|    Jan 23 Mon, 2017 6:34 pm
FLASH NEWS

സമ്പൂര്‍ണ വൈദ്യുതീകരണം: സപ്തംബര്‍ 4നു ജില്ലാതല സര്‍വേ

Published : 7th August 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയെ മാര്‍ച്ച് മൂന്നോടെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയാക്കി മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ഗ്രാമപ്പഞ്ചായത്ത്-മണ്ഡലം-ജില്ല തലങ്ങളില്‍ വിപുലമായ ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കും.
സപ്തംബര്‍ 4ന് ഒറ്റ ദിവസം കൊണ്ട് ജില്ലയില്‍ ഇനിയും വൈദ്യുതീകരിക്കാത്ത വീടുകള്‍ കണ്ടെത്താനുള്ള സര്‍വേ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഒടുവിലത്തെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 2.50 ലക്ഷം വീടുകളാണ് വൈദ്യുതീകരിക്കാത്തതായി ഉള്ളത്. പഞ്ചായത്ത്, നഗരസഭാ തലത്തില്‍ ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെയായിരിക്കും സര്‍വേ നടത്തുക. 100 ശതമാനം വീടുകളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കിയാവും സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തുക. 2017 മാര്‍ച്ച് 15ന് കേരളം സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. വിപുലമായ ഒരു ജനകീയ പ്രസ്ഥാനമായി സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനത്തെ മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ജില്ലാതലത്തില്‍ ചുമതലയുള്ള മന്ത്രി ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കും.
നിയമസഭാ-മണ്ഡലം തലത്തില്‍ എംഎല്‍എമാരും ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ പ്രസിഡന്റുമാരും ചെയര്‍മാനായി രൂപീകരിക്കുന്ന കമ്മിറ്റികളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, കുടുംബശ്രീ, എന്‍എസ്എസ്, വ്യാപാരികള്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.
16നകം മണ്ഡലതല യോഗങ്ങള്‍ പൂര്‍ത്തിയാക്കും. 26നകം പഞ്ചായത്ത് തല യോഗങ്ങള്‍ നടക്കും.    തുടര്‍ന്നായിരിക്കും സപ്തംബര്‍ നാലിനു സര്‍വേ നടത്തുക. സപ്തംബര്‍ 9ന് ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കും. കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്തി സപ്തംബര്‍ 20നു അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും.
ഇതേ സമയപരിധിയില്‍ തന്നെ സെക്ഷന്‍ തലത്തില്‍ കെഎസ്ഇബി ഉദേ്യാഗസ്ഥര്‍ ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കും. എംഎല്‍എ, എംപി ഫണ്ടും തദ്ദേശ സ്ഥാപന പദ്ധതി ഫണ്ടും എസ്‌സി-എസ്ടി വകുപ്പുകളുടെ ഫണ്ടും സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി ഉപയോഗപ്പെടുത്തും.
യോഗത്തില്‍ കെഎസ്ഇബി ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, എംഎല്‍എമാരായ സി കൃഷ്ണന്‍, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ടി വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, എഡിഎം മുഹമ്മദ് യൂസുഫ്, മറ്റ് ജനപ്രതിനിധികള്‍, വൈദ്യുതി വകുപ്പ് ഉദേ്യാഗസ്ഥര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക