|    Dec 16 Sat, 2017 9:11 am
Home   >  Todays Paper  >  page 12  >  

സമീറിന്റെ കൊലപാതകം; മലയാളികള്‍ ഉള്‍പ്പെടെ പിടിയില്‍

Published : 27th July 2016 | Posted By: SMR

കെ പി എ അലി

ദമ്മാം: കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി വേളാട്ടുകുഴിയില്‍ ചുള്ളിയാട്ട് വീട്ടില്‍ സമീറിനെ (35) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മലയാളികളുള്‍പ്പെട്ട സംഘം പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി നൈസാം സാദിഖ് (25), മംഗലാപുരം കൂലൂര്‍ സ്വദേശി അജ്മല്‍ ഹമീദ് (25) എന്നിവര്‍ക്കു പുറമെ നാലു സ്വദേശികളും പോലിസിന്റെ പിടിയിലായിട്ടുണ്ട്.
സംഭവത്തില്‍ രണ്ടു മലയാളികളെ കൂടി പിടികൂടാനുണ്ട്. ഹവാല ഇടപാടുകാര്‍, അനധികൃത കച്ചവടക്കാര്‍, മദ്യക്കച്ചവടക്കാര്‍, ബിനാമി ബിസിനസ്സുകാര്‍ തുടങ്ങിയവരെ കൊള്ളചെയ്യുന്നവരാണ് പിടിയിലായവര്‍. മലയാളികളടക്കമുള്ള സംഘത്തിലെ വിദേശികള്‍ ഇരകളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് കൃത്യനിര്‍വഹണത്തിനായി സ്വദേശികളായ ചിലര്‍ക്ക് കൈമാറുകയാണു പതിവ്.
അനധികൃത പണമായതിനാല്‍ കൊള്ളയടിക്കപ്പെടുന്നവര്‍ അധികവും പോലിസില്‍ പരാതിപ്പെടാറില്ല. പദ്ധതി ആസൂത്രണം ചെയ്താല്‍ ഇരകളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോവും. അല്ലെങ്കില്‍ അവരുടെ മുറികളിലേക്ക് ഇരച്ചുകയറി അടിവസ്ത്രമടക്കം അഴിച്ചുമാറ്റി പരിശോധന നടത്തി പണം  കൊള്ളചെയ്തു രക്ഷപ്പെടുകയാണ് സംഘത്തിന്റെ രീതി. എതിര്‍ക്കുന്നവര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു വിധേയമാവും.
തട്ടിക്കൊണ്ടുപോയ ശേഷം പണം കണ്ടെത്തുന്നതിനായി മര്‍ദ്ദിക്കുന്നതിനിടെയാണ് സമീര്‍ മരിച്ചത്. ജുബൈലില്‍ തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുമ്പോള്‍ നൈസാമും സാദിഖും കെട്ടിടത്തിനു വെളിയില്‍ നില്‍പുണ്ടായിരുന്നു. ഇടയ്ക്ക് സമീറിന്റെ സുഹൃത്തിനെ വിളിച്ച് പണം വരുത്തുന്നതിനും ശ്രമം നടത്തി. മൃതദേഹം പിന്നീട് ജുബൈല്‍ സനാഇയ്യയില്‍ ഉപേക്ഷിക്കുകയായിരുന്നു. ജുബൈല്‍ പോലിസിലെ ക്രിമിനല്‍ കേസ് മേധാവി മേജര്‍ തുര്‍ക്കി നാസര്‍ അല്‍ മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ ആഴ്ചകള്‍ക്കകം  വലയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക