|    May 27 Sat, 2017 11:31 pm
FLASH NEWS

സമുദായ ഐക്യം നിലനിര്‍ത്തലാണ് പ്രധാനം

Published : 14th April 2016 | Posted By: SMR

മൗലവി മുഹമ്മദ് ഈസ

നിങ്ങളൊരുമിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോവരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍, നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ട് അതില്‍ നിന്നു നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു വിവരിച്ചുതരുന്നു. നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാന്‍ വേണ്ടി. (ആലു ഇംറാന്‍-103)
മുസ്‌ലിം ഏകതയുടെ അനിവാര്യതയിലേക്ക് ഉപര്യുക്ത വചനം സൂചന നല്‍കുന്നു. മുസ്‌ലിംകള്‍ ഒന്നിച്ചു നിന്നപ്പോഴൊന്നും അവരെ പരാജപ്പെടുത്താന്‍ ലോകത്തൊരു ശക്തിക്കും അവര്‍ എത്രതന്നെ പ്രബലരും ശക്തരുമായിരുന്നാല്‍ തന്നെയും കഴിഞ്ഞിട്ടില്ല. മുസ്‌ലിംകള്‍ എത്ര ദുര്‍ബലര്‍ ആയിരുന്നെങ്കില്‍ പോലും അവരെ പിടിച്ചുനിര്‍ത്താന്‍ വൈരികള്‍ക്കു സാധിച്ചിരുന്നില്ല. ഇസ്‌ലാമിന്റെ പ്രഥമ ധര്‍മ സമരം-ബദ്ര്‍-അതിലേക്കു വിരല്‍ ചൂണ്ടുന്നു. ബദ്‌റില്‍ പങ്കെടുത്ത പൗരാണിക മുസ്‌ലിംകള്‍ വിശപ്പടക്കാന്‍ വകയില്ലാത്തവരും കായികമായി ബലഹീനരും നിരായുധരും അങ്ങേയറ്റം ദുര്‍ബലരുമായിരുന്നു. എതിര്‍ കക്ഷികളോ അരോഗദൃഢഗാത്രരും കായികശക്തിയുള്ളവരും പയറ്റിത്തെളിഞ്ഞ പടയാളികളും മുസ്‌ലിംകളുടെ മൂന്നിരട്ടി വരുന്ന ജനസംഖ്യയുള്ളവരും ആയിരുന്നു. എന്നിട്ടും മുസ്‌ലിംകള്‍ ബദ്ര്‍ രണാങ്കണത്തില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. അതിന്റെ രഹസ്യം മുസ്‌ലിം പടയണിയുടെ അതിശക്തമായ വിശ്വാസവും ഐക്യവുമായിരുന്നു. അവരെ സംബന്ധിച്ചു സര്‍വശക്തന്‍ പാടിപ്പുകഴ്ത്തിയതിങ്ങനെയായിരുന്നു. ‘കല്ലുകള്‍ സുദൃഢമായി സംയോജിപ്പിച്ച ഒരു മതില്‍ പോലെ ആയിരുന്നു അവര്‍. (അധ്യായം 61-14)
കാലചക്രം തിരിഞ്ഞുകൊണ്ടിരുന്നു. ഐക്യതയും ഏകതയും നഷ്ടമാവാന്‍ തുടങ്ങിയപ്പോള്‍ മുസ്‌ലിംകള്‍ ക്ഷയിക്കാന്‍ തുടങ്ങി. യാത്രചെയ്തുവന്ന കപ്പലിനു തീക്കൊളുത്തി ശത്രുവിന്റെ വിരിമാറിലൂടെ കടന്നുചെന്ന വീരയോദ്ധാക്കളോട് അവരുടെ നായകന്‍ നിര്‍ദേശിച്ചു.
നോക്കൂ നാട്ടിലേക്കു സുരക്ഷിതരായി ചെല്ലാമെന്നുള്ള ഒരു മോഹവും വേണ്ട. യാത്ര ചെയ്ത കപ്പലിനെ ചുട്ടുകരിച്ചുകളഞ്ഞു. ശത്രുരാജ്യത്തിന്റെ വിഹായസ്സിലാണു നിങ്ങള്‍. സ്രഷ്ടാവിന്റെ നാമത്തില്‍ ഈ ശത്രുവിനോട് ഐക്യമത്യത്തോടെ സമരം ചെയ്യുക. അല്ലാഹുവിന്റെ സഹായം നിങ്ങള്‍ക്കു ലഭിക്കും- തീര്‍ച്ച.
നേതാവിന്റെ ആഹ്വാനം ശിരസ്സാവഹിച്ച ആ വീരയോദ്ധാക്കള്‍ അമീറിന്റെ കീഴില്‍ ഒറ്റക്കെട്ടായി അണിനിരന്നു സമരം ചെയ്തപ്പോള്‍ വിജയകാഹളം മുഴക്കാനും ആ നാടിനെ ഇസ്‌ലാമിക ഭരണ വ്യവസ്ഥയില്‍ കൊണ്ടുവരാനും സാധിച്ചു. അവിടെ ഇസ്‌ലാമിക ഭരണം തുടര്‍ന്നു. അംബരചുംബികളായ മസ്ജിദുകള്‍ തലയുയര്‍ത്താന്‍ തുടങ്ങി. ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം യൂനിവേഴ്‌സിറ്റി അവിടെ സ്ഥാപിതമായി. വര്‍ഷങ്ങള്‍ക്കു ശേഷം വിശ്വാസം നഷ്ടമായിത്തുടങ്ങി. മുസ്‌ലിംകള്‍ അന്യേന്യം കലഹിച്ചു. ഏകത നഷ്ടമായി. മുസ്‌ലിംകള്‍ അവിടെ നിന്ന് ഉന്‍മൂലനം ചെയ്യപ്പെട്ടു. യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള അവരുടെ സമ്പാദ്യം നഷ്ടമായി. അവര്‍ അവിടെ നിന്നു തൂത്തെറിയപ്പെട്ടു. ആ നാടാണ് സ്‌പെയിന്‍. അവിടെ സ്ഥിതിചെയ്തിരുന്ന മഹത്തായ സ്ഥാപനം ഖുര്‍ത്വുബാ യൂനിവേഴ്‌സിറ്റിയില്‍ നിന്നു ഗ്രന്ഥങ്ങള്‍ യൂറോപ്യന്‍മാര്‍ അവരുടെ നാടുകളിലേക്കു കട്ടുകടത്തുകയും ബാക്കിയുള്ളവ കത്തിക്കുകയും ചെയ്തു. ചുട്ടെരിക്കപ്പെട്ടവയുടെ ചാരം കടലില്‍ തള്ളിയപ്പോള്‍ കടല്‍ജലം കുറെ നാളുകള്‍ കറുപ്പു നിറമായി മാറിയെന്നു ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകത നഷ്ടമായതിന്റെ പേരില്‍ മുസ്‌ലിം രാഷ്ട്രങ്ങളിലേയും മറ്റു നാടുകളിലേയും മുസ്‌ലിംകള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയ്ക്കും ദുരിതങ്ങള്‍ക്കും കണക്കില്ല.
ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയും പരിതാപകരമായ നിലയിലാണ്. ഒറ്റക്കെട്ടായി നീങ്ങേണ്ട നേതാക്കളും അവര്‍ക്കു നേതൃത്വം നല്‍കേണ്ട മതപണ്ഡിതന്മാരും സ്വാര്‍ഥമതികളും സ്ഥാനമോഹികളും ആയി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം. മുസ്‌ലിം സമൂഹവും അവരുടെ സംഘടനകളും സാമുദായിക ഐക്യം കെട്ടിപ്പടുക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പതിപ്പിക്കേണ്ട സന്ദര്‍ഭമാണിന്ന്. ചില്ലറ ഭൗതിക നേട്ടങ്ങള്‍ക്കായി സമൂഹ വൈരികളുടെ മുമ്പില്‍ ഓച്ചാനിച്ചു നില്‍ക്കുന്ന ഗതികേട് ചില സമുദായ നേതാക്കള്‍ക്കു വന്നു ഭവിച്ചു. നിരപരാധികളുടെ ജീവന്‍ കൊണ്ടു പന്താടിയ നിഷ്ഠൂരന്മാര്‍ക്കു പിന്തുണ നല്‍കുകയും മാതാക്കളുടെ ഉദരത്തില്‍ സ്ഥിതി ചെയ്തിരുന്ന ഭ്രൂണങ്ങളെ ശൂലത്തില്‍ കുത്തി നിര്‍ത്തി നൃത്തം ചെയ്ത കാപാലിക സംഘങ്ങള്‍ക്കു സംരക്ഷണവും നിയമസഹായവും നല്‍കിയ അധികാരവര്‍ഗങ്ങളെ സമീപിക്കുകയും അവര്‍ക്ക് ഓശാന പാടുകയും ചെയ്യുന്ന കാവി മൗലാനമാരെ നമുക്ക് ഇന്ന് ദര്‍ശിക്കാന്‍ സാധിക്കും. അല്ലാഹു കാക്കട്ടെ! അത്തരക്കാര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും അവരോടൊപ്പം വേദി പങ്കിടുകയും ചെയ്യുന്ന മൗലാനാ വേഷക്കാരെ സംബന്ധിച്ച് ആലോചിക്കുമ്പോള്‍ യഥാര്‍ഥ പണ്ഡിതന്മാര്‍ ലജ്ജിച്ചു തലതാഴ്ത്തും. സംശയമില്ല.
സമുദായത്തിന്റെ ഏകതയ്ക്കു ഭംഗം വരുത്തുന്നവരെ സമൂഹം തിരിച്ചറിയണം. അവരുടെയും ജുഗുപ്‌സാപരമായ പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പിക്കണം. സമുദായ ഏകതയെ തുരങ്കം വയ്ക്കുന്ന കാവി മൗലാനമാരെ ജനം തിരിച്ചറിയണം. ഇല്ലെങ്കില്‍ നാളെ ഖേദിക്കേണ്ടി വരും.
സാമുദായിക ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും ഒറ്റക്കെട്ടായി സമൂഹത്തെ നയിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുമായി ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കേരള ഘടകം ദക്ഷിണ കേരളത്തിലും ഉത്തര കേരളത്തിലും രണ്ടു സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നു. ‘മുസ്‌ലിംകളെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്’ എന്ന പ്രമേയത്തില്‍ ഏപ്രില്‍ 15ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട് കൊല്ലം അയത്തിലും 17ാം തിയ്യതി ഞായറാഴ്ച മലപ്പുറം കൂട്ടിലങ്ങാടിയിലും ഏകതാ ക്യാംപുകള്‍ നടത്തുകയാണ്.

(ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍.)

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day