|    Jun 19 Tue, 2018 6:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നില്ല: സ്പീക്കര്‍

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭാ സമിതികള്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ടുകളില്‍ സഭയ്ക്കുള്ളില്‍ ചര്‍ച്ചനടത്തുന്ന രീതിക്ക് ഈ സഭാസമ്മേളനത്തില്‍ തുടക്കമാവും. നിയമസഭാ നടപടിക്രമം സംബന്ധിച്ച ചട്ടം 205 (ബി) പ്രകാരം സമിതി റിപോര്‍ട്ടുകള്‍ സഭയില്‍ ചര്‍ച്ചചെയ്യുന്നത് അനിവാര്യമാണ്. എന്നാല്‍, ഇതിപ്പോള്‍ നടക്കുന്നില്ല. നിയമസഭാ സമിതികളുടെ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ പലതും സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഇത്തവണ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ശേഷം ഒന്നോ രണ്ടോ ദിവസം റിപോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. വിവിധ നിയമസഭാ സമിതികള്‍ സമഗ്രമായ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സഭയില്‍ സമര്‍പ്പിക്കപ്പെടുന്ന ഒട്ടുമിക്ക റിപോര്‍ട്ടുകളിന്‍മേലും തുടര്‍നടപടികള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനപ്പെട്ട റിപോര്‍ട്ടുകള്‍ സഭയില്‍ ചര്‍ച്ചചെയ്യുന്നതിന് അവസരമൊരുക്കുന്നത്. റിപോര്‍ട്ടുകളുടെ കണ്ടെത്തലുകള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാട് സഭയില്‍ വ്യക്തമാക്കാനും ഇതുവഴി അവസരം ലഭിക്കും. ഇതുകൂടാതെ ചട്ടം 58 പ്രകാരം പൊതുപ്രാധാന്യമുള്ള വിഷയങ്ങളും സഭയില്‍ ചര്‍ച്ചചെയ്യാന്‍ പരമാവധി അവസരം സൃഷ്ടിക്കും.
ഒന്നാം കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒന്നാം നിയമസഭ പാസാക്കിയ നിയമങ്ങള്‍ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച സംവാദങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കും. നിയമസഭയിലെ പ്രധാന വിഷയങ്ങളിലെ ചര്‍ച്ചകള്‍ ലോക്‌സഭാ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതിനു ധാരണയായതായി സ്പീക്കര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ലോക്‌സഭാ സ്പീക്കറുമായി ചര്‍ച്ച നടത്തി.
ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ കേരളത്തിന്റെ നിലപാട് രാജ്യത്തെയാകെ അറിയിക്കാന്‍ ഇതു സഹായകമാവും. നിയമസഭാ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കുന്നതിന് ആലോചിക്കുന്നുണ്ട്. നിലവില്‍ ചോദ്യങ്ങള്‍ ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കാനുള്ള സംവിധാനം 10ല്‍ താഴെ നിയമസഭാ സാമാജികരാണ് ഉപയോഗിക്കുന്നത്. ആദ്യം കൂടുതല്‍ പേരെ ഈ സംവിധാനത്തിലേക്കു കൊണ്ടുവരികയാണു ലക്ഷ്യം. നിയമസഭ പാസാക്കിയ നിയമങ്ങളെക്കുറിച്ചും ഇനി പാസാക്കാനുള്ള നിയമങ്ങളെക്കുറിച്ചും പ്രഭാഷണപരമ്പര സംഘടിപ്പിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമുയരണമെന്നുതന്നെയാണു തന്റെ അഭിപ്രായം. പക്ഷേ, അത് സഭാനടപടികള്‍ തടസ്സപ്പെടുത്തിക്കൊണ്ടാവരുത്. കര്‍ക്കശക്കാരനായ സ്പീക്കറാണു താനെന്നു പ്രതിപക്ഷത്തിനുപോലും അഭിപ്രായമില്ല. എന്നാല്‍, ചട്ടങ്ങളില്‍ ഉറച്ചുനിന്നിട്ടുണ്ട്.
സഭാനടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു കഴിഞ്ഞ സമ്മേളനത്തില്‍ കൊണ്ടുവന്ന സമയനിയന്ത്രണം ഇത്തവണയും തുടരും. നിയമസഭാ നടപടിക്രമങ്ങളില്‍ പൊതുജനങ്ങളെക്കൂടി പങ്കാളിയാക്കുന്ന തരത്തില്‍ സുതാര്യത കൊണ്ടുവരാന്‍ നടപടിയെടുക്കും. ഇതിന്റെ ഭാഗമായി നിയമസഭാ പാര്‍ലമെന്ററി പഠനവിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. സ്‌കൂള്‍ കുട്ടികള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യം പരിചയപ്പെടുത്തുന്നതിനു വിപുലമായ പദ്ധതി നടപ്പാക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss