|    Mar 27 Mon, 2017 10:25 am

സമൂഹവിവാഹം നടത്തിയതില്‍ അഴിമതി; മാണിക്കെതിരേ ത്വരിത പരിശോധന

Published : 6th September 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കോഴ, കോഴി നികുതിവെട്ടിപ്പ് തുടങ്ങിയ കേസുകള്‍ക്കു പിന്നാലെ മുന്‍മന്ത്രി കെ എം മാണിക്ക് വീണ്ടും കുരുക്കായി സമൂഹവിവാഹവും. ബാര്‍ കോഴയ്ക്കു പുറമേ കെ എം മാണി നടത്തിയ മറ്റു മൂന്ന് അഴിമതികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പായ്ചിറ നവാസ് സമര്‍പ്പിച്ച ഹരജിയില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടു.
വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. 45 ദിവസത്തിനകം റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. 2014 ഒക്‌ടോബറില്‍ കേരളാ കോണ്‍ഗ്രസ്-എം സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ 150 പേരുടെ സമൂഹവിവാഹം നടത്തിയത് അഴിമതിപ്പണം ഉപയോഗിച്ചാണെന്നാണ് ഹരജിക്കാരന്റെ പ്രധാന ആരോപണം.
നാലു കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു. സമൂഹവിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക്  സ്വര്‍ണം ഉള്‍പ്പെടെ മൂന്നു ലക്ഷത്തോളം രൂപ നല്‍കി. പാര്‍ട്ടി നിര്‍ദേശിച്ച പട്ടിക പ്രകാരമായിരുന്നു വിവാഹം. വ്യക്തമായ അന്വേഷണങ്ങളോ പരിശോധനകളോ ഇല്ലാതെയാണ് വധൂവരന്‍മാരെ തിരഞ്ഞെടുത്തത്. ഇവര്‍ ഹാജരാക്കിയിരിക്കുന്ന രേഖകള്‍ ഭൂരിഭാഗവും വ്യാജമാണ്. ഇങ്ങനെ ഒരു വിവാഹം നടന്നതായി ജില്ലാ കലക്ടര്‍ക്കോ കോട്ടയം നഗരസഭയ്‌ക്കോ അറിവില്ല. ഇതുവരെ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. അതിനാല്‍,  നിയമസാധുതയുമില്ലെന്നും ഇതില്‍ വ്യാപക കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു.
കൂടാതെ ഗവ. പ്ലീഡര്‍മാരുടെയും കെഎസ്എഫ്ഇയിലെയും നിയമനങ്ങളിലും വ്യാപകമായ ക്രമക്കേടുകള്‍ കെ എം മാണി നടത്തിയിട്ടുണ്ട്. ഗവ. പ്ലീഡര്‍ നിയമനത്തിന് ഒരാളില്‍ നിന്നു 10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി. ഓരോ നിയമനത്തിനും 10 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ടെന്ന് കൊല്ലത്തെ കേരളാ കോണ്‍ഗ്രസ് നേതാവും മാണിയുടെ ബന്ധുവുമായ പ്രമുഖന്‍ വെളിപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സിഡി ഉള്‍പ്പെടെയാണ് പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
ഈ മൂന്നു വിഷയങ്ങളെ സംബന്ധിച്ചും ഒരു കോടതികളിലും കേസ് നിലവിലില്ല എന്നും പ്രത്യേക കോടതി അന്വേഷണം നടത്തണമെന്നും ഹരജിക്കാരനു വേണ്ടി അഡ്വ. പഴയിടം സുരേഷ് വാദിച്ചു. എന്നാല്‍, മാണിക്കെതിരേ ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഒരന്വേഷണം നടക്കുന്നുണ്ടെന്നും സമൂഹവിവാഹം നടന്നത് കോട്ടയത്തായതിനാല്‍ കേസ് പരിഗണിക്കരുതെന്നും ലീഗല്‍ അഡൈ്വസര്‍ എതിര്‍വാദം ഉന്നയിച്ചു. വിശദമായ വാദം കേട്ടതിനു ശേഷമാണ് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ ബദ്‌റുദ്ദീന്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക