|    Jan 24 Tue, 2017 7:02 pm
FLASH NEWS

സമൂഹത്തില്‍ സ്ത്രീയുടെ ഇടം

Published : 13th February 2016 | Posted By: swapna en

JUSTICE


 

തേജസ് ദൈ്വവാരിക ‘സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നീതിലഭിക്കുന്നുണ്ടോ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച


ഷബ്‌ന സിയാദ്
സ്ത്രീ സ്വാതന്ത്ര്യവും നീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം അവര്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിക്കുന്നു. സ്ത്രീക്ക് സമത്വമാണോ

SHBNAനീതിയാണോ വേണ്ടതെന്ന മൗലിക ചോദ്യം തന്നെ ഇനിയും ഉയര്‍ത്തേണ്ടതുണ്ട്. സമത്വത്തിനു വേണ്ടിയുള്ള മുറവിളിയാണ് നാം നിരന്തരം കേള്‍ക്കുന്നത്. എന്നാലിത് അപ്രായോഗികവും അനീതിയുമാണ്. സമത്വമെന്നത് സ്ത്രീ-പുരുഷ ബന്ധത്തിന്റെ കാര്യത്തില്‍ അശാസ്ത്രീയമാണ്. സ്ത്രീക്ക് സാമൂഹ്യനീതിയാണവശ്യമെന്നതില്‍ തര്‍ക്കമില്ല.
രാഷ്ട്രീയ രംഗത്തേക്കുള്ള സ്ത്രീകളുടെ രംഗപ്രവേശനം ആശാവഹമാണ്. സ്ത്രീകള്‍ക്ക് പലതും ചെയ്യാന്‍ കഴിയും. രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകള്‍ നമ്മുടെ മുന്നിലുണ്ട്. അതേസമയം സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യം കണ്ടില്ലെന്ന് നടിക്കാനാകില്ല. നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് സ്ത്രീ പ്രവര്‍ത്തിക്കുന്നത്.
പുരോഗമനപരമായ ഒരു ഭാവിയിലേക്ക് പുരുഷന്റെയൊപ്പം സ്ത്രീക്കും കടന്നുകയറേണ്ടതുണ്ട്. അതിന് ഇനിയും ഏറെ ദൂരം മുന്നോട്ടുപോണം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിച്ചു നിന്ന് സ്ത്രീകളുടെ പൊതുപ്രശ്‌നങ്ങള്‍ ഏറ്റെടുത്താലേ പുരോഗതി കൈവരിക്കാനാകൂ. അത്തരമൊരു സാമൂഹ്യ മുന്നേറ്റത്തിനാവശ്യമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
കാനത്തില്‍ ജമീല
ലിംഗനീതി, ലിംഗസമത്വം തുടങ്ങിയ വിഷയത്തിലൂന്നിയുള്ള ചര്‍ച്ചകള്‍ സജീവമാണിപ്പോള്‍. തുല്യതയും നീതിയും ഒന്നല്ല. സ്ത്രീകള്‍ക്ക് നീതിയാണ് വേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സംവരണം ഏര്‍പെടുത്തിയതിന് ശേഷമാണ് വീടിനകത്തിരുന്നവര്‍  പുറംലോകം കണ്ടുതുടങ്ങിയത്. സ്ത്രീനീതി സംബന്ധിച്ച് കാലങ്ങളായി ഇവിടെ ചര്‍ച്ചകള്‍ നടക്കുന്നു. എന്നിട്ടും എത്ര അകലയാണിപ്പോഴും നീതി. ത്രിതല പഞ്ചായത്തുകളിലേക്ക് മറ്റ് വഴികളില്ലാത്തതുകൊണ്ട് മാത്രമാണ് സ്ത്രീകളെ കൊണ്ടുവന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടി ഭാര്യമാരെ രംഗത്തിറക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്. ഭാര്യയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ ഭര്‍ത്താവ് തന്റെ ചിത്രമാണ് ഫഌക്‌സില്‍ വെക്കുന്നത്. വനിതാ സംവരണം 50 ശതമാനമാക്കി ഉയര്‍ത്തിയിട്ടും സ്ത്രീകള്‍ക്ക് ഭരണം നടത്താന്‍ കഴിയാത്ത ഒരു സാഹചര്യമിവിടെയുണ്ട്.
സ്ത്രീകള്‍ക്ക് നീതി നടപ്പാക്കണമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അവരുടെ നീതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വീട്ടില്‍ നിന്നും തുടങ്ങണം. സ്ത്രീകളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുംവിധം മാനസീകമായ ഉദാരത പുരുഷനുണ്ടാകണം. തലയുള്ളപ്പോള്‍ വാലാട്ടേണ്ടന്നാണ് സാധാരണ പറയുന്നത്. ഇത് പുരുഷാധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്..
33 ശതമാനത്തില്‍ നിന്നും 50 ലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ത്തിയത് നീതിയും സമത്വവും ഉറപ്പവരുത്താനാണ്. സ്ത്രീകള്‍ ആര്‍ജ്ജവത്തോടെ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതുണ്ട്. സ്ത്രീകളുടെ പൊതുരംഗത്തെ പരിചയ കുറവ് കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങളിലൂടെ മാറ്റിയെടുക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. സോണിയാ ഗാന്ധി അടക്കമുള്ള വനിതകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ തലപ്പത്തുണ്ട്.

 

ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാളായ എന്നെ കൈപിടിച്ചുയര്‍ത്താന്‍ എന്റെ പാര്‍ട്ടി ശ്രമിച്ചിട്ടുണ്ട്. മുസ്‌ലിം സ്ത്രീ പര്‍ദ്ദയ്ക്കുള്ളില്‍ സുരക്ഷിതയാണെന്ന് ഞാന്‍ കരുതുന്നില്ല. സ്ത്രീക്ക് പുരുഷന്റേതിനോട് തുല്യമായ വേതനം ലഭ്യമാവാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഷോപ്പുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരിപ്പിടം പോലുമില്ലാത്ത സാഹചര്യമാണുള്ളത്. ഇരട്ടനീതിയെന്നത് യാഥാര്‍ഥ്യം തന്നെയാണ്. സ്ത്രീക്ക് ഏത് വസ്ത്രധാരണം വേണമെന്ന് അവള്‍ തന്നെ തീരുമാനിക്കട്ടെ. അതാണ് സ്വാതന്ത്യം.
ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള ഫാഷിഷത്തിന്റെ ഭീഷണികളെ കുറിച്ച് സത്രീകളും ബോധവധികളാകണം. ഹിന്ദുത്വ ഫാഷിസം പുതിയ അടവുകളുമായി മുന്നോട്ടു വരികയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രസവ വീര അവാര്‍ഡ്. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി  മരണപ്പെട്ടു. ഏറ്റവും ക്രൂരതയോടെ ആ പെണ്‍കുട്ടിയോട് പെരുമാറിയ വ്യക്തി നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടുന്നതാണ് നാം കണ്ടത്. ബസ് സ്റ്റോപ്പില്‍ വെച്ച് കമന്റടിക്കുന്നവര്‍ക്കെതിരെ പോലും നടപടിയെടുക്കാന്‍ നിയമമുണ്ട്. നിയമങ്ങള്‍ നിരവധിയുണ്ടെങ്കിലും സ്ത്രീക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. സ്ത്രീ സമൂഹം ഒറ്റകെട്ടായി നിലകൊണ്ട് ദേശീയ തലത്തില്‍ അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും നീതി ഉറപ്പാക്കാനാവൂം.

ഐഷക്കുട്ടി ടീച്ചര്‍

AYSHAKUTTYസ്ത്രീകളുടെ ദൗത്യം എന്താണെന്ന് ഖൂര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. ലിംഗസമത്വം എത്രമാത്രം പ്രായോഗികമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. സ്ത്രീക്കും പുരുഷനും വിത്യസ്തമായ കഴിവുകളാണുള്ളത്. സ്ത്രീയെ സംരക്ഷിക്കുകയെന്നത് പുരുഷന്റെ ഉത്തരവാദിത്തമാണ്.

രാഷ്ട്രീയ രംഗത്ത് ഇറങ്ങി പ്രവര്‍ത്തിക്കേണ്ടത് വിദ്യാസമ്പന്നകളും വിവേകമതികളുമായ സ്ത്രീകളാണ്. ഇന്ന് സ്വന്തം പേര് പോലും തെറ്റ് കൂടാതെ എഴുതാന്‍ പറ്റാത്തവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനപ്രതിനിധികളാകുന്നു. വിദ്യഭ്യാസം നേടി സ്ത്രീകള്‍ പുരോഗതിയാര്‍ജ്ജിക്കണം. സ്ത്രീകളുടെ സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് കാരണമായ സ്ത്രീധനം അടക്കമുള്ള ദുരാചാരങ്ങള്‍ തുടച്ചുമാറ്റാന്‍ നമുക്ക് കഴിയണം.
മുസ്ലിം വിരുദ്ധ വികാരം ഇളക്കിവിട്ട് ഇവിടെ ഫലം കൊയ്യാന്‍ കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്്. ഇന്ത്യയിലെ മുസ്‌ലിംള്‍ ഇന്നും പിന്നാക്കാവസ്ഥയില്‍ തന്നെയാണ്. ദേശീയതലത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ വളരെ ദയനീയമാണ്. യഥാര്‍ഥത്തില്‍ കേരളത്തില്‍ നിന്നും വെളിയില്‍ ഇറങ്ങിയാണ് ഓരോ പ്രസ്ഥാനവും അതിന്റെ പ്രവര്‍ത്തനം കാഴ്ചവെക്കേണ്ടത്. കയറി കിടക്കാന്‍ കൂരപോലുമില്ലാതെ പട്ടിണികിടക്കുന്ന അനേകായിരങ്ങള്‍ ഇന്ത്യയിലുണ്ട്. വിദ്യാഭ്യാസവും ഭക്ഷണവും അന്യമായ ധാരാളം കുട്ടികള്‍ ജോലി ചെയ്യുന്നതിനായി നമ്മുടെ നാട്ടിലെത്തുന്നതും ഈ പിന്നാക്കാവസ്ഥ ഒന്നുകൊണ്ട് മാത്രമാണ്. നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ ധാരളമുണ്ട്. അത് നടപ്പിലാക്കുന്നതിലാണ് പ്രശ്‌നം. നിരാലംബരായ സ്ത്രീകളെ സംരക്ഷിക്കാന്‍ നിയമത്തിന് കഴിയുന്നില്ല. പഴുതടച്ചുള്ള നിയമമല്ല ഇവിടെ നടപ്പാക്കുന്നത് എന്നതാണ് അതിനു കാരണം.

റൈഹാനത്ത് ടീച്ചര്‍

RAIHANATHസമൂഹത്തിന്റെ പകുതിയായ സ്ത്രീക്ക് സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവും മതപരവുമായ ഒരിടമുണ്ട്. പുരുഷകേന്ദ്രീക്യത സമൂഹം സ്ത്രീകളെ അത്തരം പൊതു ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണ്. കായികബലം കൊണ്ട് വിജയം നേടുന്ന കാഴ്ചയാണ് നാം കാണുന്നത്. ശക്തിയുള്ളവന്‍ അശക്തനെ തുടച്ചുമാറ്റുന്നു. ആദിപാപം മുതല്‍ ‘ന:സ്ത്രീ സ്വതന്ത്രമര്‍ഹതി’ തുടങ്ങിയ തത്വങ്ങള്‍ വരെ മതത്തില്‍ നിന്നുള്ള സ്ത്രീ വിരുദ്ധ കാഴ്ചപ്പാടാണ് പങ്കുവെയ്ക്കുന്നത്.
ആധുനിക കാലത്ത് സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത് നല്ല ലക്ഷണമാണ്. രാഷ്ട്രീയത്തിലും മറ്റും സ്ത്രീകള്‍ക്ക് കിട്ടുന്ന ഇടം പൂര്‍ണമായും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വനിതാ സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അവഹേളിക്കാന്‍ പോലും ചിലര്‍ തയാറായത് നാം കണ്ടു. ഇത്തരം സംഭവങ്ങള്‍ സ്ത്രീകളെ രാഷ്ട്രീയത്തില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ധാര്‍മികതയിലൂന്നിയ രാഷ്ട്രീയ സംസ്‌കാരം ഇവിടെ ഉണ്ടാകേണ്ടതുണ്ട്.
സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായ വിവാദം മലബാറലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. എംജി, കൊച്ചി സര്‍വകലാശാലകളിലൊക്കെ ധാരാളം വിഷയങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതൊന്നും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുമ്പോള്‍ ഫാറൂഖ് കോളജും, കാലിക്കറ്റ് സര്‍വകലാശാലയും പ്രത്യേക ഇടം പിടിക്കുന്നതിന് പിന്നില്‍ ഒരു തരം രാഷ്ട്രീയമുണ്ട്.

നഫീസത്തുല്‍ മിസ്‌രിയ

MIZഅടുത്തിടയായി ലിംഗസമത്വം, ലിംഗനീതി എന്നീ വാക്കുകള്‍ മലയാളികള്‍ കേട്ടുതുടങ്ങിയത് കോഴിക്കോട് ഫാറുഖ് കോളജിലെ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ്. ക്ലാസുകളില്‍ ഇടകലര്‍ന്നിരിക്കുന്നതിലെയും ഒരുമിച്ചിരിക്കുന്നതിലെയും ശരി തെറ്റുകള്‍ നിശ്ചയിക്കേണ്ടത് വ്യക്തികളെ പരിഗണിച്ചാവണം.
അതേസമയം ലിംഗനീതിയെ കുറിച്ചുള്ള സംവാദത്തെ ഒരു ക്ലാസില്‍ ഒരുമിച്ചിരിക്കാനുള്ള പ്രശ്‌നമായി ചുരുക്കിക്കാണരുത്. ഫാറൂഖ് കോളേജില്‍ ഉണ്ടായ സംഭവത്തിനു പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട്. ആണ്‍കുട്ടികള്‍ കൂടെയിരുന്നാലേ ലിംഗസമത്വം ഉണ്ടാകൂ എന്നു പറയുന്നത് ശരിയല്ല. ഒരുമിച്ചിരിക്കാനെന്നപോലെ അകന്നിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇത്തരം ചര്‍ച്ചകള്‍ യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടലാണ്.

മുംതാസ്
MUMTHAZപഞ്ചായത്തു തെരഞ്ഞെടുപ്പുകളില്‍ നിര്‍ബന്ധിതാവസ്ഥയില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കപ്പെട്ടുവെന്നത് ശരിയാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സ്ത്രീ വീട്ടിലിരുക്കുകയും ഭര്‍ത്താവ് ഭരണം നടത്തുകയും ചെയ്യുന്ന അവസ്ഥയാണ് പലയിടങ്ങളിലുമുള്ളത്. നിലവിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പുരുഷമേല്‍കൊയ്മയാണ് ഉള്ളതെന്നതില്‍ സംശയമില്ല. സ്ത്രീക്ക് സ്വതന്ത്യമായി തീരുമാനമെടുക്കാനുള്ള സാഹചര്യം ഒരിടത്തുമില്ല.
ഡിസിഷന്‍ മേക്കിംഗില്‍ സ്ത്രീയുടെ പങ്ക് എന്താണെന്നാണ് ഓരോ വനിതാ പ്രസ്ഥാനവും ശ്രദ്ധിക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളുട നിര്‍ണായകമായ തീരുമാനങ്ങളില്‍ സ്ത്രീകളുടെ ഇടം അംഗീകരിക്കപ്പെടേണ്ടതുണ്ട്.                  ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,197 times, 7 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക