|    Jun 25 Mon, 2018 10:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സമൂഹ മാധ്യമങ്ങളില്‍ കെണിയൊരുക്കി വീണ്ടും ‘അജ്ഞാതര്‍’

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന യുവതീയുവാക്കളെ ലക്ഷ്യമിട്ട് ദുരൂഹ സംഘങ്ങള്‍ വീണ്ടും സജീവമാവുന്നതിന്റെ സൂചനകള്‍. സിറിയയിലും ഇറാഖിലും മറ്റിതര രാജ്യങ്ങളിലും തലപൊക്കിയ ഐഎസിന്റെ പരാജയവാര്‍ത്തകള്‍ വരുന്നതിനിടെയാണ് കേരളത്തില്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ദുരൂഹസംഘങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ചാറ്റിങ് പുനരാരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു കാണാതാവുകയും പിന്നീട് അഫ്ഗാനിലും സിറിയയിലും കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുകയും ചെയ്തവരുടെ പേരിലാണ് വീണ്ടും ചാറ്റിങും സൗഹൃദവലയമുണ്ടാക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നത്. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ക്ക് ഇന്ത്യയിലെ മുസ്‌ലിം യുവാക്കളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെ ഈയിടെ റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് മുതലേ ഇന്റലിജന്‍സ് വിഭാഗത്തിന്റെ കീഴില്‍ ‘ഓപറേഷന്‍ ചക്രവ്യൂഹ’ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളെ നിരീക്ഷിച്ച് തീവ്ര ചിന്താഗതിക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. നീണ്ട അറബി പേരുകളും താടിയും മുസ്‌ലിം ചിഹ്‌നങ്ങളും ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന ഇത്തരം വിഭാഗത്തെ സഹായിക്കാന്‍ മതകാര്യങ്ങളില്‍ പ്രാവീണ്യമുള്ളവരെയും തിരഞ്ഞെടുത്തിട്ടുണ്ടെന്നാണു വിവരം. എന്നാല്‍ ഇത്തരം വിഭാഗങ്ങള്‍ ഭരണകൂട താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. കേരളത്തില്‍  റിപോര്‍ട്ട് ചെയ്യപ്പെട്ട ചില കാര്യങ്ങള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മതസംഘടനകള്‍ക്ക് ഔദ്യോഗിക വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, മറ്റിതര അക്കൗണ്ടുകളും ഉള്ളപ്പോള്‍ തന്നെ ഇത്തരം മതസംഘടനാ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രാദേശികമായി പല പേരുകളിലും സമൂഹമാധ്യമ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈയ്യിടെ ഇത്തരം ഒരു ഗ്രൂപ്പില്‍ നുഴഞ്ഞുകയറിയ അജ്ഞാതര്‍ ഈ ഗ്രൂപ്പില്‍പ്പെട്ട ആളുകളെ മറ്റൊരു ഗ്രൂപ്പിലേക്ക് ചേര്‍ത്ത് ചാറ്റിങിന്റെ സ്വഭാവത്തില്‍ മാറ്റംവരുത്തിയിരുന്നു. തുടര്‍ന്ന് ഈ ഗ്രൂപ്പില്‍പ്പെട്ട ആളുകളെ അന്വേഷണ ഏജന്‍സികള്‍ വിളിപ്പിക്കുകയും മൊബൈല്‍ ഫോണിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലുമുള്ള ചില സംഭവങ്ങളെ കോര്‍ത്തിണക്കി വൈകാരികതയും തീവ്ര പ്രതികരണ ചിന്തയും ഉണര്‍ത്തുന്ന ഇത്തരം ‘അജ്ഞാതര്‍’ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണവലയത്തിനുള്ളില്‍ തന്നെ തുടരുന്നതാണ് സംശയത്തിനിടനല്‍കുന്നത്. ചാറ്റിങിലൂടെ വിവിധ ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറിയവര്‍ വ്യക്തികളുടെ പ്രതികരണത്തിലുള്ള അഭിരുചി മനസ്സിലാക്കി പിന്നീട് നേരിട്ട് ചാറ്റിങ് നടത്തി കെണിയില്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ഇയ്യിടെ പിടികൂടിയ യുവാക്കളുടെ ഗ്രൂപ്പിലും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിനൊപ്പം ഇത്തരം ഇടപെടലുണ്ടായി എന്നാണു സൂചന. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വ ബന്ധമുള്ള ഹാക്കിങ് വിഭാഗത്തിനും പങ്കുണ്ടാവാനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നുണ്ട്. നേരത്തെ ദക്ഷിണേന്ത്യയിലെ പല സ്ഥലങ്ങൡലും പ്രത്യക്ഷപ്പെട്ട പല ‘മൗലാന’മാരും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി പ്രത്യക്ഷപ്പെടുന്നത് ഇത്തരം നീക്കത്തിന്റെ ഭാഗമാണെന്നാണു കരുതപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss