|    Jan 18 Wed, 2017 11:36 am
FLASH NEWS

സമൃദ്ധമല്ലാത്ത ഓണനാളുകള്‍

Published : 7th September 2016 | Posted By: SMR

slug-vettum-thiruthumസമൃദ്ധമല്ലാത്ത ഒരു ഓണക്കാലം കൂടി. ഭരിക്കുന്ന സര്‍ക്കാരിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തിയല്ല ഓണം സമൃദ്ധമല്ലെന്നു വിലയിരുത്തുന്നത്. മുന്‍ ഓണത്തെ അപേക്ഷിച്ച് വിലനിലവാരം തെല്ലൊന്ന് താഴ്ത്തി സര്‍ക്കാര്‍ ഭക്ഷ്യവിതരണം സാധാരണക്കാരന് കണ്ണുതുറിക്കാത്തവിധം ലെവലാക്കിയിട്ടുണ്ട്. ജനങ്ങളുടെ കീശയില്‍ കാശുമുണ്ട്. പ്രശ്‌നം ഇതൊന്നുമല്ല. അന്തരീക്ഷങ്ങളാകെ കണ്ണീരാല്‍ മൂടപ്പെട്ടു. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍, ഭാര്യ അകന്നുപോയ ഭര്‍ത്താവ്, പ്രസ്ഥാനങ്ങളെ തള്ളിപ്പറയുന്ന യുവജനങ്ങള്‍, വിശ്വാസരാഹിത്യങ്ങള്‍. രാഷ്ട്രീയസംഘര്‍ഷങ്ങളെ വിലയിരുത്തുമ്പോള്‍ ഒരു കണ്ണൂരിലാണ് കക്ഷിരാഷ്ട്രീയക്കാര്‍ കേന്ദ്രീകരിക്കുന്നത്. പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ രാഷ്ട്രീയം കലുഷിതമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയിലാണ് പ്രശ്‌നങ്ങള്‍ ഏറെ.
എനിക്കേറെ പരിചയമുള്ള ഒരു രാഷ്ട്രീയവ്യക്തിത്വമാണ് കാസര്‍കോട് ജില്ലയിലെ കുറ്റിക്കോല്‍ ഗോപാലേട്ടന്‍. അദ്ദേഹവും സഖാക്കളും സിപിഐയിലേക്കു കൂടുമാറി. ഈ കൂടുമാറ്റം കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ടിന്ന്. ഇതു സൃഷ്ടിക്കുന്ന സ്‌നേഹശൂന്യതകള്‍ വരുംദിവസങ്ങളില്‍ ഓരോ കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളിലും സ്‌നേഹശൂന്യതകളുടെ തുരുത്തുകള്‍ സൃഷ്ടിക്കും. എന്റെ ഗ്രാമത്തില്‍ ചെറുപ്പക്കാര്‍ ‘ദയ’ എന്ന ലേബലില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കി സജീവമാണ്. ജന്മിത്വ-ദുഷ്പ്രഭുത്വങ്ങള്‍ക്കെതിരേ പോരാടിയ ഓരോ പ്രദേശങ്ങളിലും ചേരിതിരിവുകള്‍ സജീവമാണ്. കയ്യൂരും കരിവെള്ളൂരും മൊറാഴയും പാടിക്കുന്നുമൊക്കെ സംഘര്‍ഷഭരിതം. ഒഞ്ചിയത്ത് ഓരോ അടുപ്പുകളിലും കനലെരിയുന്നു. ശൂരനാട്ടും ഇടപ്പള്ളിയിലും മുഖത്തോടുമുഖം നോക്കാത്തവര്‍ ഏറെ.
ഇത് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രങ്ങള്‍. കോണ്‍ഗ്രസ്സിലോ? പരസ്പരം ഒളിപ്പിച്ചുവച്ച കൂര്‍പ്പിച്ച കഠാരകളുമായി സുധീരന്മാരും ബാലറാം-ചാണ്ടി പ്രഭൃതികളും. ചെന്നിത്തലയാവട്ടെ, അധികാരക്കസേര എവിടെയുണ്ടോ അതിലൊക്കെ കണ്ണുംനട്ടിരിപ്പാണ്. കഴിയുന്നത്ര കൈയടക്കുന്നുമുണ്ട്. ബിജെപിയിലും ചേരിതിരിവുകള്‍ പ്രകടമാണ്. രാഷ്ട്രീയത്തിലെ ചേരിതിരിവുകളും പടലപ്പിണക്കങ്ങളും ജനങ്ങളെ ഓണനാളുകളില്‍ കഷ്ടത്തിലാക്കുവതെങ്ങനെ? പോലിസിനെയും ഉദ്യോഗസ്ഥരെയും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലൂടെ തങ്ങളുടെ വരുതിയിലാക്കി കഷ്ടനഷ്ടങ്ങള്‍ വ്യാപകമാക്കുന്നു. സാംസ്‌കാരികരംഗത്തും കലാകായികരംഗത്തും കേരളം ഇതിനുമുമ്പൊരിക്കലും സഹിച്ചിട്ടില്ലാത്തതിന്‍വണ്ണം പകയും ക്രൗര്യവും തത്ത്വദീക്ഷയില്ലായ്മയും കൊണ്ടാടുന്നു. ബാങ്കുകള്‍ പരസ്പരം പോരടിക്കുന്നു.
മാധ്യമങ്ങളും ജുഡീഷ്യറിയിലൊരുവിഭാഗവും നെരിപ്പോടുകള്‍ ഉള്ളില്‍ ഉണക്കിയും കരിച്ചും സൂക്ഷിക്കുന്നതിനാല്‍ എത്രയോ സാധുക്കള്‍ കോടതിമുറ്റത്ത് ‘വേറാക്കൂറ്’  അനുഭവിക്കുന്നു.
ഓണം എന്നത് ഹിന്ദുവിഭാഗങ്ങളുടെ ആഘോഷം മാത്രമായിരിക്കാം. പക്ഷേ, ഫഌറ്റുകളിലെ തുറക്കാത്ത വാതിലുകള്‍ മക്കളെ ഓണസമൃദ്ധിയുടെ പൂക്കളങ്ങളില്‍നിന്ന് വേര്‍പെടുത്തി ഊഞ്ഞാലില്ലാത്ത, ഇഞ്ചിയും മോരും ശുദ്ധമായി ലഭിക്കാത്ത ഒരു ഓണസമൃദ്ധിയിലേക്ക് കേരളം കൂപ്പുകുത്തുന്നു. ക്രൈസ്തവ-മുസ്‌ലിം വിഭാഗങ്ങളില്‍ അസ്വസ്ഥതകളില്ലേ? ഉണ്ട്. കോഴിക്കോട് ജില്ലയിലെ നാദാപുരം-കുറ്റിയാടി, മലപ്പുറത്തെ താനൂര്‍, തലസ്ഥാന നഗരിക്കു തൊട്ടടുത്ത മല്‍സ്യബന്ധനപ്രദേശങ്ങളൊക്കെ അസ്വസ്ഥമാണ്.
ഇതെഴുതാന്‍ തുടങ്ങുമ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഖേദപൂര്‍വം ഉമ്മയോട് പറയുന്നു: ”എന്നെ ധനുഷ് ഇപ്രാവശ്യം ഓണത്തിനു ക്ഷണിച്ചില്ല. കാരണം, അവന്റെ തറവാട്ടിലൊരു ദുര്‍മരണം സംഭവിച്ചു. അവര്‍ക്ക് ഇക്കുറി ഓണമില്ല.” ആലോചിക്കാം, ഏതു ഗ്രാമത്തിലാണ് ഇക്കാലം ദുര്‍മരണങ്ങള്‍ ഇല്ലാത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക