|    Jan 22 Sun, 2017 3:56 pm
FLASH NEWS

സമ്പൂര്‍ണ വൈദ്യുതീകരണം: നടപടിക്രമങ്ങള്‍ ആരംഭിച്ചു

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: 2017 മാര്‍ച്ചോടെ കേരളത്തിലെ എല്ലാ ഭവനങ്ങളും വൈദ്യുതീകരിക്കാനുള്ള കര്‍മപദ്ധതിയുമായി കേരള സര്‍ക്കാരും കെഎസ്ഇബി ലിമിറ്റഡും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ പ്രദേശത്തേക്കും വൈദ്യുതി വിതരണ ശൃംഖല വ്യാപിപ്പിക്കാനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. വൈദ്യുതി ലൈനും ട്രാന്‍സ്‌ഫോര്‍മറും എത്തിയിട്ടില്ലാത്ത മേഖലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം, എംപിമാരുടെയും എംഎല്‍എമാരുടെയും വികസന ഫണ്ടുകള്‍, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ ഫണ്ടുകള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതിവിഹിതം, വിവിധ വികസന പ്രോജക്ടുകളില്‍ നിന്നുള്ള ഫണ്ടുകള്‍ തുടങ്ങിയവ വിനിയോഗിച്ചായിരിക്കും ശൃംഖലാവ്യാപനം നടത്തുക.
ബിപിഎല്‍ ഭവനങ്ങള്‍ക്ക് വെതര്‍പ്രൂഫ് കണക്ഷന്‍ സൗജന്യമായി നല്‍കും. ബിപിഎല്‍ ഇതര ഉപഭോക്താക്കള്‍ വെതര്‍പ്രൂഫ് കണക്ഷനുള്ള എസ്റ്റിമേറ്റ് തുക സ്വയം വഹിക്കേണ്ടതുണ്ട്. ശൃംഖലാ വ്യാപനം പൂര്‍ത്തിയാവുന്ന മുറയ്ക്ക് വയറിങ് പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കണക്ഷന്‍ നല്‍കുന്നതാണ്. ലൈന്‍ വലിക്കുന്നതിന് വനംവകുപ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റു പ്രായോഗിക ബുദ്ധിമുട്ടുകളും ഉള്ളതിനാല്‍ വിദൂരമായ കോളനികളിലേക്ക് നിലവിലുള്ള വിതരണ ശൃംഖല നീട്ടുന്നത് പ്രായോഗികമാവില്ല. അത്തരം സ്ഥലങ്ങളില്‍ വികേന്ദ്രീകൃതമായ ഉല്‍പാദന വിതരണത്തിലൂടെയും മൈക്രോ ഗ്രിഡുകള്‍ സ്ഥാപിച്ചുമൊക്കെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ലക്ഷ്യമിടുന്ന സമയത്തുതന്നെ സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കാനായി വൈദ്യുതി ലഭിക്കാത്തവരുടെ പട്ടിക എത്രയും വേഗം തയ്യാറാക്കാനും ലൈന്‍ നിര്‍മിക്കാനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റെടുക്കാനുമുള്ള നടപടികള്‍ സെക്ഷന്‍ ഓഫിസുകളില്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് നേരിട്ടോ, പഞ്ചായത്തംഗങ്ങള്‍, സന്നദ്ധസംഘടനകള്‍, ഗവണ്മെന്റിതര സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയോ അതതു പ്രദേശത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കാവുന്നതാണ്.
അപേക്ഷയില്‍ ഗുണഭോക്താവിന്റെ പേര്, വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, വീടിന്റെ സ്ഥാനം തിരിച്ചറിയാനുതകുന്ന മാര്‍ഗം, ഉപഭോക്താവ് ദാരിദ്ര്യരേഖയ്ക്കു താഴെയാണോ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണോ, വീട് നിലവില്‍ വയറിങ് പൂര്‍ത്തിയാക്കിയതാണോ തുടങ്ങി ലഭ്യമായ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം. അപേക്ഷയുടെ മാതൃക കെഎസ്ഇബി സെക്ഷന്‍ ഓഫിസുകളില്‍ സൗജന്യമായി ലഭ്യമാണ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ അടുത്തമാസം ഒന്നിനു മുമ്പ് അതത് സെക്ഷന്‍ ഓഫിസുകളില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് കെഎസ്ഇബി സെക്ഷന്‍ ഓഫിസിലെ അസിസ്റ്റന്റ് എന്‍ജിനീയറെ സമീപിക്കാവുന്നതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക