|    Oct 23 Mon, 2017 5:35 pm
FLASH NEWS

സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരനില്‍നിന്നും തട്ടിയ ഏജന്‍സി ഉടമ അറസ്റ്റില്‍

Published : 14th November 2016 | Posted By: SMR

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ 65 ലക്ഷം ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ്  വില്‍പ്പനക്കാരനില്‍ നിന്നു തട്ടിയെടുത്ത ഏജന്‍സി നടത്തിപ്പുകാരനെ വരന്തരപ്പിള്ളി പോലിസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളിയില്‍ തത്തമ്മ എന്ന പേരില്‍ ലോട്ടറി ഏജന്‍സി നടത്തുന്ന വടക്കുമുറി എടശ്ശേരി ശ്രീഹരി കൃഷ്ണലാല്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റാണ് ഇയാള്‍ തട്ടിയെടുത്തത്. വരന്തരപ്പിള്ളി പെട്രോള്‍ പമ്പിലെ ജീവനക്കാരനായ മുപ്ലിയം സ്വദേശി കോപഌ വീട്ടില്‍ പോള്‍സണ്‍ ഇവരുടെ ഏജന്‍സിയില്‍ നിന്നു 150 ലോട്ടറി ടിക്കറ്റ് വില്‍പനക്കായി വാങ്ങിയിരുന്നു. വൈകീട്ട് ഇന്റര്‍നെറ്റില്‍ റിസള്‍ട്ട് വന്നപ്പോഴാണ് ഒന്നാം സമ്മാനം അടിച്ചത് ഏജന്‍സിയില്‍ നിന്നു വിറ്റ ടിക്കറ്റിനാണെന്ന് നടത്തിപ്പുകാരന്‍ അറിയുന്നത്. ഉടന്‍ തന്നെ പോള്‍സന്റെ അടുത്തെത്തി കൈയിലുണ്ടായിരുന്ന 11 ടിക്കറ്റുകള്‍ ഏജന്‍സിക്കാരന്‍ തിരിച്ച് വാങ്ങി കൊണ്ടു പോവുകയായിരുന്നു. തിരിച്ച് വാങ്ങിയ ടിക്കറ്റുകളില്‍ ഒരെണ്ണത്തിന് ഒന്നാം സമ്മാനം അടിച്ചിട്ടുണ്ടെന്നും സമ്മാനതുക പോള്‍സന് നല്‍കാമെന്നും പറഞ്ഞാണ് ഏജന്‍സിക്കാരന്‍ ടിക്കറ്റ് കൈക്കലാക്കിയത്. ഒരാഴ്ചയായിട്ടും ടിക്കറ്റിനെ കുറിച്ചോ പണത്തെക്കുറിച്ചോ യാതൊരു മറുപടിയും നല്‍കാതായതോടെ ഏജന്‍സിക്കാരനെതിരെ പരാതിയുമായി പോള്‍സണ്‍ പോലിസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയതായി പോലിസ് കണ്ടെത്തിയത്. സമ്മാനര്‍ഹമായ ടിക്കറ്റ് കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക