|    Mar 25 Sat, 2017 3:30 am
FLASH NEWS

സരിതയുടെ കത്തില്‍ 13 ഉന്നതരുടെ പേരുണ്ടെന്ന്‌

Published : 16th January 2016 | Posted By: G.A.G

കൊച്ചി: സരിത ജയിലില്‍വച്ചെഴുതിയ 21 പേജുള്ള കത്തില്‍ പതിമൂന്നോളം ഉന്നതരെക്കുറിച്ചും ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥനെക്കുറിച്ചും പരാമര്‍ശമുണ്ടെന്നു മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ മൊഴിനല്‍കി. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ പേരില്ല. സരിതയുടെ ബന്ധുവെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി അട്ടക്കുളങ്ങര ജയിലില്‍ സരിതയുടെ അമ്മയോടൊപ്പം ഒരാള്‍ സരിതയെ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷമാണ് സരിതയുടെ കത്ത് നാലു പേജായി ചുരുങ്ങിയത്. സരിതയെ സന്ദര്‍ശിച്ചത് ആരായിരുന്നുവെന്ന് ഇപ്പോഴും അറിയില്ലെന്നും സോളാര്‍ കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴിയില്‍ അലക്‌സാണ്ടര്‍ ജേക്കബ് വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിയവേ സരിത പെരുമ്പാവൂര്‍ പോലിസിന്റെ കസ്റ്റഡിയില്‍ പോയിരുന്നു. തിരികെ ജയിലിലെത്തിച്ചപ്പോള്‍ വാര്‍ഡന്‍മാര്‍ നടത്തിയ ദേഹപരിശോധനയിലാണ് 21 പേജുള്ള കത്ത് കണ്ടെടുത്തത്. കത്ത് താന്‍ വായിച്ചിരുന്നില്ല. എന്നാല്‍ അത് പിടിച്ചെടുത്ത ജയില്‍ ഉദ്യോഗസ്ഥരിലൂടെ അതിന്റെ ഉള്ളടക്കം താന്‍ മനസ്സിലാക്കിയിട്ടുണ്ട്. 13 വിഐപികളുടെയും ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെയും പേര് അതിലുണ്ടായിരുന്നു. ജയില്‍ ജീവനക്കാര്‍ പറഞ്ഞത് സാക്ഷ്യപ്പെടുത്താന്‍ തയ്യാറല്ലാത്തതിനാല്‍ സരിതയുടെ ഒറിജിനല്‍ കത്ത് പുറത്തുവരാതിരുന്നാല്‍ താന്‍ പുറത്തുപറയുന്നത് ആരോപണമായി മാറാനും അതുപ്രകാരം അപകീര്‍ത്തിക്കേസിനു സാധ്യതയുള്ളതിനാലുമാണ്  പേരുകള്‍ പറയാത്തതെന്നും അലക്‌സാണ്ടര്‍ ജേക്കബ് കമ്മീഷന് മുമ്പാകെ മൊഴിനല്‍കി. കത്തിലുള്ളവരുടെ പേര് പറയില്ലെന്നു പറഞ്ഞയാള്‍ മുഖ്യമന്ത്രിയുടെ പേര് ഇല്ലെന്നു പറഞ്ഞത് സംശയകരമാണെന്ന് ജസ്റ്റിസ് ശിവരാജന്‍ ചൂണ്ടിക്കാട്ടി. സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്നാണു സരിതയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സരിതയെ അട്ടക്കുളങ്ങരയിലേക്കു മാറ്റിയ 2013 ജൂലൈ 23ന് അവരെ കാണണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം ജീപ്പില്‍ ജയിലിലെത്തിയിരുന്നു. ജീപ്പില്‍ തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാര്‍ഡന്‍ അക്കാര്യം ഫോണില്‍ തന്നെ വിളിച്ചറിയിച്ചു. എന്നാല്‍ വാര്‍ഡന്‍ ഫോണ്‍ ചെയ്തതു കേട്ടയുടന്‍ സംഘം തിരിച്ചുപോയതിനാല്‍ അവരെ പിടികൂടാനോ തിരിച്ചറിയാനോ സാധിച്ചില്ല. അന്നേദിവസംതന്നെ സരിതയെ കാണാനായി 150ലധികം അപേക്ഷകളാണ് ലഭിച്ചത്. മാധ്യമപ്രവര്‍ത്തകരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ലണ്ടനില്‍ നിന്നടക്കം ഫോണ്‍കോളുകളും വന്നിരുന്നു. ഇവരുടെയൊക്കെ പേര് കേട്ടാല്‍ കമ്മീഷന്‍ വിരണ്ടുപോവുമെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. അതേസമയം 26ന് ശേഷം സരിതാ എസ് നായര്‍ ഏതു ദിവസവും സോളാര്‍ കമ്മീഷനില്‍ വിസ്താരത്തിനായി ഹാജരാവാന്‍ തയ്യാറാണെന്ന് സരിതയുടെ അഭിഭാഷകന്‍ സി ഡി ജോണി കമ്മീഷനെ ഫോണ്‍ മുഖേന അറിയിച്ചു. ഇക്കാര്യം 18ന് ചേരുന്ന അഭിഭാഷകരുടെ യോഗത്തില്‍ തീരുമാനിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

(Visited 62 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക