|    Jul 19 Thu, 2018 11:43 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സമ്പൂര്‍ണ ഉള്‍നാടന്‍ ജലപാത വികസന പദ്ധതി നടപ്പാക്കും

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പൂര്‍ണ ഉള്‍നാടന്‍ ജലപാതാ വികസനം കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) സഹകരണത്തോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവളം മുതല്‍ കാസര്‍കോട് വരെയാണ് ഉള്‍നാടന്‍ ജലപാത വികസിപ്പിക്കുന്നത്. പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 2020ല്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഓഹരിയുടമകളുടെ 23ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഇക്കാര്യം സംസാരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഹരിയുടമകള്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 25% ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശയ്ക്ക് യോഗം അംഗീകാരം നല്‍കി. പ്രത്യേക ഉദ്ദേശ്യ കമ്പനിയുടെ 49% വീതം ഓഹരികള്‍ സംസ്ഥാന സര്‍ക്കാരും സിയാലും വഹിക്കും. ബാക്കി രണ്ടു ശതമാനം ചെറുകിട നിക്ഷേപകര്‍ക്ക് അനുവദിക്കും. ഉള്‍നാടന്‍ ജലപാതയിലൂടെ യാത്രക്കാരുടെയും വലിയതോതിലുള്ള ചരക്കുകളുടെയും നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി പ്രധാന ടൂറിസം, വാണിജ്യകേന്ദ്രങ്ങളില്‍ ബോട്ട് ജെട്ടികള്‍, ഹോട്ടലുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കും. സിയാലും ഉപകമ്പനിയായ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയില്‍ സര്‍വീസ് ലിമിറ്റഡും ചേര്‍ന്ന് 669.09 കോടി രൂപ മൊത്തവരുമാനം നേടിയതായി മുഖ്യമന്ത്രി പറഞ്ഞു. 179.45 കോടി രൂപയാണ് സിയാലിന്റെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 89.4 ലക്ഷമാണ്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 15.06 ശതമാനവും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 25.99 ശതമാനവുമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായത്. സിയാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊന്നായി മാറിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss