണ്ടു ഫോര്‍മാറ്റുകളും ഇടവിട്ട് ഒരേ സിഡിആറില്‍ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കമ്മീഷനില്‍ ചര്‍ച്ചയായ ഫോണ്‍നമ്പര്‍ ഐജി പത്മകുമാറിന്റേതും സരിത നായരുടേതും ആണെന്നും ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി രാജേന്ദ്രന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക