|    Aug 21 Mon, 2017 3:50 pm
FLASH NEWS

സമ്പൂര്‍ണ സാക്ഷരതയ്ക്കായി ജില്ലയില്‍ സര്‍വേ തുടങ്ങി

Published : 5th August 2017 | Posted By: fsq

 

എരുമേലി: ജില്ലയില്‍ നിരക്ഷരര്‍ കൂടുതലായുള്ളത് എരുമേലി പഞ്ചായത്തിലാണെന്ന് സര്‍വേ റിപോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആദ്യ സമ്പൂര്‍ണ സാക്ഷരതാ സര്‍വേയ്ക്ക് എരുമേലിയില്‍ നിന്ന് തുടക്കമായി. സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ചുള്ള വിവരശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എരുമേലിലെ വാഴക്കാല ലക്ഷംവീട് കോളനിയിലാണ് നടന്നത്. മറ്റു ജില്ലകളിലും നിരക്ഷരരുടെ എണ്ണം കൂടുതലുള്ള പഞ്ചായത്തില്‍നിന്നാണ് സര്‍വേ ആരംഭിക്കുക. എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ 23 വാര്‍ഡുകളിലായി 11,000 ല്‍പ്പരം വീടുകളാണുള്ളത്. ഇത്രയും വീടുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ടെത്തി ഒമ്പതിനകം വിവരശേഖരണം പൂര്‍ത്തിയാക്കും. ഓരോ വാര്‍ഡുകളിലും 50 വീടുകള്‍ക്ക് പത്തുപേരടങ്ങുന്ന സ്‌ക്വാഡുകളാണ് സര്‍വേ നടത്തുക. സര്‍വെയില്‍ കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസവും പ്രായവും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കും. എഴുത്തും വായനയും അറിയില്ലാത്തവരുടെയും വിദ്യാഭ്യാസം കുറവായവരുടെയും പട്ടിക സര്‍വേയ്ക്കുശേഷം തയ്യാറാക്കും. തുടര്‍ന്ന് പരിശീലനം ലഭിച്ചവരെ നിയോഗിച്ച് പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ച് സാക്ഷരരാക്കുകയും പൊതുവിജ്ഞാനം പകരുകയുമാണ് ചെയ്യുക. ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും നിരക്ഷരരെ കണ്ടെത്തി സാക്ഷരതാ പഠന ക്ലാസുകള്‍ നടത്തും. അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ സമ്പൂര്‍ണ സാക്ഷരതയിലെത്തിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എരുമേലിയില്‍ 23 വാര്‍ഡുകളിലുമായി സര്‍വേയ്ക്കായി 23,000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാറാണ് വാഴക്കാലയില്‍ ഭവന സന്ദര്‍ശനം നടത്തി സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ സാക്ഷരതാ വിഭാഗം കോ-ഓഡിനേറ്റര്‍ അബ്ദുല്‍കരീം, പഞ്ചായത്തംഗങ്ങളായ അന്നമ്മ ജെയിംസ്, ജോളി ഫിലിപ്പ്, ബ്ലോക്ക് പ്രേരകുമാരായ സീന, സന്തോഷ്, പഞ്ചായത്ത് പ്രേരകുമാരായ പി കെ റസ്സാഖ്, എന്‍ എം റസാഖ്, കെ ഡി പ്രേമാനന്ദ്, കുടുംബശ്രീ ചെയര്‍പെഴ്‌സണ്‍ രമണി ദിവാകരന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക