|    Oct 18 Wed, 2017 6:41 pm
FLASH NEWS

സമ്പൂര്‍ണ ശുചിത്വനാട്‌; ഗ്രാമപ്പഞ്ചായത്തുകള്‍ ഊര്‍ജിത മുന്നേറ്റം നടത്തണം: മന്ത്രി

Published : 27th August 2016 | Posted By: SMR

കല്‍പ്പറ്റ: തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കി കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റാനുള്ള ലക്ഷ്യത്തിനായി ഗ്രാമപ്പഞ്ചായത്തുകള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കലക്ടറേറ്റിലെ എപിജെ ഹാളില്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട് ഒട്ടേറെ മുന്നേറ്റമുണ്ടാക്കിയ കാലത്തും ആയിരക്കണക്കിന് കുടംബങ്ങള്‍ക്ക് ഇനിയും ശൗച്യാലയങ്ങളില്ലെന്ന ദുരവസ്ഥ അപമാനമാണ്.
ഇതിനൊരു മാറ്റമുണ്ടാവണമെങ്കില്‍ ഗ്രാമതലത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണ്. ഗാന്ധിജയന്തി ദിനത്തില്‍ ജില്ലയില്‍ എല്ലാവര്‍ക്കും ശൗച്യാലയങ്ങള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയണം. ആദിവാസി കോളനികളിലടക്കം കക്കൂസില്ലാത്ത ഒരു വീടു പോലും ഉണ്ടാവരുത്. കേരളപ്പിറവി ദിനത്തില്‍ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ഒരുക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ജില്ലയ്ക്ക് ഇതിനകം ശൗച്യാലയ നിര്‍മാണത്തില്‍ 65 ശതമാനം പദ്ധതി പൂര്‍ത്തീകരണം നടത്താനായിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിര്‍മാണ പുരോഗതികള്‍ ഗ്രാമപ്പഞ്ചായത്തുകള്‍ ഉറപ്പുവരുത്തണം. തനതു ഫണ്ടുകള്‍ കുറവുള്ള പഞ്ചായത്തുകളും പദ്ധതി നിര്‍വഹണത്തില്‍ നിന്നു പിന്നാക്കം പോവേണ്ടതില്ല. മതിയായ തുക കാലതാമസമില്ലാതെ ലഭ്യമാക്കും.
തോട്ടംതൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ ശൗച്യാലയങ്ങള്‍ നിര്‍മിക്കാന്‍ മാനേജ്‌മെന്റിന്റെ സഹകരണവും തേടാം. വഴിസൗകര്യവും മറ്റും ഇല്ലാത്ത ആദിവാസി മേഖലകളില്‍ കക്കൂസ് നിര്‍മാണത്തിന് നിലവിലുള്ള തുക അപര്യാപ്തമാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കക്കൂസ് നിര്‍മിക്കാനുള്ള തുക 25,000 രൂപയായി ഉയര്‍ത്തിയതായും മന്ത്രി പറഞ്ഞു.
സി കെ ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ബി എസ് തിരുമേനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്‍മുഖന്‍, സി കെ സഹദേവന്‍, ടി എസ് ദിലീപ് കുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക