|    Jan 20 Fri, 2017 1:30 pm
FLASH NEWS

സമുദ്രാതിര്‍ത്തി: ചൈനക്ക് തിരിച്ചടി; ചൈനയുടെ വാദം തള്ളി അന്താരാഷ്ട്ര ട്രൈബ്യൂണല്‍

Published : 13th July 2016 | Posted By: SMR

china

ഹേഗ്: തെക്കന്‍ ചൈനാക്കടലില്‍ ചൈന ഉന്നയിക്കുന്ന അവകാശവാദത്തിനെതിരേ ഫിലിപ്പീന്‍സ് സമര്‍പ്പിച്ച പരാതിയില്‍ ചൈനയ്‌ക്കെതിരേ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ ഉത്തരവ്. തെക്കന്‍ ചൈനാക്കടല്‍ ചൈനയുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന്ചരിത്രപരമായി തെളിവില്ലെന്ന് നെതര്‍ലന്‍ഡ്‌സിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഉത്തരവിട്ടു. 2013ലാണ് ചൈനയ്‌ക്കെതിരേ ഫിലിപ്പീന്‍സ് പരാതി സമര്‍പ്പിച്ചത്.
വിധി അംഗീകരിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് പറഞ്ഞു. വിധിപറയാന്‍ ട്രൈബ്യൂണലിന് അവകാശമില്ലെന്നു അഭിപ്രായപ്പെട്ട ചൈന 2000 വര്‍ഷമായി മേഖല തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് സ്ഥാപിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കുകയും ചെയ്തു.
1940കളിലെ ചൈനീസ് ഭൂപടപ്രകാരമാണ് ചൈനയുടെ വാദം. തെക്കന്‍ ചൈനാക്കടലിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അവകാശവാദമുന്നയിക്കുന്ന ചൈന മിക്ക അയല്‍രാജ്യങ്ങളുമായും തര്‍ക്കത്തിലാണ്. 497 പേജുള്ള ഉത്തരവില്‍ ഫിലിപ്പീന്‍സിന്റെ 15 ആവശ്യങ്ങളില്‍ ഏഴെണ്ണം ട്രൈബ്യൂണല്‍ ശരിവച്ചു. മേഖലയില്‍ ഫിലിപ്പീന്‍സില്‍നിന്നും ചൈനയില്‍നിന്നുമുള്ളവര്‍ക്ക് മല്‍സ്യബന്ധനം നടത്താന്‍ അവകാശമുണ്ട്. കൃത്രിമ ദ്വീപ് നിര്‍മിച്ചതിലൂടെ പരിസ്ഥിതിക്ക് ദോഷകരമായ പ്രവൃത്തികളാണ് ചൈന ചെയ്യുന്നത്. ഫിലിപ്പീന്‍സിന്റെ സമുദ്രാതിര്‍ത്തിയില്‍ ചൈന നടത്തിയത് അധിനിവേശമാണെന്നും ഉത്തരവില്‍ പറഞ്ഞു.
ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പേ തന്നെ വിമാനവാഹിനിക്കപ്പല്‍ അമേരിക്ക മേഖലയിലേക്കയച്ചു. ചൈനയിലെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ യുഎസ് സൈനിക പോരാട്ടത്തിന് തയ്യാറായിരിക്കുക എന്നു പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയുടെ നടപടി.
അതേസമയം, അനുകൂല വിധി പ്രതീക്ഷിച്ചിരുന്നതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമുദ്രസഞ്ചാരപാതകളിലൊന്നായ തെക്കന്‍ ചൈനാക്കടലിലൂടെ അഞ്ചുലക്ഷം കോടി ഡോളറിന്റെ വ്യാപാരമാണ് വര്‍ഷംതോറും നടക്കുന്നത്.
ചൈനാക്കടലിലെ തര്‍ക്കങ്ങള്‍
ശാന്തസമുദ്രത്തിന്റെ ഭാഗമായ തെക്കന്‍ ചൈനാക്കടലിലെ 90 ശതമാനത്തോളം ഭാഗങ്ങളിലും ചൈന അവകാശവാദമുന്നയിക്കുന്നതിനാല്‍ ഫിലിപ്പീന്‍സിനു പുറമേ ഇന്തോനീസ്യ, മലേസ്യ, വിയറ്റ്‌നാം, ബ്രൂണെ, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
സിംഗപ്പൂരും മലാക്കാ കടലിടുക്കും മുതല്‍ തായ്‌വാന്‍ കടലിടുക്ക് വരെ 35,00,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മേഖലയാണിത്. തിരക്കേറിയ കപ്പല്‍ഗതാഗതത്തിനു പുറമേ സമുദ്രാടിത്തട്ടിലെ വന്‍ പെട്രോളിയം നിക്ഷേപവും ചൈനയെ അവകാശവാദമുന്നയിക്കാന്‍ പ്രേരിപ്പിക്കുന്നു. സമുദ്രം തങ്ങളുടേതെന്നു സ്ഥാപിക്കുന്നതിന് ചൈന മുന്നോട്ടുവയ്ക്കുന്നത് 1940കളിലെ നയന്‍ ഡാഷ്‌ലൈന്‍ വ്യവസ്ഥയാണ്. തര്‍ക്കമേഖലയില്‍ ഏഴു ദ്വീപുകള്‍ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ചൈനയുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക