|    Mar 29 Wed, 2017 3:12 am
FLASH NEWS

സരിതയുടെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് ഡിവൈഎസ്പി ഹരികൃഷ്ണന്റെ മൊഴി

Published : 12th July 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂര്‍ പോലിസ് കസ്റ്റഡിയിലിരിക്കേ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ എഴുതിയ വിവാദത്തിനെപ്പറ്റി തനിക്ക് അറിയില്ലെന്ന് പെരുമ്പാവൂര്‍ മുന്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴിനല്‍കി. കത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വരുമ്പോഴാണ് അറിയുന്നതെന്നും ഹരികൃഷ്ണന്‍ മൊഴിനല്‍കി.
മുന്‍ ഐജി പത്മകുമാറിനെതിരേ സരിത ഡിജിപിക്ക് പരാതി നല്‍കിയതിനെപ്പറ്റി കേട്ടിട്ടുണ്ട്. അറസ്റ്റിനുശേഷം താന്‍ സരിതയുടെ വീട് പരിശോധിച്ച് രണ്ട് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തെന്ന വാദവും ഹരികൃഷ്ണന്‍ നിഷേധിച്ചു. സരിത എസ് നായരെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ വാടകവീട്ടില്‍ നിന്നാണെന്ന് പെരുമ്പാവൂര്‍ പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടിലുണ്ടെന്ന് ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ബി രാജേന്ദ്രന്‍ കമ്മീഷനെ അറിയിച്ചു.
ഡിവൈഎസ്പി ഹരികൃഷ്ണനെ ക്രോസ് വിസ്താരം നടത്തുന്നതിനിടെയാണ് സരിതയെ അറസ്റ്റ് ചെയ്തത് വാടകവീട്ടില്‍ നിന്നാണെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നതായി റിപോര്‍ട്ടിന്റെ കോപ്പിസഹിതം ബി രാജേന്ദ്രന്‍ സമര്‍ഥിച്ചത്. സരിതയെ വീടിന് സമീപം വച്ച് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഇന്നലെ രാവിലെ ഹരികൃഷ്ണന്‍ കമ്മിഷന്‍ മുമ്പാകെ മൊഴിനല്‍കിയത്.
പെരുമ്പാവൂര്‍ സ്വദേശി സജാദില്‍ നിന്നും സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ എത്രയും പെട്ടെന്ന് മേല്‍നടപടി സ്വീകരിക്കണമെന്ന് മുന്‍ ഐജി പത്മകുമാര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് സരിതയെ അറസ്റ്റ് ചെയ്തതെന്നും ഹരികൃഷ്ണന്‍ മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍പ്പെട്ടവരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ താന്‍ ശേഖരിച്ചിരുന്നെന്ന സരിതയുടെ മൊഴി ഹരികൃഷ്ണന്‍ നിഷേധിച്ചു. രാഷ്ട്രീയപ്രവര്‍ത്തകര്‍, സിനിമാ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരുമായി നല്ല ബന്ധമുള്ളതായി വരുത്തിത്തീര്‍ക്കാന്‍ സരിത ബോധപൂര്‍വം ശ്രമിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നതായും ഹരികൃഷ്ണന്‍ മൊഴിനല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day