|    Jun 25 Mon, 2018 1:52 pm
Home   >  Todays Paper  >  page 12  >  

സമൃദ്ധിയുടെ അളവുകോല്‍ ആരോഗ്യമുള്ള ജനത: കെ എച്ച് നാസര്‍

Published : 19th November 2016 | Posted By: SMR

കായംകുളം: ഏതൊരു ജനതയുടെയും സമൃദ്ധിയുടെ അളവുകോല്‍ ആ രാജ്യത്തെ ആരോഗ്യമുള്ള ജനതയാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയതലത്തില്‍ നടത്തുന്ന ‘ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം’ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കായംകുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമുള്ള ജനതയാണ് ആരോഗ്യമുള്ള രാഷ്ട്രത്തിന്റെ സമ്പത്ത്. നമ്മുടെ യുവത്വത്തെ രോഗങ്ങളുടെ പിടിയിലേക്ക് തള്ളിവിടാതെ പ്രതിരോധശക്തിയാര്‍ജിക്കുകയാണു വേണ്ടത്. ആരോഗ്യവും വിദ്യാഭ്യാസവും ഒരു നല്ല ജനതയുടെ കുതിപ്പിന്റെ ലക്ഷണമാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളനുസരിച്ചു ജീവിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കി ആരോഗ്യമുള്ള ജീവിതത്തിനു നാം തയ്യാറാവണം. ആരോഗ്യസംരക്ഷണത്തിനു സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. വന്‍കിട മുതലാളിമാരുടെ അറവുശാലകളായ സ്വകാര്യ ആശുപത്രികള്‍ തഴച്ചുവളരുന്നത് ആരോഗ്യസംരക്ഷണത്തില്‍ ജനങ്ങള്‍ പിറകോട്ടുപോവുന്നതുകൊണ്ടാണ്. രോഗത്തിന് കീഴ്‌പ്പെടില്ലെന്ന് ഓരോ വ്യക്തിയും തീരുമാനിച്ചാല്‍ രോഗങ്ങള്‍ നാട്ടില്‍നിന്നു പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, നാം ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും പിറകിലാണ്. പ്രമേഹരോഗത്തില്‍ ലോകത്തില്‍ നാം ഏറ്റവും മുന്നിലാണ്. കാന്‍സര്‍ ബാധിതരില്‍ നല്ലൊരു ശതമാനം മലയാളികളാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, ശിശുമരണം ഈ മേഖലകളില്‍ നാം വളരെ മുന്നിലാണ്. ആരോഗ്യരംഗത്ത് അന്താരാഷ്ട്രതലത്തില്‍ പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള നാട്ടിലാണ് ഈ ദുരിതങ്ങളനുഭവിക്കുന്നതെന്ന് നാം മനസ്സിലാക്കണം. ഇതു നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിയെ പിന്നോട്ടടിപ്പിക്കും.
ആരോഗ്യമുള്ള ഒരു ജനതയ്ക്ക് മാത്രമേ ആരോഗ്യമുള്ള രാഷ്ട്രം നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.  ആരോഗ്യം ദൈവത്തിന്റെ വരദാനമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യം സമൂഹത്തിന് പ്രയോജനകരമായി ഉപയോഗപ്പെടുത്തുന്നുെണ്ടന്ന് നാം ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകീട്ട് 4.30ന് സ്വകാര്യ ബസ്സ്റ്റാന്റിനു സമീപത്തുനിന്ന് ആരംഭിച്ച കൂട്ടയോട്ടം പോപുലര്‍ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഹാമിദ് മുഹമ്മദ് ഫഌഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു.  ചടങ്ങില്‍ ഏഴാം വയസ്സില്‍ കരാത്തെ ബ്ലാക്ക് ബെല്‍റ്റ് നേടിയ ആദില്‍ മുഹമ്മദിനെ ആദരിച്ചു. മുഹമ്മ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാര്‍ , ടി പി റഫീഖ്, കെ എസ് സിറാജുദ്ദീന്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന യോഗാ ക്ലാസിന് യോഗാചാര്യന്‍ ടി ഐ എ സലാം നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss