|    Nov 19 Sun, 2017 2:15 pm
FLASH NEWS
Home   >  Editpage  >  Editorial  >  

സമ്പന്നരും രാഷ്ട്രീയക്കാരും ഒത്തുചേരുമ്പോള്‍

Published : 14th June 2017 | Posted By: fsq

 

ശ്രീവല്‍സം ഗ്രൂപ്പിന്റെ അനധികൃത സമ്പാദ്യവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍ വിരല്‍ചൂണ്ടുന്നത് കേരളത്തിലെ ഇരു മുന്നണികളും ഗ്രൂപ്പിന്റെ അമരക്കാരനായ എം കെ ആര്‍ പിള്ളയെ വഴിവിട്ടു സഹായിച്ചിട്ടുണ്ടോ എന്ന സംശയത്തിലേക്കാണ്. കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങള്‍ പരസ്പരം ചളിവാരിയെറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സിപിഐയും സിപിഎമ്മും പേരുപറഞ്ഞുകൊണ്ടല്ലെങ്കിലും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. അതേസമയം, കോണ്‍ഗ്രസ്സുകാരുടെ ആരോപണം സിപിഐ-സിപിഎം പ്രാദേശിക നേതൃത്വങ്ങള്‍ ശ്രീവല്‍സത്തിന്റെ അനധികൃത ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തുപോരുന്നു എന്നാണ്. ചുരുക്കത്തില്‍ ഇരുമുന്നണികളും സംശയത്തിന്റെ നിഴലിലാണ്. നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടി സംവിധാനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുള്ള ജീര്‍ണതയുടെ ആഴങ്ങള്‍ വിലയിരുത്തുമ്പോള്‍ അതൊക്കെ സ്വാഭാവികമാണു താനും.ഏതായാലും ഒരുകാര്യം വ്യക്തമാണ്- നാഗാലാന്‍ഡില്‍ വെറുമൊരു പോലിസുകാരനായി ജീവിതമാരംഭിച്ച എം കെ രാജേന്ദ്രന്‍ പിള്ളയെന്ന മനുഷ്യന്‍ ഇത്രയും വലിയ ബിസിനസ്-നിക്ഷേപ ശൃംഖല പടുത്തുയര്‍ത്തിയത് ദുരൂഹമായ വഴികളിലൂടെ തന്നെ. രാഷ്ട്രീയനേതൃത്വത്തിന്റെ സഹായമില്ലെങ്കില്‍ അത് അസാധ്യവുമാണ്; സര്‍ക്കാര്‍ ഫണ്ടുകളില്‍ തിരിമറി നടത്തിയിട്ടുണ്ടോ എന്ന സംശയം ഉയരുമ്പോള്‍ വിശേഷിച്ചും. സംസ്ഥാനതലത്തില്‍ മാത്രമായിരിക്കുകയില്ല പിള്ളയ്ക്കു ലഭിച്ച സഹായം. നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ മാത്രമേ ശ്രീവല്‍സം ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്കു പിന്നിലെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ആദായനികുതി വകുപ്പിന് ഈ ദിശയില്‍ എത്രത്തോളം മുന്നോട്ടുപോവാന്‍ സാധിക്കുമെന്നു കണ്ടറിയുക തന്നെ വേണം. ശക്തമായ രാഷ്ട്രീയ പിന്‍ബലത്തോടെയാണ് പിള്ളയും അദ്ദേഹത്തിന്റെ ഗ്രൂപ്പും ചുവടുറപ്പിച്ചിട്ടുള്ളതെങ്കില്‍, എല്ലാ നടപടികളും വഴിപാടായിപ്പോവാനാണു സാധ്യത. ഇന്ത്യയിലുണ്ടാവുന്ന സാമ്പത്തിക അഴിമതികളുടെയെല്ലാം സ്ഥിതി ഏതാണ്ട് ഇങ്ങനെയാണ്. സ്‌കാമുകളുടെ കഥകള്‍ വലിയ പ്രാധാന്യത്തോടെ ഉയര്‍ന്നുവരും. പക്ഷേ, പിന്നാമ്പുറങ്ങളന്വേഷിക്കുമ്പോള്‍ പ്രമുഖ രാഷ്ട്രീയനേതാക്കളുടെ ഒത്താശയോ പങ്കാളിത്തമോ ഒക്കെ അതിലുണ്ടാവും. പിന്നെ എല്ലാം തേഞ്ഞുമാഞ്ഞുപോവുകയാണു പതിവ്. നമ്മുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഈ ദൂഷിതവലയത്തിന്റെ ഭാഗമാണ് ഏറക്കുറേ. ഈ സാഹചര്യത്തില്‍ ശ്രീവല്‍സം ഗ്രൂപ്പിന്റെ അനധികൃത ഇടപാടുകളുടെ കഥകള്‍ മലപോലെ വന്ന് മഞ്ഞുപോലെ പോയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. സമ്പന്നവിഭാഗവും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള പാരസ്പര്യം അത്രയ്ക്കും ഗാഢബന്ധിതവും ശക്തവുമാണല്ലോ നമ്മുടെ നാട്ടില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക