|    Sep 21 Thu, 2017 7:31 pm
FLASH NEWS

സമൃദ്ധി പദ്ധതി: പൂമംഗലം-പറവളം തടയണ നിര്‍മാണം തുടങ്ങി

Published : 14th July 2017 | Posted By: fsq

 

തളിപ്പറമ്പ്: സമൃദ്ധി നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ജലസംരക്ഷണ പ്രവൃത്തിക്ക് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പൂമംഗലം-പറവളം വാര്‍ഡില്‍ തുടക്കം കുറിച്ചു. പറവളം തോടില്‍ തടയണ നിര്‍മിച്ച് മന്ത്രി ഡോ. തോമസ് ഐസക്കാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 100 ഹെക്ടര്‍ വിസ്തൃതിയുള്ള സ്ഥലത്തെ തോടുകളില്‍ 200 മീറ്റര്‍ അകലത്തില്‍ തടയണകള്‍ നിര്‍മിക്കുക, കിണര്‍ റീചാര്‍ജിങ്, നീര്‍ക്കുഴികള്‍, മണ്ണ് കയ്യാലകള്‍, കല്ല് കയ്യാലകള്‍ എന്നിവയുടെ നിര്‍മാണം, വയലിന് വരമ്പിടല്‍, ജൈവ വേലി, കുളങ്ങള്‍, ഔഷധത്തോട്ടങ്ങള്‍, നഴ്‌സറികള്‍ എന്നിവയുടെ നിര്‍മാണം, തീറ്റപ്പുല്‍ കൃഷി, ജൈവ വളങ്ങളുടെ ഉല്‍പ്പാദനം, വളക്കുഴികളും കംപോസ്റ്റ് കുഴികളും ബയോഗ്യാസ് പ്ലാന്റുകളും സജ്ജീകരിക്കല്‍, വിവിധ തരം കൃഷികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക. ഇതോടൊപ്പം കരിമ്പം, കാരിക്കടവ് തോടിന്റെ ആഴംകൂട്ടുകയും കയര്‍ ഭൂവസ്ത്രമുപയോഗിച്ച് പാര്‍ശ്വഭിത്തി നിര്‍മിക്കുകയും ചെയ്യും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണറുകള്‍ നിര്‍മിച്ചു നല്‍കും. 125 കുടുംബങ്ങളുള്ള വാര്‍ഡിനെ ഈ വര്‍ഷം മുതല്‍ വരള്‍ച്ച രഹിതമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 20 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കുക. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 30 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. പദ്ധതി പഞ്ചായത്തിന്റെ മറ്റ് വാര്‍ഡുകളില്‍ കൂടി വ്യാപിക്കുന്നതോടെ 300 വാട്ടര്‍ഷെഡുകളാണ് നിര്‍മിക്കുക. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യാതിഥിയായി. അടുത്ത മൂന്ന് മാസത്തെ പ്രവര്‍ത്തന രേഖ പഞ്ചായത്ത് പ്രസിഡന്റ് ഐ വി നാരായണന്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ ലളിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജാനകി, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി രാജീവന്‍, വി എം സീന, കാനായി രാജന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക