|    Jan 24 Tue, 2017 12:51 pm
FLASH NEWS

സരിതയുടെ മൊഴിക്കിടെ നാടകീയരംഗങ്ങള്‍ മകളുടെ പിതൃത്വത്തെ സംബന്ധിച്ച് ചോദ്യം; മൊഴിയെടുക്കല്‍ പൂര്‍ത്തിയായില്ല

Published : 16th December 2015 | Posted By: SMR

കൊച്ചി: സോളാര്‍ കമ്മീഷനു മുമ്പാകെ ആദ്യമായി സരിത എസ് നായര്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ നടന്നത് നാടകീയ രംഗങ്ങള്‍. ഉച്ചയ്ക്കുശേഷം സരിതയുടെ രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തെ സംബന്ധിച്ചു ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം.

2006 അവസാനത്തോടെ ആദ്യ ഭര്‍ത്താവുമായി നിയമപരമായി ബന്ധം വേര്‍പെടുത്തിയ സാഹചര്യത്തില്‍ 2010 ഏപ്രില്‍ ഒന്നിന് പൂജപ്പുര ജയിലില്‍വച്ച് സരിത പ്രസവിച്ചു എന്നു പറയുന്ന പെണ്‍കുട്ടിയുടെ പിതാവ് ആരാണെന്ന കമ്മീഷന്റെ ചോദ്യത്തിനു മറുപടി നല്‍കാതെ സരിത ഒഴിഞ്ഞുമാറി. ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതു കമ്മീഷന്‍ അറിയേണ്ടതില്ലെന്നുമാണ് സരിത മൊഴിനല്‍കിയത്. കുട്ടിയുടെ പിതൃത്വം ചോദ്യംചെയ്യുന്നത് സരിതയുടെ വ്യക്തിപരമായ അവകാശങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണെന്നും മറുപടി പറയാന്‍ നിര്‍ബന്ധിക്കരുതെന്നും സരിതയുടെ അഭിഭാഷകന്‍ കമ്മീഷനോട് അഭ്യര്‍ഥിച്ചു. ചോദ്യത്തെത്തുടര്‍ന്ന് സരിത സോളാര്‍ കമ്മീഷനു മുമ്പാകെ കരഞ്ഞു. തുടര്‍ന്നു മൂക്കില്‍ നിന്നു രക്തം വരുന്നുണ്ടെന്ന് അറിയിച്ച സരിത പുറത്തേക്കു പോയി. നേരത്തേ പലതവണ സരിതയ്ക്ക് ഇത്തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി സരിതയുടെ അഭിഭാഷകന്‍ കമ്മീഷനെ അറിയിച്ചു. അതേസമയം, സരിതയുടെയും അവരുടെ അഭിഭാഷകന്റെയും വാദഗതികളെ നിഷേധിച്ച കമ്മീഷന്‍ അടുത്ത ദിവസവും ഇതേ ചോദ്യം ആവര്‍ത്തിക്കുമെന്നു വ്യക്തമാക്കി.
ബിജുവിന്റെയും തന്റെയും പേരിലുള്ള സോളാര്‍ ബിസിനസ് സ്ഥാപനമായ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് സോളാര്‍ ഉല്‍പന്നങ്ങള്‍ ഒരിക്കലും ആര്‍ക്കും നിര്‍മിച്ചു നല്‍കിയിട്ടില്ലെന്നായിരുന്നു ഇന്നലെ രാവിലെ നടന്ന സിറ്റിങില്‍ സരിത മൊഴിനല്‍കിയത്. സെക്കന്തരാബാദിലെ സുരാന വെഞ്ചേഴ്‌സ്, പൂനെയിലെ യൂണിട്രോണ്‍ എനര്‍ജി സിസ്റ്റം, ബംഗളൂരുവിലെ കൊണാര്‍ക്ക് സോളാര്‍ എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് കമ്പനി സോളാര്‍ ഉല്‍പന്നങ്ങള്‍ സ്ഥാപിച്ചു നല്‍കിയിരുന്നതെന്നും സരിത വ്യക്തമാക്കി. കേരളത്തില്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചുനല്‍കുമ്പോള്‍ അനര്‍ട്ട് വഴി സബ്‌സിഡി നല്‍കുന്നതായി അറിയാമായിരുന്നു. എന്നാല്‍, അതിനുള്ള അപേക്ഷ നല്‍കേണ്ടിയിരുന്നത് ഉപഭോക്താക്കള്‍ നേരിട്ടാണ്. ടീം സോളാര്‍ കമ്പനി ഇത്തരത്തില്‍ 45 ഉപഭോക്താക്കളുടെ അപേക്ഷകള്‍ക്ക് സേവനം നല്‍കിയിട്ടുള്ളതായറിയാം. ഈ അപേക്ഷകളൊന്നും താന്‍ നേരിട്ടല്ല അനര്‍ട്ടിനു നല്‍കിയിട്ടുള്ളത്. അപേക്ഷകള്‍ സ്വീകരിച്ചതു സംബന്ധിച്ചോ അതിന്റെ മറുപടിയെക്കുറിച്ചോ തനിക്കറിയില്ല. ബിജു സിഎംഡി ആയിരുന്ന ടീം സോളാര്‍ കമ്പനിയുടെ ഡയറക്ടര്‍ എന്ന നിലയിലാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം.
ബിജുവും താനും ഭാര്യാഭര്‍ത്താക്കന്‍മാരല്ല. ടീം സോളാര്‍ കമ്പനിയുടെ എനര്‍ജി മാര്‍ക്കറ്റിങ്, ഗവേഷണം, റിപോര്‍ട്ടുകള്‍ തയ്യാറാക്കല്‍, സാങ്കേതിക സഹായം നല്‍കല്‍ എന്നീ കാര്യങ്ങളുടെ ചുമതല മാത്രമായിരുന്നു തനിക്ക്. അതേസമയം, ഫിനാന്‍സും അക്കൗണ്ടിങും വില്‍പനയുമെല്ലാം ബിജുവാണ് നിര്‍വഹിച്ചിരുന്നത്. ഉപഭോക്താക്കളുമായി സംസാരിക്കാന്‍ ചുരുക്കം ചില അവസരങ്ങളില്‍ മാത്രമാണ് തനിക്കൊപ്പം ബിജുവും വന്നിട്ടുള്ളത്. അതേസമയം പണം, ചെക്ക് എന്നിവ അവരില്‍നിന്നു ജീവനക്കാര്‍ വഴിയാണ് ബിജുവിന് എത്തിച്ചു നല്‍കിയിരുന്നത്. 20,000ലധികം രൂപ പണമായി കൈയില്‍ വാങ്ങരുതെന്ന് ബിജു നിര്‍ദേശം നല്‍കിയിരുന്നു. വലിയ പദ്ധതികളുടെ പ്രൊജക്റ്റ് റിപോര്‍ട്ടുകളും സാധ്യതാപഠന റിപോര്‍ട്ടുകളും താന്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍, കേരളത്തില്‍ ഇതുവരെ പുനരുപയോഗ ഊര്‍ജത്തെ സംബന്ധിച്ച കരട് നയം തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍ അതൊന്നും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
നിരവധി ഉപഭോക്താക്കള്‍ ഈ സാധ്യതാപഠന റിപോര്‍ട്ടിന് അനുകൂലമായി പ്രതികരിച്ചിട്ടും കരട് നയത്തിന്റെ അഭാവമാണ് നിരവധി പദ്ധതികള്‍ പാഴാക്കിക്കളഞ്ഞതെന്നും സരിത സോളാര്‍ കമ്മീഷനില്‍ വ്യക്തമാക്കി. ബിജു രാധാകൃഷ്ണന്‍ മുമ്പ് വ്യക്തിഹത്യ നടത്തിയതിനാലും ബ്ലാക്ക്‌മെയില്‍ ചെയ്തതിനാലും താന്‍ നിരവധി തവണ ആത്മഹത്യക്കു ശ്രമിച്ചിരുന്നതായും സരിത മൊഴി നല്‍കി. ബിജു നിര്‍ബന്ധിച്ചാണ് തന്നെ ബിസിനസില്‍ കൂടെ കൂട്ടിയതെന്നും സരിത മൊഴി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക