|    Dec 13 Thu, 2018 6:52 am
FLASH NEWS
Home   >  Editpage  >  Editorial  >  

സയണിസ്റ്റ് ഭീകരതയ്ക്ക് മറ്റൊരു ഇര കൂടി

Published : 4th June 2018 | Posted By: kasim kzm

ഗസ ആരോഗ്യ മന്ത്രാലയത്തിലെ സന്നദ്ധ പ്രവര്‍ത്തക റസാല്‍ അല്‍ നജ്ജാറിനെ ഇസ്രായേല്‍ സേന കൊലപ്പെടുത്തിയതിലൂടെ സയണിസ്റ്റ് ഭീകരത ഒരിക്കല്‍ കൂടി ലോകത്തിനു മുന്നില്‍ വെളിവായിരിക്കുകയാണ്. ഗസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണങ്ങൡ പരിക്കേറ്റവരെ പരിചരിക്കുന്നതിനിടയിലാണ് 21കാരിയായ നജ്ജാറിനെ രക്തസാക്ഷിത്വം തേടിയെത്തിയത്.
ആതുരസേവികയാണെന്നു തിരിച്ചറിയാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നിട്ടും നജ്ജാറിന്റെ നെഞ്ചിലേക്കു തന്നെ വെടിയുതിര്‍ത്ത് സൈന്യം അവരെ കൊലപ്പെടുത്തുകയായിരുന്നു.
സ്വന്തം മണ്ണില്‍ ഇസ്രായേല്‍ എന്ന തെമ്മാടിരാഷ്ട്രം നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശങ്ങള്‍ക്കും നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്കുമെതിരേ വീരോചിതമായ ചെറുത്തുനില്‍പിലാണ് വര്‍ഷങ്ങളായി ഫലസ്തീന്‍ ജനത. ഏകപക്ഷീയമായ കടന്നാക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും ഫലസ്തീനികളുടെ പോരാട്ടമനസ്സിനെ അല്‍പം പോലും തളര്‍ത്താനായിട്ടില്ല എന്നതിന്റെ തെളിവാണ് ലോകത്തു തന്നെ കിടയെറ്റാരു സായുധ സൈന്യത്തിനെതിരേ സ്വാതന്ത്ര്യദാഹികളായ ഫലസ്തീനികള്‍ തുടരുന്ന വിമോചന പോരാട്ടം.
ഇസ്രായേലിന്റെ ക്രൂരവൃത്തിക്കെതിരേ അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രതിഷേധം ശക്തമാണെങ്കിലും ഇതിനെയെല്ലാം അവഗണിച്ച് അമേരിക്കന്‍ പിന്തുണയോടെ ആക്രമണം ശക്തിപ്പെടുത്തുകയാണ് ഇസ്രായേല്‍. 120ലധികം ഫലസ്തീനികളെ ഇക്കൊല്ലം മാര്‍ച്ചിനു ശേഷം ഇസ്രായേല്‍ സേന കൊലപ്പെടുത്തി. നജ്ജാര്‍ രക്തസാക്ഷിയായ അതേ ദിവസം തന്നെ സയണിസ്റ്റ് ആക്രമണത്തില്‍ 100ലേറെ ഫലസ്തീനികള്‍ക്കു പരിക്കേറ്റു. ഇതില്‍ 40 പേര്‍ക്കും വെടിയേറ്റ പരിക്കുകളാണ്. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ ഫലസ്തീനികളുടെ പ്രതിഷേധം ശക്തിപ്പെടുന്നത് തെല്‍അവീവിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഏതാണ്ട് എല്ലായ്‌പോഴും ഉണ്ടാവാറുള്ള യുഎന്‍ പ്രമേയപ്രഹസനം ഈ സംഭവദിവസവും അരങ്ങേറിയെന്നതാണ് മറ്റൊരു വശം. ഫലസ്തീനിലെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഗസയിലെ ജനങ്ങള്‍ക്കെതിരേ ഇസ്രായേല്‍ തുടരുന്ന അതിക്രമവും ഉപരോധവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ കുവൈത്ത് അവതരിപ്പിച്ച പ്രമേയം യുഎസ് വീറ്റോ ചെയ്തു. നാലു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നപ്പോള്‍ യുഎസ് മാത്രമാണ് പ്രമേയത്തെ എതിര്‍ത്തു സംസാരിച്ചത്. ഇനി പ്രമേയം പാസായാല്‍ പോലും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങള്‍ക്കു മുമ്പ് സംഭവിച്ച ഗതി തന്നെയാവും ഇത്തവണയും എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല.
ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ലോകജനതയ്ക്ക് എതിരായതിനാല്‍ സയണിസ്റ്റ് ഭീകരരാഷ്ട്രത്തെ ഒറ്റപ്പെടുത്തുകയെന്നതാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര കടമ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss