|    Jan 22 Sun, 2017 3:50 pm
FLASH NEWS

സമുദായധ്രുവീകരണം വോട്ടെടുപ്പില്‍

Published : 14th November 2015 | Posted By: SMR

കെ പി വിജയകുമാര്‍

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിധി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ഐക്യ ജനാധിപത്യ മുന്നണിക്കാകട്ടെ നിരാശയും അങ്കലാപ്പുമാണ്. തുടര്‍ഭരണത്തിനുള്ള സാധ്യത ഇല്ലാതാവുന്നുവെന്ന തോന്നല്‍ യുഡിഎഫ് അണികളില്‍ വ്യാപകമായിട്ടുണ്ട്. ബിജെപിക്കാണെങ്കില്‍ അമിതമായ ആഹ്ലാദവും പ്രതീക്ഷയുമാണുള്ളത്.
കേരള രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ കാറ്റ് വ്യക്തമാക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പു വിധി. ഭാവികേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിശ്ചയിക്കുന്നതില്‍ ഈ വിധി നിര്‍ണായകമായ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനു ലഭിച്ച തിളക്കമാര്‍ന്ന വിജയം എല്‍ഡിഎഫിന്റെ ആത്മവീര്യം നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പൊതുവായി എല്‍ഡിഎഫ് ഉജ്വലമായ വിജയം കൈവരിച്ചതോടെ സിപിഎമ്മില്‍ ഐക്യം പുനഃസ്ഥാപിച്ചുവെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. കേന്ദ്രതലത്തിലും താഴേക്കിടയിലും പാര്‍ട്ടിയില്‍ ഒരുമയുണ്ടാക്കാന്‍ കഴിഞ്ഞുവെന്നു പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും സംഘടനാപരമായ കരുത്ത് പ്രതിയോഗികളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നുവെന്നതാണ് ഈ തിരഞ്ഞെടുപ്പുവിധിയിലൂടെ കാണുന്നത്. ഐക്യ ജനാധിപത്യ മുന്നണി ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണിത്. 2010ലെ അതേ വിജയം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നു. അരുവിക്കര വിജയത്തോടെ ആത്മവിശ്വാസം കത്തിപ്പടര്‍ന്ന യുഡിഎഫ് ഇപ്പോള്‍ വിധിയില്‍ പകച്ചുനില്‍ക്കുകയാണ്. കേരളത്തില്‍ സംഘടനാപരമായി യുഡിഎഫിന്റെ അടിത്തറ തകരുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ വിധി. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് വിവിധ ഗ്രൂപ്പുകള്‍ ചേര്‍ന്ന വെറുമൊരു ആള്‍ക്കൂട്ടമാണെന്നു തിരഞ്ഞെടുപ്പിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു.
അതേസമയം, പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള മുന്നേറ്റമാണ് ബിജെപി കാഴ്ചവച്ചത്. ആര്‍എസ്എസിന്റെ നിരന്തര ഇടപെടലുകള്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ എല്‍ഡിഎഫും ബിജെപിയും യുഡിഎഫിനേക്കാള്‍ എത്രയോ മുന്നിലായിരുന്നു. ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ഇവര്‍ മേല്‍ക്കൈ നേടി. എന്നാല്‍, തിരഞ്ഞെടുപ്പിനു മുമ്പും തിരഞ്ഞെടുപ്പുവേളയിലും ഇക്കാര്യത്തില്‍ യുഡിഎഫ് പിറകോട്ടു പോയി.
പ്രാദേശികമായ ജനകീയ പ്രശ്‌നങ്ങളും വാര്‍ഡുകളുടെ വികസനങ്ങളും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പതിവുപോലെ ചര്‍ച്ചാവിഷയമായി. സംസ്ഥാനത്തെ ഭരണനേട്ടങ്ങളും കോട്ടങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. ബാര്‍ കോഴ അഴിമതി ഉള്‍പ്പെടെ അഴിമതികള്‍ സംസാരവിഷയമായിട്ടുണ്ട്. എന്നാല്‍, ഇതിനെല്ലാം അപ്പുറം സാമുദായികമായ ചേരിതിരിവുകള്‍ ഈ തിരഞ്ഞെടുപ്പു വിധിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒരു വലിയ പരിധി വരെ രാഷ്ട്രീയ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു. രാഷ്ട്രീയമായ ആശയസംവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുകയും ചെയ്തിരുന്നു.
എന്നാല്‍, തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ജനങ്ങള്‍ വോട്ട് ചെയ്തു മുന്നണികളെ ജയിപ്പിച്ചുവെന്നു പറയാന്‍ നിവൃത്തിയില്ല. രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും വിസ്മരിച്ചു സാമുദായികാടിസ്ഥാനത്തില്‍ വലിയൊരു വിഭാഗം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കാണാന്‍ കഴിയും. രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കുള്ളില്‍ അടിയൊഴുക്കുകളുണ്ടായി. പല ഭാഗങ്ങളിലും സാമുദായിക ധ്രുവീകരണം നടന്നു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ചേരിതിരിക്കാന്‍ തല്‍പരകക്ഷികള്‍ കരുക്കള്‍ നീക്കി. രാഷ്ട്രീയകക്ഷികളും നേതാക്കളും മതങ്ങളിലും മതസംഘടനകളിലും സാമുദായിക നേതാക്കളിലും സമര്‍ഥമായി ഇടപെടുന്നത് തിരഞ്ഞെടുപ്പുസമയത്ത് പുറംലോകം അറിയാതെപോയി. മുഖ്യധാരാ പത്രങ്ങളും ചാനലുകളും രാഷ്ട്രീയ നിരീക്ഷകരും ചേരിതിരിവ് കണ്ടില്ല. കണ്ടവരാകട്ടെ കണ്ണടച്ചു.
ഭാവികേരളത്തിന് ആപല്‍ക്കരമായ സ്ഥിതി ഉണ്ടാകുന്നവിധം സാമുദായിക ധ്രുവീകരണം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ നടന്നതായി ഫലം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടും. ബീഫ് പ്രശ്‌നവും മറ്റും വിഷയമാക്കി ഇടതുപക്ഷകക്ഷികളും ഹിന്ദുവികാരം ഇളക്കിവിട്ട് ബിജെപിയുമാണ് സാമുദായിക ധ്രുവീകരണത്തിനു തിരികൊളുത്തിവിട്ടത്.
കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ബിജെപിയുടെ ഭരണവും അവരുടെ ഹിന്ദുത്വ തീവ്രവാദ അജണ്ടയും മുസ്‌ലിംകള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സമര്‍ഥമായി ഇതു മുതലെടുക്കുകയായിരുന്നു. ഇടതുപക്ഷത്തിന്റെ മതേതര കാഴ്ചപ്പാട് പൊട്ടിത്തകരുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പിലൂടെ കണ്ടത്. എങ്ങനെയെങ്കിലും സീറ്റും വോട്ടും നേടുകയെന്ന മിനിമം അജണ്ട മാത്രമാണ് ഇടതുപക്ഷത്തിനു നേതൃത്വം കൊടുക്കുന്ന സിപിഎമ്മിനെ നയിച്ചത്.
എസ്എന്‍ഡിപി പോലുള്ള സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് ഹിന്ദുവികാരം ആളിക്കത്തിച്ച് വോട്ടുവേട്ട നടത്തി വിജയിക്കുകയാണ് ബിജെപി ചെയ്തത്. സന്നാഹങ്ങള്‍ക്കും പണത്തിനും അവര്‍ക്ക് യാതൊരു ക്ഷാമവും ഉണ്ടായിട്ടില്ല. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ വര്‍ഗീയ കാര്‍ഡ് കളിയുടെ പൂര്‍ണമായ ചിത്രം വ്യക്തമാകണമെങ്കില്‍ ഓരോ പ്രദേശത്തെയും വോട്ടുനില ആഴത്തില്‍ പരിശോധിക്കേണ്ടിവരും. സാമുദായിക ചേരിതിരിവ് ഒരിക്കലും സംഭവിക്കാത്ത മേഖലകളില്‍ പോലും ഇത്തവണ വ്യാപകമായി അതുണ്ടായെന്നത് ആശങ്കയുളവാക്കുന്നതാണ്.
മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട് കോര്‍പറേഷനിലെ തിരഞ്ഞെടുപ്പു ഫലം സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഏതാണ്ട് ചിത്രം മനസ്സിലാവും. സാമൂതിരി രാജാക്കന്മാരുടെ കാലഘട്ടം മുതല്‍ സത്യത്തിനും നന്മയ്ക്കും പേരുകേട്ട സ്ഥലമാണ് കോഴിക്കോട് പട്ടണം. സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനതയാണ് ഇവിടെയുള്ളത്. രാഷ്ട്രീയത്തിനു മുകളില്‍ സാമുദായിക വികാരത്തിനു കടന്നുവരാന്‍ ഒരു ഘട്ടത്തിലും ഇവിടെ സാധിച്ചിരുന്നില്ല. അധികാരത്തില്‍ കണ്ണുവച്ചുള്ള സ്ഥാപിതതാല്‍പര്യക്കാരുടെ അവസരവാദപരമായ രഹസ്യ കൂട്ടുകെട്ടുകളും പ്രചാരണ കോലാഹലങ്ങളും സ്വകാര്യമായ ഇടപെടലുകളും കോഴിക്കോട് നഗരത്തിന്റെ പാരമ്പര്യവും രാഷ്ട്രീയ മൂല്യങ്ങളും പാടെ തകര്‍ത്തെറിഞ്ഞു.
40 വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോട് കോര്‍പറേഷന്‍ ഇത്തവണ കൈവിട്ടുപോകുമെന്ന പ്രതീതി നിലനിന്നിരുന്നു. അഴിമതിയും അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സിപിഎമ്മിന്റെ സെല്‍ഭരണവും ജനങ്ങളില്‍ മടുപ്പുണ്ടാക്കിയിരുന്നു. ഇതൊക്കെ മുന്‍കൂട്ടിക്കണ്ട് സിപിഎം അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടവരെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തി. സ്ഥാനാര്‍ഥികളില്‍ കേസില്‍ അകപ്പെട്ടവര്‍ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ സിപിഎം നേതാക്കള്‍ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ലീഗിനു നിര്‍ണായക സ്വാധീനമുള്ള മന്ത്രി എം കെ മുനീര്‍ പ്രതിനിധാനം ചെയ്ത കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ 24 വാര്‍ഡുകളില്‍ 13 വാര്‍ഡുകളിലും എല്‍ഡിഎഫിനാണ് ജയം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ യുഡിഎഫിന് ഇതു കനത്ത ആഘാതമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം കെ മുനീറിനു ലഭിച്ച വോട്ടില്‍ ആയിരം വോട്ടിന്റെ കുറവാണ് ഉണ്ടായത്. പാരമ്പര്യമായി ലീഗിനും യുഡിഎഫിനും വോട്ട് ചെയ്തിരുന്ന മുസ്‌ലിം ജനസാമാന്യം ഇത്തവണ ചുറ്റിക അരിവാള്‍ നക്ഷത്ര ചിഹ്നത്തില്‍ ആകൃഷ്ടരായി. ഇതിനു പിന്നില്‍ ഇടതുപക്ഷത്തിന്റെ വിശിഷ്യാ സിപിഎമ്മിന്റെ കരുനീക്കങ്ങള്‍ നടന്നിട്ടുണ്ട്. കോര്‍പറേഷനിലെ മുസ്‌ലിം കേന്ദ്രങ്ങളിലെല്ലാം പൊതുവില്‍ ഇതാണ് സ്ഥിതി.
ഹിന്ദു വര്‍ഗീയ കാര്‍ഡ് പയറ്റി ബിജെപിയാണ് വന്‍ നേട്ടം കൊയ്തത്. കഴിഞ്ഞ തവണ വട്ടപ്പൂജ്യമായിരുന്ന അവര്‍ക്ക് നഗരസഭയില്‍ ആദ്യമായി ഏഴു സീറ്റ് ലഭിച്ചു. ഏഴു സീറ്റില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബിജെപിയുടെ സംഘടനാ സ്വാധീനത്തേക്കാള്‍ എത്രയോ ഇരട്ടി വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചത്. മൂന്നു സീറ്റ് എല്‍ഡിഎഫില്‍ നിന്നും നാലു സീറ്റ് യുഡിഎഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. ഇടതുപക്ഷത്തിനു ശക്തമായ അടിവേരുള്ള ബേപ്പൂര്‍ നിയോജകമണ്ഡലത്തിലാണ് മൂന്നു സീറ്റ് ബിജെപി നേടിയത്. കഴിഞ്ഞ തവണ ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് എളമരം കരീം കോണ്‍ഗ്രസ്സിലെ ആദം മുല്‍സിയെ തോല്‍പിച്ചത് അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. തദ്ദേശ തിരഞ്ഞെടുപ്പുഫലമനുസരിച്ച് എല്‍ഡിഎഫ്, യുഡിഎഫിനേക്കാള്‍ 2000 വോട്ടിനു പിറകിലായി.
സാമുദായിക ധ്രുവീകരണ കളികളില്‍ ക്ഷീണം സംഭവിച്ചത് യുഡിഎഫിനും പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനുമാണ്. കോണ്‍ഗ്രസ്സോ യുഡിഎഫിലെ ഏതെങ്കിലും കക്ഷികളോ ബിജെപിക്കോ എല്‍ഡിഎഫിനോ ബോധപൂര്‍വം നല്‍കിയ വോട്ടുകളല്ല ഇതെല്ലാം. അങ്ങനെ ഒരു രഹസ്യ അജണ്ടയോ കൂട്ടുകെട്ടോ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, വോട്ടുകള്‍ സാമുദായികാടിസ്ഥാനത്തില്‍ മാറിയെന്നതാണ് വസ്തുത. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക