|    Jun 22 Fri, 2018 12:52 pm
FLASH NEWS

സമ്പൂര്‍ണ വൈദ്യുതീകരണം: പട്ടികജാതി കോളനികള്‍ക്ക് ഒരുകോടി

Published : 31st January 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെയും പട്ടികജാതി കോളനികളില്‍ വൈദ്യുതി എത്തിക്കാന്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തി. സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിന്റെ ഭാഗമായാണ് തുക വകയിരുത്തിയത്. കോളനികളിലെ മുഴുവന്‍ വീടുകളും വൈദ്യുതീകരിക്കാന്‍ ആവശ്യമായ രീതിയില്‍ ലൈന്‍ വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണു തീരുമാനം. കണ്ണൂര്‍ ജില്ല സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പട്ടികജാതി ബിപിഎല്‍ കുടുംബങ്ങളുടെ വീടുകള്‍ വൈദ്യുതീകരിക്കല്‍ എന്ന പേരീല്‍ രൂപീകരിച്ച് പദ്ധതി നടപ്പാക്കും.  പദ്ധതിക്ക് ആവശ്യമായ വൈദ്യുതി ലൈന്‍ വലിക്കാനായി 97,55,592 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായതായി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ലാപഞ്ചായത്ത് തുക വകയിരുത്തിയത്. ജില്ലാ പട്ടികജാതി ഓഫിസര്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതിക്ക് നീക്കിവച്ച ശേഷമുള്ള ബാക്കി തുകയില്‍ നിന്ന് 1,50,000 രൂപ കാഞ്ഞിരപ്പൊയില്‍ പട്ടികജാതി കോളനിയില്‍ കുടിവെള്ള പദ്ധതിക്കും 28,07,408 രൂപ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി ഐഎവൈ പദ്ധതിക്ക് വകയിരുത്താനും തീരുമാനിച്ചു.ഫര്‍ണിച്ചര്‍ ദൗര്‍ലഭ്യമുള്ള സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ നല്‍കാന്‍ 2 കോടി നീക്കിവച്ചു. ഈ വര്‍ഷം മാര്‍ച്ചിനകം സ്‌കൂളുകള്‍ക്കാവശ്യമായ ഫര്‍ണിച്ചര്‍ ലഭ്യമാക്കും. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി 22 ലക്ഷം, 16 ശ്മശാനങ്ങള്‍ക്ക് 13 ലക്ഷം വീതം എന്നിങ്ങനെയും പുതിയ പദ്ധതികള്‍ക്ക് ഫണ്ട് വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി വിദഗ്ധരടങ്ങിയ ജില്ലാ പഞ്ചായത്തിന്റെ ആസൂത്രണ സമിതിയും രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും ആസൂത്രണ സമിതി വിദഗ്ധാംഗം കെ വി ഗോവിന്ദന്‍ വൈസ് ചെയര്‍മാനുമാണ്. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ 5 വിദഗ്ധാംഗങ്ങള്‍ എന്നിവരും സമിതിയിലുണ്ട്. വൈസ് പ്രസിഡന്റ് പി പി ദിവ്യ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി ടി റംല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ഴ്‌സണ്‍ കെ ശോഭ, ജില്ലാപഞ്ചായത്ത് സെക്രട്ടറി(ഇന്‍ ചാര്‍ജ്ജ്) വി കെ രാജന്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss