|    Jan 20 Fri, 2017 9:53 pm
FLASH NEWS

സമ്പദ്‌മേഖലയില്‍കിതപ്പ്‌

Published : 10th January 2017 | Posted By: fsq

 

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. മൂന്നു പതിറ്റാണ്ടോളം നീണ്ട കുതിപ്പിനു ശേഷം ചൈന കിതയ്ക്കാന്‍ തുടങ്ങിയതും എണ്ണവിലയിലുണ്ടായ തകര്‍ച്ചയും വന്‍കിട രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച സാമ്പത്തിക പ്രതിസന്ധിയും ഒക്കെ ഇന്ത്യയുടെ നേട്ടങ്ങള്‍ക്ക് സഹായകമായി. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ പ്രകടനം മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പിന്നാക്കംപോക്കാണ് കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്ക് വിഭാഗം പുറത്തിറക്കിയ രേഖകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് സാമ്പത്തിക കുതിപ്പ് കൈവരുത്തുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയോഗത്തില്‍ വികസനരംഗത്ത് തിരിച്ചടിക്കാണു കാരണമാവുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  2015-16 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.6 ശതമാനമായിരുന്നു. മോദിയാണ് ആ സമയത്ത് ഭരിക്കുന്നതെങ്കിലും ആ നേട്ടങ്ങള്‍ക്ക് ആധാരമാവുന്നത് മുന്‍ വര്‍ഷങ്ങളിലെ സാമ്പത്തികനയങ്ങളും നടപടികളുമാണ് എന്ന കാര്യം ഓര്‍ക്കണം. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍, അതായത് 2016-17 കാലത്ത് വളര്‍ച്ചാനിരക്ക് 7.1 ശതമാനമായിരിക്കും എന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്. അതായത് 0.5 ശതമാനം ഇടിവ്. തിരിച്ചടി നേരിട്ട മേഖലകള്‍ സംബന്ധിച്ച വിവരങ്ങളും കേന്ദ്ര സ്ഥിതിവിവരക്കണക്ക് വിഭാഗം നല്‍കുന്നുണ്ട്. പ്രധാനം ഖനനമേഖലയും വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ മേഖലകളിലെ പിന്നാക്കംപോക്കുമാണ്. ഈ ഘടകങ്ങള്‍ സൂചിപ്പിക്കുന്നത് ഉല്‍പാദന, നിര്‍മാണ മേഖലകളില്‍ പിന്നാക്കംപോക്ക് സംഭവിച്ചു എന്നാണ്. സാമ്പത്തികരംഗത്തെ കുതിപ്പിനു കളമൊരുക്കുന്ന ഉല്‍പന്ന നിര്‍മാണരംഗത്തും സര്‍വീസ് മേഖലയിലും നിലവില്‍ തിരിച്ചടിയുടെ കാലമാണെന്ന സൂചനകളും സര്‍ക്കാര്‍ കണക്കുകളില്‍ വ്യക്തമാണ്. മാര്‍ച്ച് അവസാനത്തോടെ സാമ്പത്തികവര്‍ഷത്തിന്റെ പൊതുചിത്രം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പുറത്തിറക്കിയ രേഖകളില്‍ നിന്നു തന്നെ തെളിയുന്നുണ്ട്. ഇപ്പോള്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെയുള്ള സ്ഥിതിവിവരക്കണക്കുകളില്‍ നിന്നു ക്രോഡീകരിച്ചതാണ്. അതായത് നവംബര്‍ എട്ടിന്റെ നോട്ട് നിരോധനം സാമ്പത്തികമേഖലയില്‍ ഉണ്ടാക്കിയ ആഘാതം സംബന്ധിച്ച കണക്കുകള്‍ ഇപ്പോഴത്തെ പഠനത്തില്‍ ഉള്‍പ്പെടുന്നില്ല. അത് മാര്‍ച്ചിനു ശേഷം വരുന്ന അന്തിമ വിശകലനത്തില്‍ വ്യക്തമാവും. പക്ഷേ, റിസര്‍വ് ബാങ്ക് അടക്കമുള്ള ഉന്നത ധനകാര്യ അധികൃതര്‍ സമീപകാലത്തെ പ്രശ്‌നങ്ങള്‍ സാമ്പത്തികമേഖലയില്‍ താല്‍ക്കാലിക തിരിച്ചടികള്‍ക്ക് കാരണമാവുമെന്ന് ഇതിനകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. കണക്കുകളും ജനങ്ങളുടെ ജീവിതാനുഭവങ്ങളും വെളിവാക്കുന്നത് മോദിയുടെ ഭരണം രാജ്യത്തിനു കാര്യമായ സാമ്പത്തികനേട്ടമൊന്നും നല്‍കുന്നതില്‍ വിജയംവരിക്കുകയുണ്ടായില്ല എന്നുതന്നെയാണ്. വാചകക്കസര്‍ത്തല്ല, കൃത്യമായ ആസൂത്രണത്തോടെയും ദീര്‍ഘവീക്ഷണത്തോടെയുമുള്ള സാമ്പത്തിക-ധന മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളും നിയമനടപടികളുമാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമായിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക