|    Dec 12 Wed, 2018 12:40 pm
FLASH NEWS

സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശനം; ഗൃഹസന്ദര്‍ശന പരിപാടി ഇന്ന്

Published : 26th May 2018 | Posted By: kasim kzm

കല്‍പ്പറ്റ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഡ്രോപ്ഔട്ട് ഫ്രീ വയനാട് പദ്ധതിയോടനുബന്ധിച്ച് ഗൃഹസന്ദര്‍ശന പരിപാടി ഇന്ന്. ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് യജ്ഞത്തിന്റെ ഭാഗമാവും. എംഎല്‍എമാര്‍ തങ്ങളുടെ മണ്ഡലത്തില്‍ തിരഞ്ഞെടുത്ത കോളനികളില്‍ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യും.
ജില്ലാ കലക്ടര്‍ നെല്ലാറച്ചാല്‍ കോളനിയില്‍ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി സ്‌കൂള്‍ തലങ്ങളില്‍ റിസോഴ്‌സ് ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്ന് കൊഴിഞ്ഞുപോയ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശന യജ്ഞം പൂര്‍ണ വിജയത്തിലെത്തിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരത്തോളം വിദ്യാര്‍ഥികളാണ് പുതുതായി പൊതുവിദ്യാലയങ്ങളിലെത്തിയത്. ഇതിന്റെ വെളിച്ചത്തില്‍ ഇത്തവണയും ഒരുദിവസത്തെ കാംപയിന്‍ നടത്തണമെന്നു തീരുമാനിക്കുകയായിരുന്നു. വിഷയത്തിന്റെ പ്രാധാന്യം വിവരിക്കാന്‍ കോളനികളില്‍ ലഘുലേഖ വിതരണം ചെയ്യും. സ്‌കൂള്‍ തലത്തില്‍ രാവിലെ തന്നെ കാംപയിന്‍ ആരംഭിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരും വാര്‍ഡ് മെംബര്‍മാരും നേതൃത്വം നല്‍കും. ഡ്രോപ്ഔട്ട് ഫ്രീ വയനാട് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയാണ് നീക്കിവച്ചത്.
ജില്ലയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാര്യക്ഷമമായി നടക്കുമ്പോഴും ഒരു വിഭാഗം കുട്ടികള്‍ അകന്നുപോവുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിനു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്എസ്എ എന്നിവയുടെ നേതൃത്വത്തിലായിരുന്നു.
ഇത്തവണ ത്രിതല പഞ്ചായത്തുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം കൂടിയുണ്ട്. സമ്പൂര്‍ണ വിദ്യാലയ പ്രവേശനത്തിന്റെ ഭാഗമായി നിരവധി യോഗങ്ങള്‍ ഇതിനകം ചേര്‍ന്നു. കഴിഞ്ഞ 17ന് രാവിലെ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗം ചേര്‍ന്ന് സ്‌കൂളുകളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അന്ന് ഉച്ചയ്ക്കു ശേഷം പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നു.
19ന് ബിആര്‍സി തലത്തില്‍ എല്‍പി, യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു. ഇതിനു സമാന്തരമായി പഞ്ചായത്ത് തലങ്ങളിലും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രൈമറി തലത്തിലുള്ള അധ്യാപക പരിശീലനം ഇതിനകം പൂര്‍ത്തിയായി. ഹൈസ്‌കൂള്‍ അധ്യാപകരുടെ പരിശീലനം നടന്നുവരികയാണ്. പാഠപുസ്തകങ്ങളും യൂനിഫോമുകളും നേരത്തെ തന്നെ സ്‌കൂളിലെത്തിച്ചു. പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.
സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷര്‍, വിദ്യാഭ്യാസ സ്ഥിരംസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം കലക്ടറേറ്റിലെ എപിജെ ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ആക്റ്റിങ് പ്രസിഡന്റ് കെ മിനി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ബാബുരാജ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss